Connect with us

Travelogue

പാതിരാമണലിലെ അതിരില്ലാ കാഴ്ചകൾ

Published

|

Last Updated

മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന പഴയൊരു ചൊല്ലുണ്ട്. എങ്കിൽ ആ മണമറിഞ്ഞെത്തുന്നവരാണ് സുഗന്ധത്തെ കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്നത്. അത്തരമൊരു യാത്രയാണിത്. തൊട്ടടുത്തായിട്ടുപൊലും ഇത്രയും കാലം ആസ്വദിക്കാതെ പോയ പാതിരാമണലെന്ന ചെറു ദ്വീപിലേക്കുള്ള യാത്ര. പ്രകൃതിയിലെ അത്ഭുത കലകളിലൊന്നാണ് കോട്ടയം- ആലപ്പുഴ- എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വേമ്പനാട് കായലിന് നടുവിൽ ഒറ്റപ്പട്ടു നിൽക്കുന്ന പത്തേക്കർ മാത്രം വലുപ്പമുള്ള ഈ കുഞ്ഞു ദ്വീപ്.

ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബോട്ടു സർവീസുകൾ ഈ ദ്വീപിലേക്കുണ്ടെങ്കിലും ഏറ്റവുമടുത്ത കര രണ്ട് കിലോമീറ്റർ ദൂരെ മുഹമ്മയെന്ന പ്രദേശമാണ്. അവിടെ നിന്നും ഒരു സ്പീഡ് ബോട്ടിലാണ് പാതിരാമണലിലേക്ക് പുറപ്പെട്ടത്.

കായലോരത്ത് വിശ്രമിക്കുന്ന ഹൗസ് ബോട്ടുകളുടെയും അലങ്കരിച്ച വഞ്ചികളുടെയുമെല്ലാം ആധിക്യം അവിടെയെത്തുന്ന സഞ്ചാരികളുടെ വർധനവിനെ അറിയിക്കുന്നത്രയുണ്ടായിരുന്നു. അടുക്കും തോറും ഭംഗിയും ഒരു ചെറിയ കാടിന്റെ ഭീതിയും കൂടിവരുന്ന പ്രതീതി. ഇടകലർന്നു നിൽക്കുന്ന മരങ്ങളും പിണഞ്ഞു കിടക്കുന്ന വള്ളികളും പിന്നിട്ട് കരിങ്കൽ പാകിയ പാതയിലൂടെയും കുറ്റിച്ചെടികൾക്കിടയിലൂടെയുമാണ് നടപ്പാത. കായലിൽ നിന്ന് ഈ ചെറു തുരുത്ത് കീറിമുറിച്ച് ധാരാളം ഇടതോടുകളും പാതിരാമണലിന്റെ കാഴ്ചയാണ്. അന്തരീക്ഷം തണുപ്പിക്കാനായി കണ്ടൽച്ചെടികളുടെ കൂട്ടവും അതിനിടയിൽ ധാരാളം കായൽ മത്സ്യങ്ങൾ ഓടിക്കളിക്കുന്നതും കാണാം. കായൽ മത്സ്യ സമ്പത്തിന്റെ സുരക്ഷിതത്വത്തിനും വർധനവിനും ഇത്തരം ചെറു തുരുത്തുകളുടെയും കുറ്റിച്ചെടികളുടെയും പ്രാധാന്യം വളരെ വലുതാണ്.

പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ പ്രദേശം എന്നതിലുപരി അപൂർവയിനം ദേശാടന പക്ഷികൾക്ക് ആതിഥ്യമരുളുന്ന ആവാസ സ്ഥലമെന്ന നിലയിലാണ് പാതിരാമണൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നത്. നൂറുകണക്കിന് ഇനം പക്ഷികൾ ഇവിടെ എത്താറുണ്ട്. അതുകൊണ്ടുതന്നെ ദേശാടന പക്ഷികളുടെ വാസസ്ഥലമെന്ന നിലയിൽ പ്രശസ്തമായ ഇവിടം സന്ദർശിക്കുന്നവരിലധികവും പ്രകൃതി സ്‌നേഹികളും പക്ഷിനിരീക്ഷകരുമാണ്.

വെള്ളത്തിനടിയിൽ ചെന്ന് മത്സ്യങ്ങളെ പിടിച്ച് തിന്നുന്ന പാമ്പിനോട് രൂപ സാദൃശ്യമുള്ള ചേരക്കോഴി, ഇന്ത്യൻ ഷാഗ്, ചായമുണ്ടി എന്ന പർപ്പിൾ ഹെറോൺ, പലതരം കൊക്കുകൾ തുടങ്ങി വിവിധയിനം പക്ഷികൾ ഇവിടെ വിരുന്നുകാരായി എത്താറുണ്ട്. അവരെ സ്വാഗതം ചെയ്ത് നിൽക്കുന്ന പലതരം കായ്കൾ നിറഞ്ഞ വൃക്ഷങ്ങളും അവിടെ കാണാവുന്നതാണ്.
കായൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും കേരളത്തിന്റെ ജൈവ സമ്പത്ത് രുചിക്കാനും പതിരാമണലിൽ കാഴ്ചകൾ വേണ്ടുവോളമുണ്ട്. ചുറ്റും വേമ്പനാടൻ കായലിന്റെ അനുഭൂതിയും അതിൽ ഒഴുകുന്ന ഹൗസ് ബോട്ടുകളും ചെറു വഞ്ചികളുമെല്ലാം പ്രത്യേക അനുഭവമാണ്.

സാലിം നൈന മണ്ണഞ്ചേരി • msnaina313@gmail.com

Latest