Connect with us

Editorial

റോഡുകള്‍ വെട്ടിപ്പൊളിക്കരുത്‌

Published

|

Last Updated

സുരക്ഷിതവും സുഖകരവുമായ യാത്ര കേരളത്തിലെ റോഡുകളില്‍ സ്വപ്‌നമാണിന്നും. കുണ്ടും കുഴികളും നിറഞ്ഞ്, യാത്ര ദുഷ്‌കരമാണ് ഹൈവേകളടക്കം സംസ്ഥാനത്തെ ബഹുഭൂരിഭാഗം റോഡുകളിലും. റോഡുകള്‍ ഒരു നിശ്ചിത കാലാവധിക്കകം തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമമുണ്ട്. ജല അതോറിറ്റിയും മറ്റും റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റോഡുകള്‍ പൊട്ടിപ്പൊളിയുന്നു. കോടികള്‍ ചെലവഴിച്ച് പുതുക്കിപ്പണിതവ ടാറിംഗ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ കുത്തിപ്പൊളിക്കുന്നു. ബി എസ് എന്‍ എല്‍, ജല അതോറിറ്റി തുടങ്ങിയവര്‍ അനിയന്ത്രിതമായി റോഡുകള്‍ വെട്ടിപ്പൊളിക്കുകയാണെന്നും ഇതുവഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൊതുഖജനാവിന് 3,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് മന്ത്രി ജി സുധാകരന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചത്. റോഡ് അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഇതിനു പുറമെയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് വെട്ടിപ്പൊളിക്കുന്നത് നിയന്ത്രിക്കുന്നതിനും മരാമത്ത് വകുപ്പിന്റെ റോഡുകള്‍ സംരക്ഷിക്കുന്നതിനും കാല്‍നടക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുമായി 2016 സെപ്തംബര്‍ മൂന്നിന് സര്‍ക്കാര്‍ ഉത്തരവ്(കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 2016) ഇറക്കിയിട്ടുണ്ട്. ഇതനുസരിച്ച് മരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളില്‍ അവരുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയ ശേഷമേ മറ്റു വകുപ്പുകള്‍ പ്രവൃത്തികള്‍ നടത്താവൂ. പ്രധാന പദ്ധതികള്‍ക്കായി റോഡ് വെട്ടിപ്പൊളിക്കണമെങ്കില്‍ ആറ് മാസം മുമ്പും ചെറിയ പദ്ധതികള്‍ക്ക് മൂന്ന് മാസം മുമ്പും പൊതുമരാമത്ത് വകുപ്പിനെ അറിയിക്കണം. എന്നാല്‍ ഇത് കണ്ടില്ലെന്ന മട്ടിലാണ് ജല അതോറിറ്റിയുടെ പ്രവര്‍ത്തനം. കഴിഞ്ഞ മാര്‍ച്ചിലാണ് 32 കോടി ചെലവിട്ട് ആധുനിക രീതിയില്‍ പുതുക്കി പണിത കാരേറ്റ്-കല്ലറ റോഡ് ടാര്‍ ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ ജല അതോറിറ്റി വെട്ടിപ്പൊളിച്ചത്. റോഡിന്റെ ടാറിംഗിന് കാലതാമസം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരമുറകള്‍ നടത്തിയതിനെ തുടര്‍ന്ന് പി ഡബ്ല്യൂ ഡി ഇടപെട്ട് കരാറുകാരനെ കൊണ്ട് ടാര്‍ ചെയ്യിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 28ന് വ്യാഴാഴ്ചയാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി പിറ്റേന്ന് വെള്ളിയാഴ്ച തന്നെ കല്ലറ ജംഗ്ഷനില്‍ റോഡ് വെട്ടിപ്പൊളിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉപരാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന് കൈവരികള്‍ സ്ഥാപിക്കാനായി കോട്ടയത്ത് സ്‌റ്റേഡിയം മുതല്‍ മാമ്മന്‍ മാപ്പിള ഹാള്‍ വരെയും, കഞ്ഞിക്കുഴി വഴി നാട്ടകം ഗസ്റ്റ് ഹൗസിലേക്കുള്ള വഴിയിലും റോഡ് വെട്ടിപ്പൊളിച്ചത്. ജല അതോറിറ്റിയുടെ ഇത്തരം തലതിരിഞ്ഞ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ റോഡുകളില്‍ ഉടനീളം നടക്കുന്നുണ്ട്. പലപ്പോഴും മഴക്കാലത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് കുഴികളില്‍ വെള്ളം നിറയാനിടയാക്കുന്നതിനാല്‍ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുകയും വാഹനങ്ങളും യാത്രക്കാരും വെള്ളക്കെട്ടുകളില്‍ വീണുള്ള ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. നല്ല റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് അഴിമതിക്കുള്ള പ്രധാന വഴിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയതായും ജല അതോറിറ്റി എന്‍ജിനീയര്‍മാരും കരാറുകാരും ചേര്‍ന്ന് കള്ളക്കളി നടത്തുകയാണെന്നുമാണ് മന്ത്രി ജി സുധാകരന്റെ അഭിപ്രായം. റോഡ് പൊളിക്കുന്നതിന് മരാമത്ത് വകുപ്പിന് നല്‍കേണ്ട തുക നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏജന്‍സികള്‍ അടക്കാറുമില്ലത്രെ.

2017 ഡിസംബറില്‍ പൊതുമരാമത്ത,് ജലവിഭവ വകുപ്പ് മന്ത്രിമാരും വൈദ്യുതി, വാട്ടര്‍ അതോറിറ്റി, ഐ ടി, ഊര്‍ജ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗം മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി സംസ്ഥാനത്തെ റോഡുകള്‍ കുഴിക്കുന്നത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കാനും റോഡ് മധ്യത്തിലൂടെ കേബിളിടുന്നത് നിരോധിക്കാനും തീരുമാനിച്ചിരുന്നു. കേബിളും പൈപ്പ് ലൈനും ഇടാനായി റോഡുകള്‍ വെട്ടിപ്പൊളിക്കുമ്പോള്‍ ടാറിംഗുള്ള ഭാഗം ഒഴിവാക്കണം, റോഡ് മുറിച്ചു കടന്ന് കുഴിക്കണമെങ്കില്‍ പണിയുടെ വിശദമായ പ്ലാനും റൂട്ടും പൊതുമരാമത്ത് വകുപ്പില്‍ സമര്‍പ്പിച്ച് നിശ്ചിത ഫീസടച്ച് അനുമതി തേടണം,  പൈപ്പ് പൊട്ടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ റോഡ് കുഴിക്കാന്‍ വാട്ടര്‍ അതോറിറ്റി മരാമത്തിന്റെ പ്രത്യേക അനുമതി വാങ്ങണം, ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ച് റോഡിനു പരമാവധി നാശമുണ്ടാകാത്ത രീതിയിലേ കുഴിക്കാവൂ, സ്വകാര്യ കമ്പനികളുടെ കേബിള്‍ ജോലികള്‍ ചെയ്യുന്നത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ വെക്കാനും യോഗത്തില്‍ ധാരണയായതാണ്. എന്നാല്‍ ഈ ചട്ടങ്ങളെല്ലാം മറികടന്നു കൊണ്ടാണ് വാട്ടര്‍ അതോറിറ്റി ഇപ്പോഴും റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത്. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മയാണ് ഇതിന് പ്രധാന കാരണം. ഇക്കാര്യത്തില്‍ കുറേയേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് മന്ത്രി സുധാകരന്‍ പറയുന്നത്.

ദേശീയ പാത നാല് വരിയായി വികസിപ്പിക്കുന്ന പദ്ധതികളില്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി കേബിളുകള്‍, പൈപ്പുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് യൂട്ടിലിറ്റി സ്‌പെയ്‌സ്, യൂട്ടിലിറ്റി ഡക്റ്റ് എന്നിവ ഉള്‍പ്പെടുത്താറുണ്ട്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പുതുതായി നടപ്പാക്കുന്ന നഗര, റോഡ് വികസന പദ്ധതികളിലും കേബിളുകള്‍, പൈപ്പുകള്‍ എന്നിവ പ്രത്യേകം ഡക്റ്റുകള്‍ നിര്‍മിച്ച് അവയിലൂടെ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ സംവിധാനം എല്ലാ റോഡുകള്‍ക്കരികിലും സ്ഥാപിക്കുകയാണ് ഇതിനുള്ള പരിഹാരം.

Latest