ഇനി സ്‌കൂള്‍ തിരഞ്ഞെടുപ്പും ഹൈടെക്ക്; വോട്ടിംഗ് മെഷിന്‍ തയ്യാറാക്കി കൈറ്റ്

Posted on: July 12, 2019 6:44 pm | Last updated: July 12, 2019 at 6:45 pm

മലപ്പുറം: സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ണമായും ഹൈടെക് ആക്കുന്നതിന് ശ്രദ്ധേയമായ രീതിയില്‍ ഇടപ്പെടുന്ന കൈറ്റ് ഇനി ജില്ലയിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പും ഹൈടെക് ആക്കുന്നു. ഇതിനായി മലപ്പുറം കൈറ്റിന്റെ നേത്യത്വത്തില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള വോട്ടിംഗ് മെഷീന്‍ തയ്യാറായി.

നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിക്കുന്നതിന് സമാനമായ സാഹചര്യം കുട്ടികള്‍ക്ക് ബോധ്യപ്പെടുന്ന രീതിയിലാണ് വോട്ടിംഗ് മെഷീനുകള്‍ തയ്യാറാക്കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പുകളിലേതുപോലെ കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റു ഉള്‍പ്പെടുന്നതാണ് വോട്ടിംഗ് യന്ത്രം.

ഇതിനായി ലാപ് ടോപ്പും, മൊബൈലും യഥാക്രമം കണ്‍ട്രോള്‍ യൂനിറ്റും ബാലറ്റ് യൂനിറ്റുമായി ഉപയോഗിക്കുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്ക് സ്വന്തം വോട്ട് രേഖപ്പെടുത്തിവോട്ടിംഗ് മെഷിന്‍ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കൈറ്റിനു വേണ്ടി മാസ്റ്റര്‍ ട്രെയിനര്‍മാരായ ഷാജി. സി കെ, അബ്ദുല്‍ ഹക്കീം. സി പി എന്നിവര്‍ ചേര്‍ന്നാണ് വോട്ടിംഗ് മെഷീന്‍ ഫോര്‍ സ്‌കൂള്‍സ്’ സോഫ്‌റ്റ് വെയര്‍ തയ്യാറാക്കിയത്.

സ്‌കൂളുകള്‍ക്ക് നല്‍കിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 18.04 ല്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഉബണ്ടുവുള്ള കമ്പ്യൂട്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ബാലറ്റ് യൂനിറ്റുമായി പ്രവര്‍ത്തിക്കും.