കോഴിക്കോട് മെഡി. കോളജില്‍ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം പ്രവർത്തനം തുടങ്ങി

Posted on: June 29, 2019 12:35 pm | Last updated: June 29, 2019 at 12:35 pm

കോഴിക്കോട്: മലബാർ മേഖലയിലെ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്ക് ഇനി സ്വകാര്യ ആശുപത്രികളെയോ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെയോ ആശ്രയിക്കേണ്ടതില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം പൂർണ സംവിധാനങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ആദ്യപടിയായി ഈ മാസം അഞ്ച് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ നടത്തി.

ഗുരുതര ഹൃദ്രോഗമുള്ള കുട്ടികൾക്കാണ് ഹൃദ്യം പദ്ധതിയിലൂടെ ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലെ ഡോ. ബൈജുധരൻ, കോഴിക്കോട് മെഡി. കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗ വിഭാഗം പൂർണമായി സജ്ജീകരിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി ആറ് ലക്ഷം രൂപയും ഉപകരണങ്ങൾക്ക് 66.5 ലക്ഷം രൂപയും ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ചിരുന്നു. കൂടാതെ വിദഗ്ധ പരിശീലനം നൽകി ആറ് സ്റ്റാഫ് നഴ്‌സുമാരെ ഈ യൂനിറ്റിലേക്ക് ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ചിട്ടുണ്ട്.

പീഡിയാട്രിക് ഇന്റൻസീവീസ്റ്റ്, പീഡിയാട്രിക് കാർഡിയാക് അനസ്തസ്റ്റിസ്റ്റ് എന്നിവരെകൂടി നിയോഗിച്ച് ഈ യൂനിറ്റ് കൂടുതൽ ശക്തിപ്പെടുത്തും. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് ആരോഗ്യമന്ത്രി ഈ യൂനിറ്റിനായി പ്രത്യേകം തയ്യാറാക്കിയ വാർഡ് ഉദ്ഘാടനം ചെയ്തിരുന്നു. തുടക്കത്തിൽ മാസത്തിൽ ഒരു തവണ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലെ വിദഗ്ധ സംഘം ശസ്ത്രക്രിയക്കായി മെഡിക്കൽ കോളജിൽ ക്യാമ്പ് ചെയ്യും. ക്രമേണ വിദഗ്ധ പരിശീലനം ലഭിക്കുന്നതോടു കൂടി മെഡിക്കൽ കോളജ് സ്ഥിരമായി ശസ്ത്രക്രിയക്ക് പ്രാപ്യമാകും.