Connect with us

Articles

വേണം, ചുങ്കപ്പുരകളില്ലാത്ത പൊതു നിരത്തുകള്‍

Published

|

Last Updated

കേരളത്തിലെ ദേശീയ പാത വികസനം ഒരിഞ്ചു പോലും മുന്നോട്ടു പോകാതെ തുടരുന്നു. പാതക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ്, നഷ്ടപരിഹാരം തീര്‍പ്പാക്കല്‍, വിതരണം എന്നിവയടക്കമുള്ള എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ മെയ് രണ്ടിന് ദേശീയ പാത അതോറിറ്റി ഉത്തരവിറക്കി. കേരളത്തിലെ പാതയോരത്തെ കെട്ടിട സാന്ദ്രത, ഭീമമായ ഭൂമിവില, പ്രതിഷേധം എന്നിവയാണ് പ്രധാന തടസങ്ങളെന്ന് കേന്ദ്ര ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പദ്ധതിക്ക് ആകെ 44,000 കോടി രൂപ ചെലവ് വരുമെന്നും അതിന്റെ പകുതി 22,000 കോടി രൂപ ഭൂമിയേറ്റെടുപ്പിന് ചെലവാകുമെന്നും ഇത്രയും തുക കണ്ടെത്തല്‍ പ്രയാസമെന്നുമാണ് കേന്ദ്ര മന്ത്രിയുടെ പക്ഷം. ചുരുക്കത്തില്‍ കേരളത്തിലെ 45 മീറ്റര്‍ പാത വികസന പദ്ധതി പ്രായോഗികമായി നടപ്പാക്കാന്‍ കഴിയില്ല എന്നാണ് മന്ത്രി പറഞ്ഞതിന്റെ സാരാംശം. സ്‌കൈ ബസ്, ജലഗതാഗതം തുടങ്ങിയ ബദലുകള്‍ക്ക് സഹായിക്കാമെന്ന അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകള്‍ ഇത് അടിവരയിടുന്നു. ദീര്‍ഘകാലമായി സമര രംഗത്തുള്ളവര്‍ പറയുന്ന അതേ കാര്യമാണ് കേന്ദ്ര ഹൈവേ മന്ത്രി ഇപ്പോള്‍ പറയുന്നത് എന്നതാണ് ഏറെ കൗതുകം.

പിണറായി വിജയന്‍

ദേശീയ പാത വികസനത്തിന് പണം തടസമല്ല, ഭൂമിക്ക് കമ്പോള വിലയുടെ മൂന്നിരട്ടി വരെ നഷ്ടപരിഹാരം നല്‍കും തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പുകള്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അതി ഭീമമായ ഈ സംഖ്യ കണ്ടെത്തല്‍ പ്രായോഗികമല്ലെന്ന സമര രംഗത്തുള്ളവരുടെ വാദത്തെ നിക്ഷിപ്ത താത്പര്യക്കാരെന്നും വികസന വിരോധികളെന്നും ആക്ഷേപിച്ചാണ് 45 മീറ്റര്‍ ചുങ്കപ്പാതയെ പിന്തുണക്കുന്നവര്‍ നേരിട്ടത്. ഈ രീതിയില്‍ മിക്ക ജില്ലകളിലും ബലപ്രയോഗത്തിലൂടെ ഭൂമിയുടെ അളവെടുപ്പ് പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാറിന്റെ ഉടമസ്ഥതയിലായി എന്ന 3ഡി വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാല്‍ മൂന്നിരട്ടി പോയിട്ട് കമ്പോളവിലയുടെ പകുതി പോലും ലഭ്യമാക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നതിന്റെ പൊരുള്‍.

കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുന്ന 5,500 കോടി രൂപ കണ്ടെത്തി നല്‍കിയാലും പ്രശ്‌നം തീരില്ല. ഏകദേശം 4,000 ഏക്കര്‍ ഭൂമിയാണ് പാത വികസനത്തിന് ഏറ്റെടുക്കേണ്ടത്. കേരളത്തിലെ ഏറ്റവും വിലകൂടിയ പ്രദേശങ്ങളിലെ ഭൂമിയാണിത്. ശരാശരി സെന്റിന് 10 ലക്ഷം രൂപ എന്ന് കമ്പോള വില നിശ്ചയിച്ചാലും 4,000 ഏക്കര്‍ ഭൂമിക്ക് മാത്രം 40,000 കോടി രൂപ വേണം. കെട്ടിടങ്ങള്‍, വീടുകള്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വൃക്ഷങ്ങള്‍, മറ്റ് എടുപ്പുകള്‍ എന്നിവക്ക് നല്‍കേണ്ട നഷ്ടപരിഹാരം കൂടി കൂട്ടിയാല്‍ ഇത് 50,000 കോടിക്ക് മുകളില്‍ വരും. 2013ലെ നിയമമനുസരിച്ചുള്ള അധിക ആനുകൂല്യങ്ങള്‍ നല്‍കി സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതിന്റെ പലമടങ്ങ് തുക നഷ്ടപരിഹാരമായി കണ്ടെത്തേണ്ടിവരും. ഇത് തുടര്‍ന്നും പാത വികസനത്തിന് കുരുക്കാകുമെന്നര്‍ഥം.

ദേശീയ പാത അതോറിറ്റിയും ഹൈവേ മന്ത്രിയും 45 മീറ്റര്‍ പദ്ധതി നടപ്പാക്കല്‍ പ്രായോഗികമല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള 30 മീറ്റര്‍ ആറ് വരി പാതയായി അടിയന്തരമായി വികസിപ്പിച്ച് സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തേണ്ട സന്ദര്‍ഭമാണിത്. 45 മീറ്റര്‍ അപ്രായോഗികമാണെന്ന് മുമ്പ് പലവട്ടം തീരുമാനിച്ചതാണ്. ഈ കാരണത്താലാണ് 1997 ല്‍ എക്‌സ്പ്രസ് ഹൈവേ കൊണ്ടുവന്നത്. 2010ലെ സര്‍വകക്ഷി യോഗ തീരുമാനം, 2011ലെ പാര്‍ലിമെന്റ്എസ്റ്റിമേറ്റ്‌സ് കമ്മിറ്റി തീരുമാനം, 2013ലെ അന്നത്തെ ഹൈവേ മന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിന്റെ നിര്‍ദേശം, 2014ലെ യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാനം എന്നിവയൊക്കെ ആ തിരിച്ചറിവില്‍ നിന്നുണ്ടായതാണ്. എന്നാല്‍ ആ തീരുമാനങ്ങളെല്ലാം ഒന്നൊന്നായി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ ബി ഒ ടി മാഫിയകളുടെ സ്വാധീനവും സംശയിക്കാം. ഇനിയും ഇതേ നില തുടരാതിരിക്കാന്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വം ഇടപെടണം.

ഹാഷിം ചേന്ദാമ്പിള്ളി

കേന്ദ്ര സര്‍ക്കാര്‍ തുക കണ്ടെത്തിയാലും കുടിയൊഴിപ്പിക്കപ്പെടുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവരെ പകരം സംവിധാനമൊരുക്കി പുനരധിവസിപ്പിക്കേണ്ട ബാധ്യതയില്‍ നിന്ന് സര്‍ക്കാറുകള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. ദേശീയ പാത വികസനം ഇനിയും നീട്ടിക്കൊണ്ടു പോകാനും കഴിയില്ല. ഈ സാഹചര്യത്തില്‍ പ്രായോഗികമായി ദേശീയപാത വികസനം സാധ്യമാക്കാനുള്ള വഴികള്‍ തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്.

30 മീറ്ററില്‍ ആറ് വരി
അത്ര മോശമാണോ?

ആകെയുള്ള 600 കിലോമീറ്ററില്‍ ഏകദേശം 450 കിലോമീറ്ററിലും 30 മീറ്ററോ അതില്‍ കൂടുതലോ ലഭ്യമാണ്. ഇവിടെയൊക്കെ ആകെ നിര്‍മിച്ചിട്ടുള്ളത് ഏഴ് മീറ്റര്‍ വീതിയുള്ള രണ്ട്‌വരി പാത മാത്രമാണ്. ഇവിടങ്ങളിലെല്ലാം ഭൂമിയേറ്റെടുപ്പിന്റെ തടസങ്ങളില്ലാതെ ഇന്നു തന്നെ 4/6 വരിപ്പാതകളായി വികസിപ്പിക്കാന്‍ കഴിയും. അതിലൂടെ സംസ്ഥാനത്തിന് ലഭിക്കാവുന്ന വലിയ ആശ്വാസം 45 മീറ്ററിന് വേണ്ടി കാത്തിരുന്ന് ഇനിയും തുലക്കുന്നത് ബുദ്ധിശൂന്യമാണ്. 30 മീറ്ററില്‍ സര്‍ക്കാര്‍ നിര്‍മിക്കുമെങ്കില്‍ ഇരകളില്‍ ചിലര്‍ ഭൂമി സൗജന്യമായി നല്‍കാന്‍ പോലും സന്നദ്ധരാണ് എന്നത് ബാക്കിയുള്ള നാലിലൊന്ന് ഭാഗത്തെ ഭൂമിയേറ്റെടുപ്പ് എളുപ്പമാക്കും. കുറഞ്ഞ കുടുംബങ്ങളെ മാത്രമേ ബാധിക്കൂ എന്നതിനാല്‍ മികച്ച പുനരധിവാസ-നഷ്ടപരിഹാര പാക്കേജ് നല്‍കിയാല്‍ സുഗമമായി ഭൂമി ഏറ്റെടുക്കാം.

ഒരു വര്‍ഷത്തിനകം കേരളത്തില്‍ ഇന്നുള്ള രണ്ട്‌വരി പാതകള്‍ ആറ്‌വരി പാതകളായി വികസിപ്പിക്കാം. നിലവിലുള്ളതിനേക്കാള്‍ 200 ശതമാനം അധികം വികസനം എന്നത് ഒരു ചെറിയ കാര്യമല്ല. പ്രത്യേക സര്‍വീസ് റോഡ് എന്നത് തത്കാലം മാറ്റിവെക്കാം. ആറ്‌വരി പാത നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ആവശ്യമുള്ളയിടങ്ങളിലെല്ലാം അടുത്ത ഘട്ടമായി സര്‍വീസ് റോഡ് നിര്‍മിക്കുന്നതും ആലോചിക്കാവുന്നതാണ്. പ്രത്യേകം വേര്‍തിരിച്ച സര്‍വീസ് റോഡുണ്ടെങ്കില്‍ അപകടങ്ങള്‍ കുറയും എന്ന വാദം തീര്‍ത്തും തെറ്റാണെന്ന് അങ്കമാലി- മണ്ണുത്തി പാതയിലെ അപകട മരണങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും.

എലവേറ്റഡ് ഹൈവേ
അസാധ്യമല്ല

ഭൂമിയുടെ ക്ഷാമം, ഭീമമായ വില, കെട്ടിട – ജനസാന്ദ്രത, അപകടങ്ങള്‍ എന്നിവ കണക്കിലെടുത്താല്‍ കേരളം പോലുള്ള സംസ്ഥാനത്ത് എലവേറ്റഡ് ഹൈവേ നിര്‍മിക്കലാണ് പ്രായോഗികം എന്ന് ബിജു പ്രഭാകര്‍ ഐ എ എസിനെ പോലുള്ള പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 30 മീറ്ററിന്റെ നടുക്ക് മീഡിയനില്‍ പില്ലറുകള്‍ സ്ഥാപിച്ച് അവക്ക് മുകളിലൂടെ 10 വരി പാതകളായി വരെ വികസിപ്പിക്കാം. 45 മീറ്റര്‍ പദ്ധതിയേക്കാള്‍ അപകടങ്ങള്‍ പകുതിയിലേറെയും കുറയും. കാല്‍നടക്കാര്‍, മൃഗങ്ങള്‍, സൈക്കിള്‍, കൈവണ്ടികള്‍, ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഒഴിവാകുമെന്നതാണ് കാരണം. വശങ്ങളില്‍ നിന്നുള്ള പ്രവേശനം മൂലമുള്ള അപകടങ്ങളും ഒഴിവാകും. റോഡ് ക്രോസിംഗുകളും സിഗ്നലുകളും ഇല്ലാതാകുന്നതോടെ അതിവേഗത്തില്‍ യാത്രയും സാധ്യമാകും. അതിവേഗ-ദീര്‍ഘദൂര വാഹനങ്ങള്‍, കണ്ടെയ്‌നര്‍ അടക്കമുള്ള ചരക്കു വാഹനങ്ങള്‍ എന്നിവക്കായി എലവേറ്റഡ് പാത ഉപയോഗിക്കാം. താഴെയുള്ള പാത ചെറു വാഹനങ്ങള്‍ക്കും പ്രാദേശിക ആവശ്യത്തിനുമുള്ള സര്‍വീസ് റോഡായി നിലനിര്‍ത്തി എലവേറ്റഡ് പാത ഉപയോഗിക്കുന്നവര്‍ക്ക് ടോളും ഏര്‍പ്പെടുത്താം.
ദേശീയ പാത അതോറിറ്റിയുടെ എസ്റ്റിമേറ്റ് പ്രകാരം ഒരു കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേക്ക് 95 കോടി രൂപയാണ് ചെലവ്. 600 കിലോമീറ്ററിന് 57,000 കോടി രൂപ. നിര്‍ധിഷ്ട 45 മീറ്റര്‍ പദ്ധതിക്ക് പ്രാഥമിക കണക്കനുസരിച്ച് തന്നെ 44,000 കോടി വേണ്ടിവരുമെന്ന് കണ്ടെത്തിയിരിക്കെ 13,000 കോടി രൂപയുടെ അധിക ചെലവ് നഷ്ടമല്ല. നിര്‍ദിഷ്ട പദ്ധതിയേക്കാള്‍ ഇരട്ടി വികസനം, കൂടിയ വേഗത, കുറഞ്ഞ അപകടങ്ങള്‍, ഒഴിവാകുന്ന കുടിയൊഴിപ്പിക്കല്‍, പ്രതിഷേധങ്ങള്‍ എന്നിവ പരിഗണിച്ചാല്‍ പ്രത്യേകിച്ചും. കുറഞ്ഞ പക്ഷം പട്ടണങ്ങള്‍, പ്രധാന കവലകള്‍, ഭീമമായ കുടിയൊഴിപ്പിക്കല്‍ വേണ്ട സ്ഥലങ്ങള്‍, പ്രളയ ബാധിത മേഖലകള്‍ എന്നിവിടങ്ങളിലെങ്കിലും എലവേറ്റഡ് ഹൈവേ നിര്‍മിക്കുകയും ബാക്കി പ്രദേശങ്ങളില്‍ 30 മീറ്ററില്‍ ആറ്‌വരി പാതയായി വികസിപ്പിക്കുകയും ചെയ്താല്‍ പാത വികസനം ജനപങ്കാളിത്തത്തോടെ സുഗമമായി പൂര്‍ത്തിയാക്കാം.

പുതിയ സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും രീതിയില്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടു വെച്ചാല്‍ അത് ദേശീയ പാത അതോറിറ്റിക്കും കേന്ദ്ര സര്‍ക്കാറിനും തള്ളിക്കളയാന്‍ കഴിയില്ല. 45 മീറ്റര്‍ മാത്രമാണ് വികസനമെന്നും 30 മീറ്ററിലേത് മോശപ്പെട്ട വികസനമാണെന്നുമുള്ള വികലമായ കാഴ്ചപ്പാട് മാറ്റിവെച്ച് പാത വികസനത്തിലേക്കുള്ള പ്രയോഗിക വഴികള്‍ തുറക്കാനുള്ള ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കണം.

45 മീറ്റര്‍ പദ്ധതിയുടെ പിന്നില്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ള സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ ചുങ്കക്കെണിയും വിസ്മരിക്കരുത്. നവലിബറല്‍ നയങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന പാലിയേക്കര മോഡല്‍ ചുങ്കപ്പാതകള്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിച്ച് ജനങ്ങളുടെ അധ്വാന ബാക്കി കൊള്ളയടിക്കുകയാണ്. എവിടെയൊക്കെ 45 മീറ്റര്‍ വീതിയില്‍ ഭൂമി ദേശീയ പാത അതോറിറ്റിക്ക് കൈമാറിയോ അവിടെയൊക്കെ ടോള്‍ കൊള്ളക്കുള്ള ചുങ്കപ്പുരകള്‍ ഉയര്‍ന്നിട്ടുണ്ട് എന്നതാണ് വസ്തുത. പാലിയേക്കര, വാളയാര്‍, കുമ്പളം, പൊന്നാരിമംഗലം, വടക്കഞ്ചേരി തുടങ്ങി ഉദാഹരണങ്ങള്‍ നിരവധിയാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കി അവരുടെ ഭൂമി പിടിച്ചെടുത്തും ജനങ്ങളെ കൊള്ളയടിക്കാന്‍ ഇരുപതോളം ടോള്‍ പ്ലാസകള്‍ നിര്‍മിച്ചുമുള്ള 45 മീറ്റര്‍ ചുങ്കപ്പാതക്ക് ഇടതുപക്ഷ സര്‍ക്കാര്‍ വഴിയൊരുക്കിയാല്‍ അത് അക്ഷരാര്‍ഥത്തില്‍ അപരാധമാകും.

നമുക്ക് 30 മീറ്ററില്‍ ആറ് വരിയായി ചുങ്കപ്പുരകള്‍ ഇല്ലാത്ത പൊതു നിരത്തുകള്‍ നിര്‍മിക്കാം. മെട്രോ-മോണോ റെയിലുകള്‍, അതിവേഗ റയില്‍ പാത, തീരദേശ- മലയോര ഹൈവേകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ സ്വന്തം നിലയില്‍ ഏറ്റെടുത്ത നമുക്ക്, എട്ടോ പത്തോ ആയിരം കോടി രൂപ കണ്ടെത്തല്‍ വലിയ പ്രതിസന്ധിയല്ല. പ്രളയത്തെ അതിജീവിച്ച നമുക്ക് നവ കേരളത്തിനു വേണ്ടി ഇതും നേരിടാം.