കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുന്നു

Posted on: July 7, 2019 5:48 pm | Last updated: July 7, 2019 at 5:48 pm

അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. താജിക്കിസ്ഥാനാണ് എതിരാളി. നാല് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ സിറിയയും ഉത്തര കൊറിയയും ഉള്‍പ്പെടുന്നു. ടീമുകള്‍ പരസ്പരം കളിച്ച് കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ ഫൈനല്‍ കളിക്കുന്നതാണ് ടൂര്‍ണമെന്റ് ഫോര്‍മാറ്റ്. ഈ മാസം 17ന് ഫൈനല്‍.

തായ്‌ലന്‍ഡിലെ കിംഗ്‌സ് കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഗൊര്‍ സ്റ്റിമാകിന്റെ ടീം ഇന്ത്യ. സ്റ്റിമാകിന് കീഴില്‍ ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍ഷിപ്പാണിത്. തായ്‌ലന്‍ഡിനെതിരെ ആദ്യമായി എവേ ജയം നേടിയത് സ്റ്റിമാക്കിന്റെ പരിശീലക മികവ് അടിവരയിടുന്നു.

ഗുജറാത്ത് ആദ്യമായിട്ടാണ് ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേദിയാകുന്നത്.
അഹമ്മദാബാദ് നഗരം തിരഞ്ഞെടുത്തത് നല്ല തീരുമാനമായെന്ന് ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിംഗന്‍ പറഞ്ഞു. രാജ്യത്ത് ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിപ്പിക്കാനുള്ള നല്ല നീക്കമാണിത്. അടുത്തിടെ ക്ലബ്ബിനൊപ്പം അഹമ്മദാബാദില്‍ പരിശീലനം നടത്തിയിരുന്നു. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുള്ള നാടാണിത് – ജിംഗന്‍ പറഞ്ഞു.

മുംബൈ, ഗോവ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളില്‍ അടുത്തിടെ കളിച്ച അനിരുദ്ധ ഥാപ പറയുന്നു ഗുജറാത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റവും മികച്ച കാണിക്കൂട്ടമായിരിക്കുമെന്ന്. ഈ ടൂര്‍ണമെന്റോടെ ഗുജറാത്തിലെ ഫുട്‌ബോള്‍ സംസ്‌കാരം തന്നെ മറ്റൊന്നാകും. കൂടുതല്‍ പേര്‍ ഫുട്‌ബോളിലേക്ക് വരും – അനിരുദ്ധ്ഥാപ പറഞ്ഞു.