വിദൂര സർവകലാശാല ബിരുദം: വിദേശ അധികൃതരുമായി കൂടിയാലോചന നടത്തും: മന്ത്രി

  Posted on: June 27, 2019 3:59 pm | Last updated: June 27, 2019 at 3:59 pm

  തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിംഗ് മേഖലയിൽ നിലവാരം കുറയുന്നുവെന്ന വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിൽ എൻജിനീയറിംഗ് പ്രവേശനത്തിനായുള്ള പരീക്ഷകൾ പരിഷ്‌കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ നിയമസഭയിൽ പറഞ്ഞു.

  ഹൈസ്‌കൂൾ തലത്തിൽ നിന്ന് ഉപരി പഠന യോഗ്യത നേടുന്ന മുഴുവൻ വിദ്യാർഥികൾക്കും ഹയർസെക്കൻഡറി വിഭാഗത്തിൽ ഉപരിപഠനത്തിന് അവസരം ഒരുക്കുകയെന്നത് അപ്രായോഗികമാണ്. നിലവിൽ ഒരു സർക്കാരിനും അത് നടപ്പാക്കാൻ കഴിയില്ല. എന്നാൽ ഈ പോരായ്മ പരിഹരിക്കാനാണ് സർവകലാശാലകൾ നടത്തുന്ന വിദൂര പഠന കേഴ്‌സുകൾ. 10,000 കണക്കിന് വിദ്യാർഥികൾ പ്രതിവർഷം ഇത്തരംകോഴ്‌സുകളിലൂടെ വിജയകരമായി ഉപരിപഠനം സാധ്യമാക്കുന്നുണ്ട്.

  വിദേശ രാജ്യങ്ങളിൽ അധ്യാപക തസ്തികകളിലെ നിയമനങ്ങൾക്ക് ഒഴികെ മറ്റെല്ലാ കോഴ്‌സുകൾക്കും ജോലികൾക്കും വിദൂര വിദ്യാഭ്യാസ പഠന വിഭാഗത്തിലെ ബിരുദം അംഗീകരിച്ചിട്ടുണ്ട്.
  എന്നാൽ അധ്യാപക തസ്തികകളിലും പരിഗണിക്കുന്നതിന് വിദേശ രാജ്യങ്ങളിലെ ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തും.
  സംസ്ഥാനത്ത് ഓപൺ സർവകലാശാല വരുന്നതോടെ മുഴുവൻ വിദൂര പഠന കോഴ്‌സുകളും ഇതിന് കീഴിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.