പ്രളയാനന്തര പുനര്‍നിര്‍മാണം: കേരളത്തിന് കൈത്താങ്ങായി 1750 കോടിയുടെ ലോകബാങ്ക് സഹായം

Posted on: June 28, 2019 8:15 pm | Last updated: June 29, 2019 at 9:54 am

ന്യൂഡല്‍ഹി: നവകേരള നിര്‍മിതിക്ക് കൈത്താങ്ങായി കേരളത്തിന് 1750 കോടിയോളം (25 കോടി ഡോളർ) രൂപയുടെ ലോകബാങ്ക് സഹായം. ഇതുസംബന്ധിച്ച വായ്പാകരാറില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവെച്ചു. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി തുടങ്ങിയ മേഖലകളിലായാണ് വയാ്പ ലഭിക്കുക.

കഴിഞ്ഞമാസം വാഷിങ്ടണില്‍ ചേര്‍ന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗമാണ് കേരളത്തിന് വായ്പ അനുവദിക്കാന്‍ തീരുമാനിച്ചത്. ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വിഭാഗം അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖരെയാണ് ലോകബാങ്ക് പ്രതിനിധികളുമായുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി ഒപ്പിട്ടു. ലോകബാങ്കിന് വേണ്ടി കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് കമാല്‍ അഹമ്മദാണ് ഒപ്പുവെച്ചത്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് കേരളത്തിന് സംഭവിച്ച നഷ്ടങ്ങള്‍ നികത്തുന്നതിനാണ് ലോകബാങ്ക് സഹായധനം അനുവദിച്ചത്. ഇതിന് മുന്നോടിയായി ലോകബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്ത് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.