പാവപ്പെട്ടവരുടെ ഭവന സ്വപ്‌നം

Posted on: July 9, 2019 11:43 am | Last updated: July 9, 2019 at 11:43 am

മോദി സര്‍ക്കാറിന്റെ ആകര്‍ഷണീയമായ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ഭവന്‍ പദ്ധതി. സ്വന്തമായി വീടില്ലാതെ വാടക വീടുകളിലും ചേരി പ്രദേശങ്ങളിലെ തമ്പുകളിലും മറ്റുമായി ജീവിക്കുന്ന കോടിക്കണക്കിനു കുടുംബങ്ങളുണ്ട് രാജ്യത്ത്. സ്വന്തമായി ഒരു വീടെന്ന അവരുടെ സ്വപ്‌നം പൂവണിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 2022ഓടെ ശുചിത്വമുള്ള അടുക്കളയും പരിസരവുമുള്ള 1.95 കോടി വീടുകള്‍ ഉറപ്പാക്കുമെന്നാണ് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ വാഗ്ദാനം. ഭവന വായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതി വ്യവസ്ഥ ചെയ്യുന്നത്. വീടില്ലാത്ത ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 1996ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ ചുവടു പിടിച്ച് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ തുടര്‍ച്ചയാണിത്.

ഭക്ഷണവും ജലവും കഴിഞ്ഞാല്‍ മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളില്‍ ഏറ്റവും മുഖ്യമായതാണ് താമസിക്കാന്‍ സ്വന്തമായൊരു ഭവനം. ഇതിന് സാഹചര്യമൊരുക്കി കൊടുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. തലചായ്ക്കാനൊരു തണല്‍ പോലുമില്ലാതെ അലയുന്ന കോടികള്‍ അധിവസിക്കുന്ന നാടാണ് നമ്മുടേത്. വളര്‍ന്നു കൊണ്ടിരിക്കുന്ന ജനസംഖ്യയില്‍ ഇപ്പോഴും നല്ലൊരു വിഭാഗം സ്വന്തമായൊരു വീട് വെക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന നഗരവത്കരണവും ഭവന രഹിതരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. നഗരങ്ങളിലാണ് ഭവന രഹിതര്‍ കൂടുതല്‍.

നാടിന്റെ വികസന കുതിപ്പില്‍ ഗ്രാമങ്ങള്‍ പട്ടണങ്ങളായി മാറുന്നതിനിടെ അടിക്കടിയുണ്ടാകുന്ന കുടിയിറക്കലുകളും പൊളിച്ചു മാറ്റലുകളും കാരണം നഗരങ്ങളിലെ പിന്നാമ്പുറങ്ങളില്‍ നരകജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടവരാണിവര്‍. ചേരികളില്‍ അധിവസിക്കുന്ന ഇവരില്‍ നല്ലൊരു വിഭാഗത്തിനും തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാത്തതിനാല്‍ സര്‍ക്കാറുകള്‍ വല്ലപ്പോഴും വെച്ചു നീട്ടുന്ന സഹായങ്ങള്‍ സ്വീകരിക്കാന്‍ ഇവരെ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. സൈനിക ശക്തിയിലും സാമ്പത്തിക ഭദ്രതയിലും ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ഇന്ത്യ എന്നവകാശപ്പെടുന്നവര്‍ ചേരി പ്രദേശങ്ങളുടെയും വീടില്ലാത്ത ദരിദ്ര വിഭാഗത്തിന്റെയും ദുരിത ജീവിതത്തിനു നേരെ കണ്ണടക്കുകയാണ്.

2017 ഡിസംബറിലെ കണക്കനുസരിച്ച് രാജ്യത്ത് തല ചായ്ക്കാന്‍ സ്വന്തമായി ഒരു കൂര പോലുമില്ലാത്തവരുടെ എണ്ണം മൂന്ന് കോടിയാണ്. ബീഹാറിലാണ് കൂടുതല്‍ ഭവനരഹിതരുള്ളത്. 65.65 ലക്ഷം. ഉത്തര്‍ പ്രദേശ് (48.31 ലക്ഷം), മധ്യപ്രദേശ് (47.45 ലക്ഷം), ബംഗാള്‍ (45.63 ലക്ഷം), ഒഡീഷ (41.48 ലക്ഷം) എന്നിവയാണ് തൊട്ടു പിന്നില്‍. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഭവനരഹിതര്‍ ഏറെയാണ്. സ്വന്തമായി വീടില്ലാത്തവര്‍ക്കൊപ്പം വാസയോഗ്യമായ വീടില്ലാത്തവരുടെ കൂടി കണക്കെടുക്കുമ്പോള്‍ രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരും. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഭവനരഹിതരുടെ എണ്ണം കുറവാണ്.

പ്രശ്‌നപരിഹാരത്തിന് ഇന്ദിരാ ആവാസ് യോജന, രാജീവ് ആവാസ് യോജന തുടങ്ങി മാറിമാറി വന്ന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പക്ഷേ ഒരു പദ്ധതിയും ലക്ഷ്യം കണ്ടില്ല. ചേരിരഹിത വികസനം എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച പദ്ധതിയാണ് രാജീവ് ആവാസ് യോജന. ആദ്യ ഘട്ടത്തില്‍ 250 നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുമെന്നും 12ാം പദ്ധതി കാലത്തു തന്നെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നുമായിരുന്നു വാഗ്ദാനം. ഇതിനായി 1,000 കോടി രൂപയും വകയിരുത്തി. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കുമ്പോള്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാറാണ് വഹിക്കേണ്ടത്. നഗരങ്ങളിലെ ചേരി വികസനവും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള ചേരികളുടെ വ്യാപനം തടയലുമാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ചേരികളില്‍ മിക്കതും ഇന്നും ദൂരിത പൂര്‍ണമായ സ്ഥിതിയില്‍ നിലനില്‍ക്കുന്നു.

ചേരികളുടെ വ്യാപനം തടയാനും ആയില്ല. ഗ്രാമ പ്രദേശങ്ങളിലെ ഭവനരഹിതരായ പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ മറ്റു പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് വീട് നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്ന 1985ല്‍ രൂപം കൊടുത്ത ഇന്ദിരാ ആവാസ് യോജനയും വിജയം കണ്ടില്ല. മേല്‍വിഭാഗത്തില്‍പ്പെട്ട ഭവന രഹിതര്‍ ഇന്നും രാജ്യത്തെമ്പാടുമായി കോടിക്കണക്കിന് അവശേഷിക്കുന്നു. മോദി സര്‍ക്കാറിന്റെ പ്രധാന്‍മന്ത്രി ഭവന പദ്ധതിയും പ്രഖ്യാപനം കഴിഞ്ഞ് നാല് വര്‍ഷം കടന്നു പോയെങ്കിലും കാര്യമായ പുരോഗതി കൈവരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിവേഗ വികസനത്തിന്റെ ഭാഗമായി രാജ്യത്തെ നഗരങ്ങള്‍ വന്‍ തുക ചെലവഴിച്ച് മിനുക്കിക്കൊണ്ടിരിക്കുന്നുണ്ട് സര്‍ക്കാര്‍. കോടികള്‍ എറിഞ്ഞുള്ള ആ മുഖം മിനുക്കല്‍ പക്ഷേ നഗരങ്ങള്‍ക്കു തൊട്ടു പിറകിലായി അഴുക്കു ചാലുകളുടെ തീരങ്ങളില്‍ താമസിക്കുന്ന ചേരിനിവാസികളുടെ ഭാഗത്തേക്ക് കടന്നു വരുന്നില്ല. നിലവിലുള്ള പട്ടണങ്ങളെ മേട്രോ സിറ്റികളാക്കി മാറ്റുന്നതിനിടെ നിലവിലെ ചേരികളെ വാസയോഗ്യമായ പ്രദേശമായി തീര്‍ക്കുന്ന കാര്യം സര്‍ക്കാര്‍ മനഃപൂര്‍വം വിസ്മരിക്കുന്നു. ചേരികളുടെ വികസനവും ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള വീട് ഉറപ്പാക്കല്‍ പദ്ധതികളും പ്രഖ്യാപനത്തില്‍ ഒതുങ്ങുകയാണ്. വീടില്ലാത്തവര്‍ക്ക് പ്രഖ്യാപനങ്ങളല്ല, സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ശക്തമായ ഇടപെടലുകളാണ് ആവശ്യം. ബജറ്റില്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികള്‍ യഥാകാലം നടപ്പാക്കാനുള്ള ആര്‍ജവമാണ് ഭരണകൂടത്തില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.