“ഒന്നുനിൽക്കാമോ?
നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ അങ്ങകലെ ഒറീസയിൽ നിന്ന് വന്നത്.’
“എന്നിട്ട് നിങ്ങളെന്താണ് കണ്ടത്? ഞാനും ഒരു മനുഷ്യനാണ്, രണ്ട് കൈകളുള്ള രണ്ട് കാലുകളുള്ള രണ്ട് കണ്ണുകളുള്ള സാധാരണ മനുഷ്യൻ. നിങ്ങളൊരു സത്യഗ്രഹി ആണോ?’
‘അങ്ങനെയാകാൻ പ്രതിജ്ഞയെടുത്ത് വന്നിരിക്കുകയാണ്.’
“എന്നാൽ പോകൂ, രാജ്യത്തിന് വേണ്ടി പോരാടൂ.’
***
ബ്രിട്ടീഷ് അധികാരത്തിനെതിരെ അഹിംസാ പോരാട്ടം നടത്തുന്ന തന്നെ കാണാനായി ഒറീസയിൽ നിന്ന് വർധ ആശ്രമത്തിലെത്തിയ 21കാരനുമായുള്ള ഗാന്ധിജിയുടെ സംഭാഷണമാണിത്. ഏഴ് ദിവസത്തിന് ശേഷം ഈ യുവാവ് സ്വന്തം നാടായ നബ്രാംഗ്പൂരിലേക്ക് തിരിച്ചുപോകുകയും ഗാന്ധി പറഞ്ഞതുപോലെ യുദ്ധവിരുദ്ധ സത്യഗ്രഹം സംഘടിപ്പിക്കുകയും ചെയ്തു. ഇതിന് ആറ് മാസത്തെ ജയിലും 50 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. ചൂഷണത്തിനും അടിച്ചമർത്തലിനും നിഷ്ഠുര ഭരണത്തിനുമെതിരെ നിരവധി തവണ ജനങ്ങളെ സംഘടിപ്പിച്ച് സത്യഗ്രഹവും മറ്റ് അഹിംസാ മാർഗത്തിലുള്ള സമരപരിപാടികളും സംഘടിപ്പിച്ചു. ഒരു തവണ താൻ സംഘടിപ്പിച്ച ജനക്കൂട്ടം പോലീസിനെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ അവരെ തടയാനും മുൻപന്തിയിലുണ്ടായിരുന്നു ഇരുപത്തിയൊന്നുകാരൻ.
ആദ്യതവണ ജയിലിൽ നിന്ന് ഇറങ്ങിയ അദ്ദേഹം ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച് ഗാന്ധിജിക്കെഴുതി. “വീണ്ടും ജയിലിൽ പോകൂ’ എന്നായിരുന്നു മറുപടി. ആ തവണ ആറ് മാസത്തെ ജയിൽ ശിക്ഷ ലഭിച്ചു. മൂന്നാം തവണ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. ഇനിയെന്ത് ചെയ്യണം എന്നന്വേഷിച്ച് ഗാന്ധിജിക്ക് വീണ്ടും കത്തെഴുതി. സമാന മുദ്രാവാക്യം വിളിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങൂ എന്നായിരുന്നു മഹാത്മാവിന്റെ മറുപടി. ആ ആഹ്വാനം ജീവിതവ്രതമാക്കുകയായിരുന്നു 103ാം വയസ്സിൽ മരിക്കുംവരെ മുഹമ്മദ് ബാജിയെന്ന അന്നത്തെ യുവാവ്. അന്ത്യം വരെ അഹിംസ ജീവിതമാക്കിയ ആ മഹാമനീഷി കഴിഞ്ഞ ദിവസമാണ് നമ്മെ വിട്ടുപിരിഞ്ഞത്. കറകളഞ്ഞ ഗാന്ധിയനും സമാധാനകാംക്ഷിയും അവകാശസംരക്ഷണ പോരാളിയുമായിരുന്നു ഈ ഒഡീഷക്കാരൻ.
സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോഴാണ് ഗാന്ധിജിയുടെ അഹിംസാവാദത്തിൽ ബാജി ആകൃഷ്ടനാകുന്നത്. അങ്ങനെയാണ് ഇരുപത്തിയൊന്നാം വയസ്സിൽ സുഹൃത്ത് ലക്ഷ്മൺ സാഹുവുമൊത്ത് ഗാന്ധിയെ കാണാൻ നബ്രാംഗ്പൂരിൽ നിന്ന് പുറപ്പെടുന്നത്. ഈ യാത്ര തന്നെ വലിയ സാഹസികത വിളിച്ചോതുന്നുണ്ട്. കൊടുംവനത്തിലൂടെയും പരുക്കൻ കുന്നുകളിലൂടെയും 350 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് സാഹുവുമൊത്ത് ബാജി ഛത്തിസ്ഗഢിലെ റായ്പൂരിലെത്തിയത്. അവിടെ നിന്ന് വർധയിലേക്ക് ട്രെയിനിൽ പോകുകയും പിന്നീട് സേവാഗ്രാമത്തിലെത്തുകയും ചെയ്തു. ആശ്രമത്തിൽ നിരവധി മഹാന്മാരുണ്ടായിരുന്നു. അവരെ കണ്ട് അമ്പരന്നുനിന്ന യുവാക്കൾക്ക് ഗാന്ധിയുടെ സെക്രട്ടറി മഹാദേവ് ദേശായ് വൈകിട്ട് അഞ്ച് മണിക്കുള്ള നടത്ത സമയത്താണ് ഗാന്ധിയെ അടുത്തുനിന്ന് കാണാൻ അനുവാദം കൊടുത്തത്. യുവാക്കൾ ഓടുന്നത് പോലെയായിരുന്നു പക്ഷേ ഗാന്ധിയുടെ നടത്തം! അപ്പോഴുണ്ടായ സംഭാഷണ ശകലമാണ് തുടക്കത്തിൽ കൊടുത്തത്.
1917 ജനുവരി 20നാണ് ജനനം. ഭാഷാടിസ്ഥാനത്തിൽ ഒറീസ സംസ്ഥാനം രൂപവത്കരിക്കപ്പെട്ട 1936ൽ ബാജി ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ അംഗമായി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ മൂർധന്യതയിൽ, ബാജിയും സംഘവും അഹിംസാ മുദ്രാവാക്യവുമായി ജനങ്ങളിലേക്കിറങ്ങി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ഗ്രാമഗ്രാമാന്തരം അഹിംസയും സത്യഗ്രഹവും പ്രചരിപ്പിച്ചു. ഭാരതം, പൂർണ സ്വാതന്ത്ര്യം തുടങ്ങിയ ലക്ഷ്യങ്ങളും അവ നേടാനുള്ള മാർഗമായ അഹിംസയും നബ്രാംഗ്പൂരിലെ കുഗ്രാമങ്ങളിലും സമീപപ്രദേശങ്ങളിലും പരന്നു. ഇതിന്റെ ഫലം ബ്രിട്ടീഷ് ബുള്ളറ്റുകളും ലാത്തിച്ചാർജും പരുക്കും ജയിൽവാസവുമൊക്കെയായിരുന്നു. വിവിധ ജയിലുകളിലായി രണ്ടായിരം ദിവസമാണ് ബാജി കഴിഞ്ഞത്. നബ്രാംഗ്പൂരിലെ പപാദഹന്ദിയിൽ നടന്ന പോലീസ് വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ട 1942 ആഗസ്റ്റ് 19ലെ ദാരുണസംഭവം. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബാജിയുടെ തോളെല്ല് പൊട്ടി. പരുക്കേറ്റ 300 പേരിൽ പലരും പിന്നീട് മരിച്ചു. ആയിരത്തോളം സത്യഗ്രഹികളോടൊപ്പം ബാജിയെയും കൊരാപുത് ജയിലിലടച്ചു. തുടർന്ന് വിവിധ ജയിലുകളിലായി അഞ്ച് വർഷത്തെ തടവുശിക്ഷ. കൊരാപുത് ജയിലിൽ വെച്ചാണ് ഗോത്രമേഖലയിൽ സ്വാതന്ത്ര്യ പോരാട്ടത്തെ നയിച്ച ലഖൻ നായകുമായി സന്ധിക്കുന്നത്. നായകിന്റെ വധശിക്ഷാ വിധി വന്നതോടെ അദ്ദേഹത്തെ ബെർഹാംപൂർ ജയിലിലേക്ക് മാറ്റി. ബാജിയെ കഥക് (ഇപ്പോൾ കട്ടക്) ജയിലിലേക്കും. സ്വാതന്ത്ര്യത്തിന്റെ മൂന്ന് ദിവസം മുമ്പാണ് ബാജിയെ ജയിൽ മുക്തനാക്കിയത്..
സ്വാതന്ത്ര്യാനന്തരം ഗാന്ധിയൻ ആശയങ്ങൾ അടിസ്ഥാനമാക്കി വിവിധ പോരാട്ടങ്ങളിൽ ഏർപ്പെട്ടു. സർവോദയ പ്രസ്ഥാനത്തിൽ സജീവമായി. ഉത്കൽ ഗാന്ധി സ്മാരക് നിധിയുടെ ചെയർമാനും ഉത്കൽ സർവോദയ മണ്ഡലിന്റെ സഹകാരിയുമായിരുന്നു. അവയിൽ പ്രധാനമായിരുന്നു 1955- 67 കാലത്തെ ഭൂദാൻ പ്രസ്ഥാനം. നാല് ലക്ഷം ഏക്കർ ഭൂമി നേടിയെടുത്ത് ഭൂരഹിതർക്ക് അവ വിതരണം ചെയ്യുന്നതിൽ നേതൃനിരയിലുണ്ടായിരുന്നു. ഭൂദാൻ സമര കാലത്ത് സ്വന്തമുണ്ടായിരുന്ന 14 ഏക്കറും ബാജി സംഭാവന നൽകിയിരുന്നു. 1952ലെ പൊതുതിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി സദാശിവ് ത്രിപാഠി അടക്കമുള്ള ബാജിയുടെ സഹപ്രവർത്തകർ എം എൽ എമാരായെങ്കിലും അദ്ദേഹം വിട്ടുനിന്നു. മനുഷ്യസമൂഹത്തെ സേവിക്കലാണ് ഗാന്ധിജിയുടെ രീതി. അതിന് എപ്പോഴും അധികാരവും സ്ഥാനവും വേണമെന്ന് താൻ കരുതുന്നില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. സഹോദര സമുദായം ആരാധിക്കുന്ന പശുവിനെ കശാപ്പ് ചെയ്യുന്നതിനെതിരെ നിലകൊണ്ടു. 1968ൽ ബീജാപൂരിൽ ആദിവാസികൾക്കും ഹരിജൻ വിദ്യാർഥികൾക്കും വേണ്ടി ആശ്രമം സ്ഥാപിച്ചു. ആശ്രമം ഇന്ന് ഗോത്രവർഗ ഹൈസ്‌കൂളാണ്. സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ തുകയിൽ നിന്ന് ഒരു ഭാഗം സ്‌കൂൾ മാനേജ്‌മെന്റിന് അദ്ദേഹം സംഭാവന ചെയ്യാറുണ്ടായിരുന്നു.
തൊണ്ണൂറുകളിൽ രാഷ്ട്രീയത്തിൽ വിഷം കണക്കെ വർഗീയത കലർന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തി. ഇന്ത്യാ വിഭജനം പോലെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു അതെന്ന് ബാജി പറയുന്നു. ബാബരി മസ്ജിദിനെ ലക്ഷ്യമിട്ടുള്ള വർഗീയ പ്രചാരണം കൊടുമ്പിരി കൊണ്ട സമയത്ത് അയോധ്യയിൽ സംഘടിപ്പിച്ച നൂറ് പേരുടെ സമാധാന സേനയിൽ അംഗമായിരുന്നു ബാജി. അന്ന് അയോധ്യയിൽ സമാധാന സേന ടെന്റ് കെട്ടി അതിനകത്ത് ഇരുന്ന് സത്യഗ്രഹം നടത്തുകയായിരുന്നു. കർസേവകർ വന്ന് ടെന്റ് പൊളിച്ചെങ്കിലും ഇവർ ഇരുത്തം തുടർന്നു. അക്രമികൾ നിലത്തും ഇരിക്കുന്നവരുടെ ദേഹത്തും വെള്ളമൊഴിച്ചു. നിലത്ത് വെള്ളമൊഴിച്ച് ഇരിക്കാൻ പറ്റാത്ത രൂപത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാലും ബാജിയും കൂട്ടരും ഇരുന്നു. കുറച്ചുസമയത്തിന് ശേഷം വെള്ളം കുടിക്കാനായി ഒരു ടാപ്പിനരികിൽ തലതാഴ്ത്തി നിന്നപ്പോൾ കർസേവകർ പിന്നിൽ നിന്ന് തലക്കടിച്ചു. തലയോട്ടി പൊട്ടി ചോരയൊലിച്ചു. ഉടനെ ആശുപത്രിയിലാക്കുകയായിരുന്നു.
അന്ന് എഴുപത് വയസ്സുണ്ടായിരുന്ന ബാജി പത്ത് ദിവസം ആശുപത്രിയിലും ഒരു മാസം വരാണാസിയിലെ ആശ്രമത്തിലും ചികിത്സയിൽ കഴിഞ്ഞു. 1942ൽ ബ്രിട്ടീഷ് കാലത്തെ പല ക്രൂരമർദനങ്ങളും ബാജി പരാമർശിക്കാറില്ലെങ്കിലും അര നൂറ്റാണ്ട് പിന്നിട്ടപ്പോഴുണ്ടായ ബാബരി മസ്ജിദ് ധ്വംസന കാലത്തെ മർദനം അദ്ദേഹം പലപ്പോഴും പറഞ്ഞതായി ഭുവനേശ്വറിലെ ഗവേഷകനും ഗ്രന്ഥരചയിതാവുമായ അനിൽ ധിർ ഓർക്കുന്നു. എന്നാൽ, അയോധ്യയിൽ താൻ ആക്രമിക്കപ്പെട്ടത് വിശദീകരിക്കുമ്പോഴും അദ്ദേഹം ദേഷ്യപ്പെട്ടില്ല. അത്രമാത്രം സത്യസന്ധനായ ജീവിതം രാജ്യത്തിന് സമർപ്പിച്ച ഗാന്ധിയനായിരുന്നു അദ്ദേഹം. ബാബരി മസ്ജിദ് ധ്വംസനാനന്തരം സമാധാനം പുനഃസ്ഥാപിക്കുന്നതിന് നബ്രാംഗ്പൂരിൽ പദയാത്രകൾ നടത്തി. 2008ലെ കന്ധമാൽ കലാപവേളയിലും ശാന്തിദൂതുമായി ആ മഹാമനീഷിയെത്തി. അന്നദ്ദേഹത്തിന് 91 വയസ്സായിരുന്നു. സംഘ പരിവാർ അഴിച്ചുവിട്ട കലാപത്തിൽ ഇരകളാക്കപ്പെട്ട ആളുകളോടൊപ്പം നിൽക്കാനായിരുന്നു അദ്ദേഹം അവിടെയെത്തിയത്. കലാപമേഖലകളിൽ അദ്ദേഹം വിശ്രമമില്ലാതെ സഞ്ചരിച്ചു. ജനങ്ങൾക്ക് ധൈര്യമേകി. 91 ാമത്തെ വയസ്സിലെ ആ വീര്യം ശരിക്കും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കേരളത്തിലെ പ്രമുഖ ആദിവാസി- ഗോത്രവർഗ അവകാശ സംരക്ഷണ പ്രവർത്തകനായ കെ സഹദേവൻ പറയുന്നു.
പഴയ ഫർണിച്ചറുകൾ, ചർക്ക, വസ്ത്രങ്ങൾ, വർഷങ്ങളായി സൂക്ഷിച്ചുവെച്ച വസ്തുക്കൾ, ലഘുലേഖകൾ അച്ചടിക്കാനുള്ള കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന പ്രസ്സ് തുടങ്ങിയവയാണ് മരിക്കുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നത്. സ്വാതന്ത്ര്യ സമര കാലത്തെ സങ്കേതമായിരുന്നു ബാജിയുടെ വീട്. അന്ന് നിരവധി തവണ പോലീസ് റെയ്ഡ് നടത്തിയിരുന്നു.
ജയപ്രകാശ് നാരായൺ, ആചാര്യ വിനോബ ഭാവെ, ബിജു പട്‌നായ്ക്, മഹാദേവ് ദേശായ്, ഥാകർ ബാപ, ബിനോദെ കാനുംഗോ, ആചാര്യ ഹരിഹർ ദാസ്, ഗോദബരിഷ് മിശ്ര, ലക്ഷ്മൻ നായ്ക്, സദാശിവ് ത്രിപാഠി, സി എഫ് ആൻഡ്രൂസ്, ജെ വി കോതാരി, മാലതി ദേവി, രമാ ദേവി, സരള ദേവി തുടങ്ങിയവരൊക്കെ ഇവിടെ താമസിച്ചിട്ടുണ്ട്. ഈ വീട് മ്യൂസിയമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ നബ്രാംഗ്പൂർ ജില്ലയിലെ അവസാന ഗാന്ധിയനും കാലയവനികക്കുള്ളിൽ മറഞ്ഞു.
.
റബീക് മഹ്മൂദ്