രാഷ്ട്രീയ കരുനീക്കങ്ങളില്‍ കലങ്ങി കര്‍ണാടക; വിമതരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്-ജനതാദള്‍ നേതൃത്വം

Posted on: July 7, 2019 1:38 pm | Last updated: July 7, 2019 at 7:07 pm

ബെംഗളൂരു: കര്‍ണാടകയില്‍ എം എല്‍ എമാരുടെ കൂട്ടരാജിയില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാറിനെ സംരക്ഷിക്കാന്‍ അനുനയ നീക്കങ്ങളുമായി കോണ്‍ഗ്രസ്-ദള്‍ നേതൃത്വം. വിമത എം എല്‍ എമാരുടെ രാജി പിന്‍വലിപ്പിക്കാനും പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തുന്നതിനുമായി ഇരു കക്ഷികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഇന്ന് മുംബൈയിലെത്തും. രാജിവച്ച 14 എം എല്‍ എമാരില്‍ 10 പേരെ ബി ജെ പി ഇടപെട്ട് രാജ്യസഭാ എം പി. രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തില്‍ മുംബൈയിലെ ഹോട്ടലിലേക്കു മാറ്റിയിരുന്നു. ഇവരുമായാണ് നേതാക്കള്‍ ചര്‍ച്ച നടത്തുക. കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് അനുനയ നീക്കങ്ങള്‍ നടത്തുന്നത്.

യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പി സി സി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും ഇന്ന് വൈകീട്ട് മടങ്ങിയെത്തുന്നുണ്ട്. ഇതിനു ശേഷമായിരിക്കും ചര്‍ച്ചകള്‍ സജീവമാക്കുക. ശനിയാഴ്ച മാത്രം 12 എം എല്‍ എമാരുടെ രാജി ലഭിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നാണ് സ്്പീക്കര്‍ അറിയിച്ചിട്ടുള്ളത്.

സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംജാതമായിട്ടുണ്ടെങ്കിലും ഉടന്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, സഖ്യ സര്‍ക്കാര്‍ നിലംപതിക്കാനുള്ള വലിയ സാധ്യതകള്‍ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അണിയറ നീക്കങ്ങള്‍ ബി ജെ പി ഊര്‍ജിതമായി നടത്തിവരികയാണെന്നാണ് സൂചന. ഇതു വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ സര്‍ക്കാറുണ്ടാക്കാന്‍ മടിക്കില്ലെന്നും യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നും കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു കഴിഞ്ഞു.

നിലവിലെ സഖ്യ സര്‍ക്കാറില്‍ നിന്ന് ഒരു എം എല്‍ എ കൂടി രാജി നല്‍കിയാല്‍  ബി ജെ പിക്ക് അധികാരത്തിലെത്താന്‍
കളമൊരുങ്ങും. 221 അംഗ സഭയില്‍ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. അധികാരത്തിലുള്ള കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യത്തിന് 119 സീറ്റാണ് നിലവിലുള്ളത്. 105 സീറ്റാണ് ബി ജെ പിയുടെ അക്കൗണ്ടിലുള്ളത്. സഖ്യ സര്‍ക്കാറില്‍ നിന്ന് രാജിവച്ച 14 എം എല്‍ എമാരില്‍ എട്ടുപേരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായാല്‍ ബി ജെ പിക്ക് സര്‍ക്കാറുണ്ടാക്കാം.