പീഡനം എതിര്‍ത്ത അമ്മക്കും മകള്‍ക്കും കൗണ്‍സിലറുടെ നേതൃത്വത്തില്‍ ക്രൂര മര്‍ദനം;തല മൊട്ടയടിച്ച് നടത്തിച്ചു

Posted on: June 28, 2019 1:43 pm | Last updated: June 28, 2019 at 8:38 pm

പാറ്റ്‌ന: ബിഹാറില്‍ പീഡന ശ്രമം എതിര്‍ത്ത അമ്മേയേയും മകളേയും പ്രാദേശിക വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ച ശേഷ തല മൊട്ടയടിച്ചു. തുടര്‍ന്ന് ഇരുവരേയും തെരുവില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബിഹാറിലെ വൈശാലി ഗ്രാമത്തിലാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഈ ക്രൂരത അരങ്ങേറിയത്.

48 വയസ്സുള്ള അമ്മയും അടുത്തിടെ വിവാഹിതയായ 19 വയസ്സുകാരിയായ മകളുമാണ് ക്രൂരതക്കിരയായത്. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഖുര്‍ഷിദിന്റെ നേതൃത്വത്തില്‍ സ്ത്രീകളെ തല മൊട്ടയടിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചുവെന്ന് പോലീസും സ്ഥിരീകരിച്ചു. പീഡന ശ്രമം എതിര്‍ത്താണ് പ്രകോപനമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും മുടി മുറിച്ചയാളും കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്. അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നായിരുന്നു പോലീസിന്റെ ഇടപെടല്‍.

നവ വധുവായ മകളെ പീഡിപ്പിക്കാന്‍ ഒരു കൂട്ടമാളുകള്‍ ഇവരുടെ വീട്ടിലേക്ക് അതിക്രമച്ചു കടക്കുകയായിരുന്നു. അമ്മ മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികള്‍ രണ്ടു സ്ത്രീകളെയും തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് പുറത്തേക്ക് വഴിച്ചിഴച്ചുകൊണ്ടുവന്നു. കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു ഇത്. മര്‍ദനത്തിനുശേഷം മുടി മുറിക്കാനും കൗണ്‍സിലര്‍ ഉത്തരവിട്ടു. പ്രതികളെയെന്ന പോലെ അമ്മയേയും മകളേയും ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.സ്ത്രീകള്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് എന്നാരോപിച്ചായിരുന്നു മര്‍ദനവും ക്രൂരതയുമെന്നാണ് കൗണ്‍സിലര്‍ അവകാശപ്പെടുന്നത്. പീഡന ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നതെന്നും 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.