രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്ന് കേന്ദ്ര മന്ത്രി ലോക്‌സഭയില്‍

Posted on: July 9, 2019 7:30 pm | Last updated: July 10, 2019 at 10:52 am

ന്യൂഡല്‍ഹി:നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായിരിക്കെ രാജു നാരായണസ്വാമി ക്രമക്കേട് നടത്തിയെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍.ഉത്തരവാദിത്തമില്ലായ്മയും ക്രമക്കേടും കാരണമാണ് നാരായണസ്വാമിയെ പദവിയില്‍ നിന്നു മാറ്റുകയും മാതൃ കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തതെന്ന് ലാക്‌സഭയില്‍ ആന്റോ ആന്റണി എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് രാജു നാരായണസ്വാമിയെ നാളികേര വികസന ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിച്ചത്.

കാലാവധി തീരും മുന്‍പ് നാളികേര വികസന ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ രാജു നാരായണസ്വാമി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കിയിരുന്നു. പത്ത് വര്‍ഷം സര്‍വീസ് കാലാവധി ബാക്കിയിരിക്കെ രാജു നാരായണ സ്വാമിയെ നിര്‍ബന്ധിത് പിരിച്ചുവിടലിനും ശിപാര്‍ശ ചെയ്തിരുന്നു. ഇത് വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഫയല്‍ മടക്കുകയായിരുന്നു.
നാളികേര വികസന ബോര്‍ഡിലെ അഴിമതിക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ തിരിഞ്ഞതെന്നു നാരായണസ്വാമി പറഞ്ഞിരുന്നു.