കര്‍ണാടക; കാത്തിരുന്നു കാണാം, കോണ്‍ഗ്രസ്-ദള്‍ നേതാക്കളുടെ ആരോപണത്തിന് മറുപടി പറയുന്നില്ല: യെദ്യൂരപ്പ

Posted on: July 7, 2019 2:00 pm | Last updated: July 7, 2019 at 7:07 pm

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കാത്തിരുന്നു കാണാമെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ. കോണ്‍ഗ്രസ്, ജനതാള്‍ എം എല്‍ എമാരുടെ കൂട്ട രാജിക്കു പിന്നില്‍ ബി ജെ പിയാണെന്ന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെയും പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ യെദ്യൂരപ്പ തയാറായില്ല. എന്നാല്‍, സംസ്ഥാനത്ത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഞാനിപ്പോള്‍ തുംകൂറിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. വൈകിട്ട് നാലിന് തിരിച്ചെത്തും. കാര്യങ്ങള്‍ എങ്ങനെ കലാശിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. എന്നാല്‍, കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും ആരോപണത്തിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല-യെദ്യൂരപ്പ പറഞ്ഞു.

എം എല്‍ എമാരുടെ കൂട്ട രാജിയെ തുടര്‍ന്ന് കര്‍ണാടകയിലെ ജനതാദള്‍ എസ്-കോണ്‍ഗ്രസ്സഖ്യ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജിവച്ച 14ല്‍ 10 പേരും മുംബൈയിലെത്തി അവിടുത്തെ ഹോട്ടലില്‍ കഴിയുകയാണ്.