ഏകാന്ത പഥികൻ

അസ്ഥികളും തലയോട്ടികളും ചിതറിക്കിടന്ന യുദ്ധഭൂമികളിലൂടെ, ചക്രവാളം കുട ചൂടിയ മരുഭൂമികളിലൂടെ, സൈകത ഭൂമിയുടെ തീക്ഷ്ണതയെ നെഞ്ചേറ്റി, കാനന വന്യതയിൽ വിയർത്തും വിറച്ചും വിറങ്ങലിച്ചും വിസയും പാസ്‌പോർട്ടുമില്ലാതെ നടന്നു തീർത്തത് മൂന്ന് ഭൂഖണ്ഡങ്ങൾ. 53 രൂപയുമായിറങ്ങി 43 രാഷ്ട്രങ്ങളിലൂടെ 23 വർഷം ചുറ്റി സഞ്ചരിച്ച് സാഹസങ്ങളുടെയും ആപത്‌സന്ധികളുടെയും തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുവന്ന യാത്രികൻ...
Posted on: July 7, 2019 4:19 pm | Last updated: October 10, 2020 at 12:07 pm
മൊയ്തു കിഴിശ്ശേരി

ലോകം നടന്നു തീർത്തൊരു മനുഷ്യനെ കാണാൻ നിങ്ങളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടോ? ഇരുളും വെളിച്ചവും തുളച്ചുകയറിയ ആ കാലടികളുടെ കരവിരുതുകൾക്ക് മുമ്പിൽ നിങ്ങൾക്കൊന്ന് നിൽക്കണമോ? വരിക, മലപ്പുറം കിഴിശ്ശേരി പൊക്കനാളിൽ റോസ്‌വില്ല വീടിന്റെ പൂമുഖ പടിയിൽ അമർന്നിരിക്കുന്നുണ്ട് നിങ്ങളന്വേഷിക്കുന്ന വിസ്മയം. മനസ്സുറപ്പിന്റെ മായാജാലം കൊണ്ട് കാടും മേടും മരുഭൂമിയും മുറിച്ചു കടന്ന മനുഷ്യൻ- മൊയ്തു കിഴിശ്ശേരി.

തൃഷ്ണയുടെ
ചങ്ങാടത്തിലേറി

1959 കിഴിശ്ശേരിയിലാണ് മൊയ്തു ജനിക്കുന്നത്. പലപ്പോഴും പട്ടിണി തിന്ന് വിശപ്പ് മാറ്റേണ്ട പരിതസ്ഥിതിയിൽ പിതാവ് ഇല്ലിയൻ അഹ്മദ്കുട്ടിയും മാതാവ് കദിയക്കുട്ടിയും കഷ്ടപ്പാടിന്റെ കനൽ കോരി. പരാധീനതയുടെ പ്രളയക്കെടുതിയിലും പള്ളിക്കൂടത്തിന്റെ പടിവാതിലോളം കടന്നു ചെന്നു മൊയ്തു. സ്ലൈറ്റും പെൻസിലുമില്ലാതെ പതുക്കെ പടിക്കു പുറത്തായി. വിദ്യ വിദൂര സ്വപ്‌നമായിട്ടും സ്‌കൂൾ പോക്ക് മുടക്കിയില്ല. കിലോമീറ്ററുകൾ നടന്ന് കവലയും കൊണ്ടോട്ടിയും ചുറ്റിക്കണ്ട് സ്‌കൂൾ വിടുന്ന നേരം നോക്കി വീടണഞ്ഞു; സ്‌കൂൾ കാണാത്ത നല്ലകുട്ടിയായി നാലാം ക്ലാസ് വരെ. വിശപ്പിൽ വിയർക്കുന്ന പകലുകളിൽ, കിനാവുറങ്ങിയ രാവുകളിൽ, ചെലവുകുടി ഒത്തിരി കിനാക്കൾ കാട്ടി മോഹിപ്പിച്ചു. ബാലാർക്ക ശോഭയിൽ മിനാരങ്ങൾ മാടിവിളിച്ചു. അതോടെ കൂടു മാറി.

ജീവിതം ബൈത്തീണങ്ങളുടെ താളാത്മകതയിൽ ലയിച്ച് പള്ളി ദർസിൽ. അതിനിടക്കാണ് മനസ്സ് ആത്മീയതയുടെ അനന്തതയെ തേടി ഒഴുകിയത്. “നിങ്ങൾ ഭൂമിയിൽ ചുറ്റിസഞ്ചരിക്കൂ’- ഖുർആന്റെ നിർദേശം. പോകണം. മനസ്സിൽ മോഹം തുടികൊട്ടി. മോഹ വർഷത്തിലും ദാരിദ്ര്യത്തിന്റെ മൗനം കുടിച്ചിരിപ്പായിരുന്നു. പൊളിഞ്ഞ കിനാവിന്റെ പെരുമ്പറയിലും ലോകമൊന്നടങ്കം ഒരു കിനാവെന്ന പോലെ മൊയ്തുവിന് മുന്നിൽ വന്നുനിന്നു. നയാ പൈസയില്ല. പക്ഷേ… പോയേ തീരൂ. ഇബ്‌നു ബത്തൂത്തയുടെയും ഇബ്‌നു ജുബൈറിന്റെയുമൊക്കെ സഞ്ചാര കഥ വായിച്ച് ഒന്നുറപ്പിച്ചു. ഇസ്‌ലാമിന്റെ ചരിത്രാംശങ്ങൾ തേടിപ്പിടിക്കും. വിസയും പാസ്‌പോർട്ടുമില്ലാതെ മൊയ്തു അന്തിച്ചു നിന്നു.

കിഴിശ്ശേരി അങ്ങാടിയിലെ പഴയ ജുമാ മസ്ജിദിൽ നിന്ന് ഇശാ നിസ്‌കാരം കഴിഞ്ഞ് വരുമ്പോൾ… കാറ്റ് കുളിരു വിതറുന്നു. നിശ്ശബ്ദമായ മൗനം, ചിന്തകളെ പിടിച്ചുലച്ചു. ഇനി കിനാവിന്റെ യാഥാർഥ്യങ്ങളിലേക്ക്… പോണം. ഉള്ളിൽ നിന്നാരോ പൊറുതി കൂട്ടി. ഉറക്കിലും ഉണർവിലും കാതിൽ വന്ന് കൽപ്പിക്കുന്നതായി തോന്നി. പ്രതിബന്ധങ്ങൾ തൃഷ്ണക്ക് വഴിമാറേണ്ടി വന്നു. മൊയ്തു തന്നെ പറയട്ടെ. “തൃഷ്ണയുടെ ചങ്ങാടം എന്നെ ഖാഫ് മലകളിലെത്തിച്ചു. അവിടെ അലൻ ഗേറ്റിനപ്പുറത്ത് ദുൽഖർനൈന്റെ മതിൽ കണ്ടു. ഇബ്‌റാഹീമി(അ)ന്റെ അഗ്നികുണ്ഠവും കാണാനായി. നൂഹി(അ)ന്റെ പെട്ടകം ദർശിക്കാനായതും മഹാഭാഗ്യം. ലൂത്വി(അ)ന്റെ അട്ടിമറിക്കപ്പെട്ട ഭൂമിയിൽ ഒരു നടുക്കത്തോടെ ഞാനിറങ്ങി. അസ്ഹാബുൽ കഹ്ഫിന്റെ ഗുഹക്കുളളിൽ ധ്യാന നിമഗ്നനായി. ലോകം കണ്ട ഏറ്റവും വലിയ ജല പ്രളയമുത്ഭവിച്ച അടുപ്പിൽ ഞാൻ ചവിട്ടി. കിസ്‌റയുടെ ഗോപുരങ്ങൾ വീണുടഞ്ഞ കോട്ടയിൽ കയറി. യൂഫ്രട്ടീസ് എന്നെ പരീക്ഷിച്ചു. ബൈത്തുൽ മുഖദ്ദസ് ചിന്തിപ്പിച്ചു. തൂരിസീന വെളിച്ചം തന്നു. നജ്ഫും കർബലയും പരാതി പറഞ്ഞു.’

മരണത്തിന്റെ അവസാന
വരിയിൽ നിന്ന് ജീവിതത്തിന്റെ പടവുകയറി

1976 ഡിസംബർ ആറ് തിങ്കൾ. പരന്നു കിടക്കുന്ന പ്രവിശാല പ്രപഞ്ചത്തിലേക്ക് മൊയ്തു നടന്നു തുടങ്ങി. അലമുറകളില്ലാതെ ഉമ്മ കദിയക്കുട്ടി മകനെ ആശീർവദിച്ചയച്ചു. വേർപാടിന്റെ നോവും വേവും കണ്ണീരിൽ കടിച്ചിറക്കി പ്രാർഥനയുടെ വാതിൽ മുട്ടി, “റബ്ബേ.. കാക്കണേ…’ യൂഫ്രട്ടീസിന്റെ നേർ മധ്യത്തിൽ.. തൊണ്ട പൊട്ടിയ മരൂഭൂമികളിൽ.. ആ പ്രാർഥന ഫലം കണ്ടു. കൊടും കാടിന്റെ വന്യതയിൽ…

മരണത്തിന്റെ അവസാന വരിയിൽ നിന്നാണ് പുതുജീവിതത്തിന്റെ പടവുകയറി വന്നത്. അതിപുരാതന സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങളും പരിണാമങ്ങളും കണ്ണിൽ തൊട്ടറിഞ്ഞ്, അസ്ഥികളും തലയോട്ടികളും ചിതറിക്കിടന്ന യുദ്ധഭൂമികളിലൂടെ, ചക്രവാളം കുട ചൂടിയ മരുഭൂമികളിലൂടെ, സൈകത ഭൂമിയുടെ തീക്ഷ്ണതയെ നെഞ്ചേറ്റി, കാനന വന്യതയിൽ വിയർത്തും വിറച്ചും വിറങ്ങലിച്ചും വിസയും പാസ്‌പോർട്ടുമില്ലാതെ നടന്നുതീർത്തത് 43 രാഷ്ട്രങ്ങൾ. കാക്കസസ് പർവത നിരകൾ കയറി, ഹോർമുസ് ഉൾക്കടലിന്റെ കയങ്ങളിലൂടെ ഊളിയിട്ട്, കാട്ടുജാതികൾക്കൊപ്പം താമസിച്ച്, യൂഫ്രട്ടീസ്- ജോർദാൻ നദികൾ മുറിച്ചു കടന്ന്, കൊടും കാനനത്തിൽ അന്തിയുറങ്ങി, ഓടുന്ന ട്രെയിനിൽ നിന്ന് എടുത്ത് ചാടി, പിരമിഡിനുളളിൽ നുഴഞ്ഞു കയറി, വെടിയുണ്ടകളിൽ നിന്ന്, നരഭോജികളിൽ നിന്ന്, കടൽക്ഷോഭത്തിൽ നിന്ന്, ചതുപ്പ് നിലങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് സാഹസങ്ങളുടെ സർവാധിപനായി മൊയ്തു.

കേവല യാത്രക്കപ്പുറം അനുഭവങ്ങളുടെ തീക്കൂട്ട് തന്നെയായിരുന്നു മൊയ്തുവിന്. ചാരനും ഭീകരനുമായി ജയിൽ കയറി, ധീരനായി.. വീരനായി.. ആദരണീയനായ അധ്യാപകനായി ജയിലിറങ്ങിയ മറിമായങ്ങൾ…നാടും വീടും വിട്ടെറിഞ്ഞ നാടോടിപ്പയ്യന്റെ സഞ്ചാര കഥ കേൾക്കാൻ കൗതുക പൂർവം കാതു കൂർപ്പിച്ചിരിക്കുന്ന ജനങ്ങൾ… പൂവും പൂമാലയുമിട്ട് സ്വീകരിച്ച സംസ്‌കാരങ്ങൾ… ആശങ്കകളില്ലാതെ അഭയവും അന്നവും തന്ന സ്‌നേഹികൾ… കാശും കൈനിറയെ സമ്മാനങ്ങളും തന്ന ദേശങ്ങൾ… എല്ലാത്തിനും പുറമെ, വെറുതെയെന്നറിഞ്ഞിട്ടും പ്രണയത്തിന്റെ പട്ടുടുപ്പിൽ പൊതിഞ്ഞ ഫിദ, മെഹ്‌റിൻ, ഗോക്‌ചെൻ തുടങ്ങിയവർ. സർവകലാശാലകളും കോളജുകളും അതിശയങ്ങളുടെ സഹയാത്രികനെ സ്വീകരിച്ചാനയിച്ചു. സഞ്ചാര ജീവിതത്തിന്റെ അടരോരോന്ന് അഴിച്ചെടുക്കുമ്പോൾ ഏതോ മായാജാല ലോകത്തെന്ന പോലെ അധ്യാപകരും വിദ്യാർഥികളും വിസ്മയം പൂണ്ടു.

ചരിത്രം വീണുരുകിയ
ശിഷ്ട രേഖകളിലൂടെ

പഠനത്തിനുളള അവസരങ്ങളൊന്നും മൊയ്തു പാഴാക്കിയില്ല. സഞ്ചാരത്തിനിടെ അറിവും ആത്മീയതയും ആവോളം നേടിയെടുത്തു. ഇസ്താംബൂളിലെ ഇലിം ഒകുമ യാസ്മ ഇൽഗിസിയിൽ ചരിത്രം, ഭാഷ, അറബിക് കാലിഗ്രഫി പഠിച്ചെടുത്തു. ബഗ്ദാദ് യൂനിവേഴ്‌സിറ്റിക്ക് കീഴിൽ കുല്ലിയ്യ ശരീഅയിലും ചരിത്ര വിദ്യാർഥിയായി. യൂനാനി വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. ഇറാനിൽ ജുംഹൂരി ഇസ്‌ലാമിക് മിലിറ്ററിയിലും പഠനം നടത്തി. പഠിച്ചും പഠിപ്പിച്ചും മൊയ്തു യാത്ര തുടർന്നു.

ആത്മീയാനന്ദത്തിന്റെ അലൗകികതയിൽ അലിഞ്ഞുചേർന്നവർ അടയാളപ്പെടുത്തിയ ഇടങ്ങൾ ആശയും ആവേശവുമായി. ദുൽഖർനൈന്റെ മതിൽ, അസ്ഹാബുൽ കഹ്ഫിന്റെ ഗുഹ, നൂഹ് നബിയുടെ കപ്പൽ, മത്സ്യ വയറ്റിൽ നിന്ന് യൂനുസ് നബി രക്ഷപ്പെട്ട സ്ഥലം, തൂരിസിനാ മല, ബൽഖീസിന്റെ കൊട്ടാരം, അബ്‌റഹത്തിന്റെ കഅ്ബ, ബുറാഖിന്റെ കൊളുത്ത്, തോപ്കാപി മ്യൂസിയം തുടങ്ങി ചരിത്രം വീണുരുകിയ ശിഷ്ട രേഖകളിലൂടെ നീങ്ങുമ്പോൾ കപടാത്മീയതയുടെ കൈവേലകൾക്ക് മുമ്പിൽ നടുങ്ങിപ്പോയി. മതത്തെ മൃതിസമാനമാക്കിയവരോട് സംവാദം നടത്തി. ഏഴ് വർഷത്തെ മതപഠനം ആരെയും ഭയക്കാതിരിക്കാനുള്ള ആർജവം തന്നു. ശുദ്ധ അറബിയിൽ സംസാരിക്കുന്ന ഹിന്ദുസ്ഥാനി പയ്യന് മുമ്പിൽ പലരും അടിയറവ് പറഞ്ഞു.

മരണ വാതിലിൽ ചാരിയിരുന്ന്…

യോദ്ധാവായി, ചാരനായി, യാചകനായി, ജയിൽ പുള്ളിയായി, ഇമാമായി, കാമുകനായി, ഗൈഡായി, പത്രപ്രവർത്തകനായി, ഗറില്ലയായി, വിദ്യാർഥിയായി ആടാൻ ബാക്കിയില്ലാത്ത വേഷങ്ങളെല്ലാം അഴിച്ചുവെച്ച് മൊയ്തു വിശ്രമ ജീവിതത്തിലേക്ക് പടവിറങ്ങി വരുമ്പോൾ കൂട്ടിന് പഴമയുടെ പ്രതാപം പറയുന്ന കുറച്ച് പുരാവസ്തുക്കൾ മാത്രം. ജീവിത വൃത്തത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെട്ടു. കേടും പാടും നിറഞ്ഞ നിത്യാനുഭവങ്ങൾ ജീവിതമെന്ന കവിതയെ അപൂർണമാക്കി. ഇലക്ട്രീഷ്യനായും പ്ലംബറായും ജീവിത നൗക ഒറ്റക്ക് തുഴഞ്ഞു. ദുരിതക്കയങ്ങളിൽ നൊന്ത് നീന്തുമ്പോഴും വേരറ്റ് വീഴാൻ വെമ്പിയ ബന്ധങ്ങൾക്കിടയിൽ നൂൽപ്പാലം പണിയാൻ കൗൺസലറായും വേഷമിട്ടു. ചിറകൊടിഞ്ഞ സ്‌നേഹ പക്ഷികൾക്ക് പഞ്ചവർണ ചേലുളള ചിറക് തുന്നി ഊഷ്മളമായ ചേർത്തുനിൽപ്പിന്റെ സ്വർഗീയാരാമത്തിലേക്ക് പറത്തി. ഹൃദയവീണയുടെ സംഗീതം തിരിച്ചു തന്ന ശാന്തിദൂതിനെ തേടി സമ്മാനങ്ങളേറെ വന്നു. നൂറ്റാണ്ടുകളുടെ നന്മ നിറഞ്ഞ പുരാവസ്തുക്കളായിരുന്നു മൊയ്തുവിനേറെ പ്രിയം. ആ കൊച്ചു വീട് പുരാവസ്തു ശേഖരമായി മാറി. ആയിരത്തിൽ പരം പുരാവസ്തുക്കളുടെ പരിപാലനം ഭാരിച്ച ചുമതലയായി. നിലമ്പൂരിൽ കെട്ടിടമെടുത്തു; ഇന്റർനാഷനൽ ആന്റീക് മ്യൂസിയം.

പതുക്കെ, കിഴിശ്ശേരിക്കാരന്റെ കീർത്തി പരന്നുതുടങ്ങി. രോമാഞ്ചപ്പെടുത്തുന്ന യാത്രാനുഭവങ്ങളുടെ ഓരോ ഏട് കേൾക്കുമ്പോഴും സ്‌നേഹ ജനങ്ങൾ സ്വൈര്യം കെടുത്തി. പുസ്തകമെഴുതണം. ആരുടേയോ ഇഷ്ടങ്ങളെ പരിപാലിക്കാൻ പേനയെടുക്കുമ്പോൾ ആധിയായിരുന്നു മനസ്സിൽ; നാലാം ക്ലാസുകാരന്റെ നേരെഴുത്തുകളെ ആര് വായിക്കുമെന്ന്. പക്ഷേ.. ആവേശത്തോടെയാണ് എട്ട് പുസ്തകങ്ങളും വായനക്കാർ നെഞ്ചോട് ചേർത്തത്. സൂഫികളുടെ നാട്ടിലും ലിവിംഗ് ഓൺ ദ എഡ്ജും ദർദേ ജുദാഈയും ദൂർകെ മുസാഫിറും മലയാളികളുടെ മികച്ച യാത്രാവിവരണങ്ങളായി. ഓരോ പുസ്തകം വായിക്കുമ്പോഴും സർഗാത്മകതയുടെ ഇന്ദ്രജാലം കണ്ട് വായനക്കാർ വിസ്മയം കൂറി. നാടുചുറ്റിയ നാലാം ക്ലാസുകാരന്റെ ഭാവനാ വിലാസങ്ങളും ബിംബ കൽപ്പനകളും പലരും പകർത്തിയെഴുതി. വെച്ചിടത്തെല്ലാം വൈരക്കല്ല് പോലെ തിളങ്ങി നിന്നു.

അതിനിടക്കാണ് വിധി രോഗമായി വന്നതും കാലത്തെ കവച്ചുവെച്ച കാൽക്കരുത്തിനെ കിടത്തിക്കളഞ്ഞതും. മരണത്തിന്റെ വാതിലിൽ ചാരിയിരുന്നാണ് ആശുപത്രിയിൽ കഴിഞ്ഞുകൂടിയത്. ഓരോ ജീവൽ സ്പന്ദനങ്ങളും അന്യരുടെ ഔദാര്യങ്ങൾക്ക് വിട്ടുകൊടുക്കേണ്ടി വന്ന നിസ്സഹായത. പരാശ്രിതത്വത്തിന്റെ വേദന മനസ്സിലും ശരീരത്തിലും പേറി നീറിനീറി കഴിയുമ്പോൾ ചികിത്സാന്വേഷണങ്ങൾക്ക് ഫുൾസ്റ്റോപ്പിടാനാകില്ലല്ലോ. ജീവിത സ്വപ്‌നങ്ങൾ അഭിലാഷങ്ങളുടെ ചിതയിൽ വെന്തുരുകി വീണു.

നിർദയമായ നിസ്സഹായതയിൽ കൈപിടിക്കാനും കൂട്ടിരിക്കാനും അധികമാരുമുണ്ടായില്ല. എങ്കിലും ജീവിതത്തിന്റെ നല്ല പാതി സോഫിയ നിഴലും നിലാവുമായി താങ്ങും തണലുമായി പ്രതീക്ഷകളുടെ പുതുവരമ്പത്തേക്ക് കൈ പിടിച്ച് നടത്തിച്ചു. അവാർഡുകളും അംഗീകാരങ്ങളും സൗജന്യം കൊടുക്കുന്ന കാലത്ത് 53 രൂപയുമായിറങ്ങി 43 രാഷ്ട്രങ്ങളിലൂടെ 23 വർഷം ചുറ്റി സഞ്ചരിച്ച് സാഹസങ്ങളുടെയും ആപത്‌സന്ധികളുടെയും തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുവന്ന യാത്രികനെ തേടി അംഗീകാരങ്ങളും അഭിനന്ദനങ്ങളും മാത്രമല്ല, മരണവും ജീവിതവും അമ്മാനമാടിയ നിശ്ചേഷ്ടതയിൽ അവശ്യമായ സഹായ സഹകരണങ്ങൾ പോലും ഔദ്യോഗിക തലങ്ങളിൽ നിന്ന് കിട്ടിയില്ല. ഒറ്റപ്പെടലിന്റെയും പ്രതിസന്ധിയുടെയും മാത്രമായ നിമിഷങ്ങളിൽ മറുത്താലോചിക്കാനുണ്ടായിരുന്നില്ല.

പ്രാണവായു പോലെ സൂക്ഷിച്ച പുരാവസ്തുക്കൾ വിറ്റു. അന്വേഷണവുമായി വന്നവർക്കൊന്നും വിലമതിക്കാനായില്ല. ആ യാത്രികന്റെ ശേഖര വൈപുല്യത്തിന് മുമ്പിൽ അവർ കൈ കൂപ്പി നിന്നു. ഒടുവിൽ കിട്ടിയ കാശിന് വിറ്റു, മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിന്. തന്റെ ഹൃദയമാരോ മുറിച്ചെടുത്ത പോലെ തോന്നി മൊയ്തുവിന്. ഓരോ നിമിഷത്തിനും കാശെണ്ണി കൊടുക്കേണ്ട സ്ഥിതി വിശേഷത്തിൽ അല്ലാതെന്തു ചെയ്യാൻ?

ജീവിതത്തിന്റെ ചെങ്കൽ പ്രതലത്തിലേക്ക് പതുക്കെ കയറി വന്ന മൊയ്തു പൂർണ വിശ്രമത്തിലാണിപ്പോൾ. മരണത്തിന്റെ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചെങ്കിലും അറിവും ആത്മീയതയും മതവും രാഷ്ട്രീയവും ചരിത്രവും പ്രണയവും ഇതിവൃത്തമൊരുക്കിയ എട്ട് പുസ്തകങ്ങൾ, ദേശവും ഭാഷയും കാലവും സംസ്‌കാരവും കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മനസ്സിലാക്കിയ ഓർമകളുടെ കടലാസ് പ്രതലങ്ങൾ… മലയാളത്തിനപ്പുറം ചെന്നിട്ടില്ലാത്തതിന്റെ ദുഃഖം ആ മുഖത്തിപ്പോഴും ഘനീഭവിച്ച് കിടക്കുന്നുണ്ട്. പ്രിയപ്പെട്ട വായനക്കാരേ… ഒന്ന് മനസ്സുവെച്ചാൽ നിങ്ങൾക്ക്, നിങ്ങളുടെയൊരു കൂട്ടായ്മക്ക് ആ സാഹസികന്റെ സഞ്ചാര കഥകൾക്ക് പല ഭാഷകളുടെ പുതു ചിറകേകാൻ സാധിക്കില്ലേ? അത്ഭുതങ്ങളുടെ നിധികുംഭങ്ങളായ ആ അക്ഷരക്കൂട്ടുകൾ മലയാളത്തിന്റെ പേശിയും പ്രതാപവും വാനോളമുയർത്തില്ലേ..?

റൈഹാൻ വൃന്ദാവനം • [email protected]