എഫ്-35 യുദ്ധ ജെറ്റ് കരാര്‍: അമേരിക്കയുടെ പിന്മാറ്റം കൊള്ളയടിക്കു സമാനമെന്ന് ഉര്‍ദുഗാന്‍

Posted on: July 5, 2019 8:21 pm | Last updated: July 5, 2019 at 10:32 pm

അങ്കാറ: തുര്‍ക്കിക്ക് എഫ്-35 യുദ്ധ ജെറ്റുകള്‍ നല്‍കാനുള്ള കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ തീരുമാനം കൊള്ളയടിക്കു സമാനമാണെന്ന് പ്രസിഡന്റ് റിസെപ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഒരു ഉപഭോക്താവ് കൃത്യമായി പണം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് ആ ഉപഭോക്താവിന് കരാര്‍ പ്രകാരമുള്ള ഉത്പന്നം നിഷേധിക്കുക? അതിനെ കൊള്ള എന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല- ഉര്‍ദുഗാനെ ഉദ്ധരിച്ച് നാഷണല്‍ ഹുര്‍റിയത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് തുര്‍ക്കിക്ക് യു എസ് യുദ്ധ ജെറ്റുകള്‍ നിഷേധിച്ചത്.
116 എഫ് -35 ജെറ്റുകള്‍ക്കാണ് തുര്‍ക്കി ഓര്‍ഡര്‍ ചെയ്തത്. കരാര്‍ പ്രകാരം 140 കോടി ഡോളര്‍ അടച്ചു കഴിഞ്ഞിട്ടുള്ളതാണ്. നാലു ജെറ്റുകള്‍ യു എസ് കൈമാറി. ഇത്തരം ജെറ്റുകള്‍ പറത്തുന്നതിനുള്ള പരിശീലനത്തിനായി തുര്‍ക്കി പൈലറ്റുകള്‍ യു എസിലേക്ക് പോവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കരാറില്‍ നിന്ന് പിന്മാറുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് ഉര്‍ദുഗാന്‍ ചോദിച്ചു.