‘ആരുടെയും ബാപ്പയുടെ സ്വകാര്യ സ്വത്തല്ല ഇന്ത്യ’; തൃണമൂല്‍ എം പി മെഹുവാ മൊയ്ത്രയുടെ പ്രസംഗം തരംഗം

Posted on: June 26, 2019 12:22 am | Last updated: June 27, 2019 at 3:47 pm

ന്യൂഡല്‍ഹി: തൃണമൂല്‍ എം പി മെഹുവാ മൊയ്ത്രയുടെ പാര്‍ലിമെന്റിലെ കന്നി പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ തംരഗമാകുന്നു. ട്വിറ്റര്‍ ട്രന്‍ഡില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പ്രസംഗത്തിലുടനീളം ഫാസിസത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും കടന്നാക്രമിക്കുകയാണ് മെഹുവ. അതേസമയം, പശ്ചിമ ബംഗാളില്‍ സി പി എം പ്രവര്‍ത്തകരോട് അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ഫാസിസ്റ്റ് സമീപനം ചൂണ്ടിക്കാണിച്ച് മഹുവ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശവും നേരിടുന്നുണ്ട്.

നിങ്ങള്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ഒരു പാര്‍ലിമെന്റാണെങ്കിലും വിയോജിപ്പിന്റെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പറഞ്ഞു കൊണ്ടാണ് മഹുവ പ്രസംഗം തുടങ്ങിയത്. ചരിത്രത്തിന്റെ ഏത് ഭാഗത്ത് നില്‍ക്കണമെന്ന ചോദ്യമാണ് ഇപ്പോള്‍ സ്വയം ചോദിക്കേണ്ടത്. ഈ രാജ്യത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കണമോ അതോ അതിന്റെ ശവമടക്കിന് കാര്‍മികത്വം വഹിക്കണമോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എം പിയായ മെഹുവ ചോദിക്കുന്നു.

ബി ജെ പിക്ക് ലഭിച്ച വമ്പന്‍ ഭൂരിപക്ഷം ചൂണ്ടി നിങ്ങള്‍ പറയുമായിരിക്കും, അച്ഛേ ദിന്‍ വന്നെന്ന്. നിങ്ങള്‍ ഉണ്ടാക്കുന്ന ഇന്ത്യന്‍ സാമ്രാജ്യത്തില്‍ ഒരിക്കലും സൂര്യനസ്തമിക്കില്ലെന്നും കരുതിയേക്കാം. എന്നാല്‍ കണ്ണു തുറന്ന് നോക്കിയാല്‍ കാണാം. രാജ്യം ഛിന്നഭിന്നമാകുന്ന കാഴ്ചകളാണെങ്ങും. യു എസിലെ ഹോളോകോസ്റ്റ് മ്യൂസിയത്തില്‍ എഴുതിവെച്ച ഫാസിസത്തിന്റെ ഏഴ് സവിശേഷതകളും ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നു. തൊലിപ്പുറമേയുള്ള ദേശീയതയാണ് അതില്‍ ഒന്ന്. മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കുന്നുവെന്നത് രണ്ടാമത്തേത്. വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുന്നു, പൊതു മാധ്യമങ്ങളെ നിയന്ത്രിക്കുന്നു, ദേശീയ സുരക്ഷ അപകടത്തിലെന്ന മിഥ്യാധാരണ പരത്തുന്നു, ഭരണത്തില്‍ മതം അപകടകരമായ വിധത്തില്‍ ഇടപെടുന്നു. ഇവയെല്ലാം ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നു. ഇനി പറയൂ ഇന്ത്യ നീങ്ങുന്നത് ഫാസിസത്തിലേക്കല്ലെങ്കില്‍ എങ്ങോട്ടാണ്? മഹുവ ചോദിക്കുന്നു.

പ്രധാനമന്ത്രിയെയും സ്മൃതി ഇറാനിയെയും പരാമര്‍ശിച്ച് അസാമിലെ പൗരത്വ രജിസ്റ്ററിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്ക് സ്വന്തം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്ത നാട്ടിലാണ് എല്ലാം നഷ്ടപ്പെട്ട പൗരന്‍മാരോട് ഏത് രാജ്യക്കാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ പറയുന്നത്.

വിദ്വേഷ കുറ്റകൃത്യങ്ങളുടെ നാടായി ഇന്ത്യ മാറുകയാണ്. പെഹ്‌ലു ഖാനില്‍ തുടങ്ങിയ ആള്‍ക്കൂട്ടക്കൊല ഝാര്‍ഖണ്ഡിലെ ജയ് ശ്രീറാം കൊലയില്‍ എത്തിയിരിക്കുകയാണ്. 2014 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷങ്ങളില്‍ രാജ്യം കണ്ട കൊലപാതകങ്ങള്‍ നിങ്ങള്‍ പാകിയ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണ്. 2014ല്‍ നിന്ന് 2019ല്‍ എത്തുമ്പോള്‍ വിദ്വേഷ കൊലകള്‍ പത്ത് മടങ്ങായിരിക്കുന്നു. ഇവയുടെ എണ്ണം കൂട്ടാന്‍ മാത്രം ചില ശക്തികള്‍ നടക്കുകയാണ്. മൗലാനാ ആസാദിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് മഹുവ രാജ്യത്തിന്റെ ബഹുസ്വരത വിശദമാക്കിയത്.

രാജ്യത്തെ അഞ്ച് പ്രധാന മാധ്യമങ്ങള്‍ പരോക്ഷമായി ഒരു വ്യക്തി നിയന്ത്രിക്കുന്ന സ്ഥിതിയാണുള്ളത്. അല്ലെങ്കില്‍ ആ വ്യക്തിയോട് കടപ്പെട്ട സ്ഥിതിയാണുള്ളത്. സര്‍ക്കാര്‍ അനുകൂല അന്തരീക്ഷമുണ്ടാക്കാന്‍ 120 പേരെ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിയമിച്ചിരുന്നുവെന്നും അവര്‍ ആരോപിച്ചു. ഗീബല്‍സ് ആണ് നിങ്ങളുടെ മാതൃകാ പുരുഷന്‍. കളവ് സത്യമാകും വരെ ആവര്‍ത്തിക്കുകയാണ് നിങ്ങള്‍- മഹുവ ആഞ്ഞടിച്ചു.

രണ്ട് വരി കവിത ചൊല്ലിയാണ് മഹുവ പ്രസംഗം ഉപസംഹരിച്ചത്.

സഭീ കാ ഖൂന്‍ ഹേ ശാമില്‍ യഹാ കാ മിട്ടീ മേ ..
കിസീ കാ ബാപ് കാ ഹിന്ദുസ്ഥാന്‍ തോഡീ ഹേ..