Connect with us

Articles

അടിയന്തരാവസ്ഥയുടെ പ്രേതങ്ങള്‍ ഇവിടെത്തന്നെയുണ്ട്

Published

|

Last Updated

ഇന്ദിരാ ഗാന്ധി

“ഞാനെന്തു മാത്രം തളര്‍ന്നും കുഴഞ്ഞും പോയിരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഒരു പരിശോധനയും നടന്നിട്ടില്ല. എനിക്കെപ്പോഴും ബോധക്കേടുണ്ടാകുന്നു. ഞാനാകെ വിഷണ്ണയുമായിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത ക്ഷീണം തോന്നുന്നു. ഉറക്കം വരുന്നു. ഉടനെ നിലത്തു കിടന്നില്ലെങ്കില്‍ ഹൃദയം ഇതാ നിലക്കുകയായി എന്നത് പോലെ. മരണം ഇത്ര ലളിതമാണോ? നിരര്‍ഥകമാണോ?”

കുല്‍ദീപ് നയ്യാര്‍

സ്‌നേഹലതാ റെഡ്ഢിയുടെ ഡയറിക്കുറിപ്പില്‍ നിന്നാണ്. 1975ലെ അടിയന്തരാവസ്ഥയുടെ ബലിക്കല്ലില്‍ ജീവിതം ചിതറിത്തെറിച്ചു പോയ അനേകം പേരിലൊരാള്‍. എഴുത്തുകാരി, സാംസ്‌കാരിക പ്രവര്‍ത്തക, അഭിനേത്രി, ആക്ടിവിസ്റ്റ് ഇതെല്ലാമായിരുന്നു സ്‌നേഹലതാ റെഡ്ഢി. വിപുലമായ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നു അവര്‍ക്ക്. സോഷ്യലിസ്റ്റ് നേതാവ് ജോര്‍ജ് ഫെര്‍ണാണ്ടസ് അവരിലൊരാളായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അവരുടെ രാഷ്ട്രീയ ആഭിമുഖ്യം ജയപ്രകാശ് നാരായണനോടായിരുന്നു. അത് മാത്രമായിരുന്നു അവര്‍ ചെയ്ത കുറ്റം.

അടിയന്തരാവസ്ഥക്കാലമാണ്. നീതിയും നിയമവും ഭരണകൂടം തെളിച്ച വഴിക്ക് സഞ്ചരിച്ച കാലമാണത്. മൗനം രാഷ്ട്രഭാഷയായി സര്‍വരും അംഗീകരിച്ചു കൊള്ളണമെന്ന് തിട്ടൂരങ്ങളിറങ്ങിയ കാലം. പ്രതികരിച്ചവര്‍ ഒന്നടങ്കം ജയിലിലടക്കപ്പെട്ടു. പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഒഴിവായില്ല. ഭരണഘടന നോക്കുകുത്തിയാക്കപ്പെട്ടു. ഭേദഗതികള്‍ തുടര്‍ക്കഥയായി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിക്കാന്‍ കഴിയാത്ത മുപ്പത്തൊമ്പതാം ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി സ്വന്തം നില ഭദ്രമാക്കി. സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനായിരുന്നു അധികാര മേല്‍ക്കൈ. അതുകൊണ്ട് ഭേദഗതികള്‍ എളുപ്പം ചുട്ടെടുക്കാന്‍ ഇന്ദിരാ ഗാന്ധിക്ക് സാധിച്ചു.
രാഷ്ട്രീയ എതിരാളികളെ മാത്രമല്ല, ഭരണകൂട വിമര്‍ശകരെയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചവരെയും ശത്രുക്കളായി കണ്ടു. അവര്‍ വേട്ടയാടപ്പെട്ടു. അറസ്റ്റുകള്‍ വ്യാപകമായി. രാഷ്ട്രീയ തടവുകാരെ കൊണ്ട് ജയിലുകള്‍ നിറഞ്ഞു. കണ്ണീരും ചോരയും കൊണ്ടെഴുതപ്പെട്ട എത്രയോ കഥകള്‍ പില്‍ക്കാലം പുറംലോകമറിഞ്ഞു. അതിലൊന്നാണ് സ്‌നേഹലതാ റെഡ്ഢിയുടെത്.

സ്‌നേഹലതാ റെഡ്ഢിയും ഡയറിക്കുറിപ്പും

ആണുങ്ങളുടെ മാത്രം ശബ്ദം മുഴങ്ങിക്കേട്ട ഒരു സമര കാലത്തിന്റെ നിശ്ശബ്ദമായ നിലവിളിയായിരുന്നു സ്‌നേഹലതാ റെഡ്ഢി. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തോട് അനുഭാവം പ്രകടിപ്പിച്ച തെറ്റിനാണ് സ്‌നേഹലതാ റെഡ്ഢിയെ തേടി ബംഗളൂരുവിലെ അവരുടെ വീട്ടില്‍ പോലീസ് വാഹനമെത്തിയത്. ആഭ്യന്തര സുരക്ഷാ നിയമം (മിസ) ആണ് അവര്‍ക്കെതിരെ പ്രയോഗിച്ചത്. എന്ത് സുരക്ഷാ ഭീഷണിയാണ് താനുണ്ടാക്കിയത് എന്ന ചോദ്യത്തിനൊന്നും സ്‌കോപ്പില്ലാത്ത നാളുകളാണ്. ജയിലില്‍ അവരെ കാത്തിരുന്നത് ക്രൂരമായ അനുഭവങ്ങളാണ്.
“ജയിലിനുള്ളിലേക്ക് കടന്നുവരുന്ന ഒരു സ്ത്രീയോട് അവര്‍ ആദ്യമേ ചെയുന്ന ഒരു ക്രൂരതയുണ്ട്. സകലരുടെയും മുന്നില്‍ വെച്ച് അവളുടെ തുണി മുഴുവന്‍ ഉരിഞ്ഞുകളയും. ശിക്ഷ കിട്ടിയതിന്റെ മനസ്സുലച്ചിലോടെയാകും അവള്‍ ജയിലിലേക്ക് കയറി വരുന്നത്. അവളുടെ ശരീരത്തെ കൂടി ഇങ്ങനെ അപമാനിച്ചില്ലെങ്കില്‍ എന്തെങ്കിലും കുറഞ്ഞു പോകുമോ അവിടെ..? ഇതൊക്കെ മാറണ്ടേ..?” എന്നവര്‍ അനുഭവത്തിന്റെ തിക്തതയെ ചോദ്യമായി ആവിഷ്‌കരിച്ചു.
കടുത്ത ആസ്ത്മാ രോഗിയായിരുന്നിട്ടും ചികിത്സ നിഷേധിക്കപ്പെട്ടു.

മരണമുഖത്തോളമെത്തിയ വേദനകളിലൂടെ അവര്‍ കടന്നു പോയി. ഒടുക്കം ജീവന്‍ പോകുമെന്ന ഘട്ടത്തില്‍ മാത്രം പരോള്‍. എട്ട് മാസത്തിലധികം നീണ്ട പീഡാനുഭവങ്ങള്‍ അവരെ തളര്‍ത്തിക്കളഞ്ഞു. മോചനത്തിന്റെ അഞ്ചാം നാള്‍ ഹൃദയാഘാതം, തുടര്‍ന്ന് മരണം. സ്‌നേഹലതാ റെഡ്ഢിയെ ചലച്ചിത്ര ലോകത്ത് സുപരിചിതയാക്കിയത് യു ആര്‍ അനന്തമൂര്‍ത്തിയുടെ നോവലിന്റെ (സംസ്‌കാര) സിനിമാവിഷ്‌കാരമാണ്. അവരുടെ ഭര്‍ത്താവ് പട്ടാഭിരാമ തന്നെയായിരുന്നു സംവിധായകന്‍. ജാതി വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആ ചലച്ചിത്രത്തില്‍ അവര്‍ക്കൊപ്പം അഭിനയിച്ച ഗിരീഷ് കര്‍ണാട് വിടവാങ്ങിയത് ഈയിടെയാണ്.

മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

സ്വേച്ഛാധിപത്യത്തിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുള്ള ആദ്യത്തെ പ്രച്ഛന്ന പ്രവേശമായിരുന്നു അടിയന്തരാവസ്ഥ. പ്രധാനമന്ത്രി പദവിയില്‍ തുടരാന്‍ വേണ്ടി ഇന്ദിരാ ഗാന്ധി കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്. കോണ്‍ഗ്രസ് പാര്‍ട്ടി പൂര്‍ണമായി അവര്‍ക്കൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ 352 പാര്‍ലിമെന്റംഗങ്ങളില്‍ അഞ്ച് പേരൊഴികെ, മറ്റെല്ലാവരും ഇന്ദിരക്ക് സ്തുതിഗീതം പാടി. ജനാധിപത്യത്തില്‍ ഏകാധിപത്യത്തിനൊരു മുറിയുണ്ടെന്ന അപായ സൈറണ്‍ മുഴങ്ങിക്കേള്‍ക്കുന്നത് അടിയന്തരാവസ്ഥയിലാണ്. ഭരണഘടനയെ തന്നെയാണ് ഇന്ദിരാ ഗാന്ധി ഉപയോഗപ്പെടുത്തിയത്. മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയും മാധ്യമ പ്രവര്‍ത്തകരെ ജയിലിലിട്ടും ജനാധിപത്യത്തെ ഗളച്ഛേദം ചെയ്യുകയായിരുന്നു ആ നാളുകളില്‍.

പ്രണോയ് റോയ്‌

മെയിന്‍ സ്ട്രീം, ഹിമ്മത്, തുഗ്ലക്ക്, ഫ്രീഡം ഫസ്റ്റ്, ഫ്രോണ്ടിയര്‍, സെമിനാര്‍ തുടങ്ങി ഒരു ഡസനിലധികം പ്രസിദ്ധീകരണങ്ങള്‍ക്ക് അക്കാലത്ത് താഴ് വീണിട്ടുണ്ട്. ബദല്‍ ശബ്ദങ്ങളായി നിലകൊണ്ട മാഗസിനുകളും ജേര്‍ണലുകളും നിരോധിക്കപ്പെട്ടു. ഡെയ്ലി ടെലഗ്രാഫിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റിപ്പോര്‍ട്ടര്‍മാരെ രാജ്യത്ത് നിന്ന് പുറത്താക്കി. പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം സംഘടിപ്പിച്ചതിന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാറിന് ജയിലില്‍ പോകേണ്ടിവന്നു. ആ കറുത്ത ദിവസങ്ങളെ അനുസ്മരിപ്പിക്കുന്ന വാര്‍ത്തകളാണ് രാജ്യത്ത് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

വേട്ടയുടെ തനിയാവര്‍ത്തനം

ഗിരീഷ് കര്‍ണാട്‌

ഭരണകൂടത്തിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും വേട്ടയാടപ്പെടുകയാണ്. രണ്ട് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ ഇടപാടുകള്‍ നടത്തുന്നതിനും എന്‍ ഡി ടി വിയുടെ മാനേജ്‌മെന്റ് ചുമതലകള്‍ വഹിക്കുന്നതിനും എന്‍ ഡി ടി വി പ്രൊമോട്ടര്‍മാരായ പ്രണോയ് റോയിക്കും ഭാര്യ രാധികക്കുമെതിരെ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സെബിയുടെ (സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തീരുമാനമാണ് അതില്‍ ഒടുവിലത്തെത്. കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഏജന്‍സിയാണ് സെബി. എന്‍ ഡി ടി വിയുടെ തലപ്പത്തു നിന്ന് ഇരുവരെയും പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്നു. 2017ല്‍ പ്രണോയ്യുടെ വസതി സി ബി ഐ റെയ്ഡ് ചെയ്തിരുന്നു. ഐ സി ഐ സി ഐ ബേങ്കില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടായിരുന്നു ആ റെയ്ഡെങ്കിലും അതൊരു പ്രതികാര നടപടിയാണെന്ന് അന്ന് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പിനു മുമ്പില്‍ കെട്ടിയിട്ട സംഭവത്തെ ആസ്പദിച്ച് എന്‍ ഡി ടി വി നടത്തിയ ചര്‍ച്ചയില്‍ ബി ജെ പി വക്താവ് സംബിത് പത്ര എന്‍ ഡി ടി വിക്ക് ബി ജെ പി വിരുദ്ധ അജന്‍ഡയുണ്ടെന്ന് ആരോപിച്ചിരുന്നു. അയാളുടെ നാക്കിട്ടടിക്കല്‍ അസഹ്യമായപ്പോള്‍ ഇറങ്ങിപ്പോകൂ എന്ന് അവതാരകന് പറയേണ്ടിവന്നു. അന്ന് തുടങ്ങിയതാണ് എന്‍ ഡി ടി വിയെയും അതിന്റെ സ്ഥാപകനായ പ്രണോയ് റോയിയെയും തകര്‍ക്കാനുള്ള നീക്കം. കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാറിന്റെ കാലുഴിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു ആ റെയ്ഡും കേസും. ദിവസങ്ങള്‍ക്ക് മുമ്പ് സെബി കൈക്കൊണ്ട തീരുമാനം പ്രതികാര നടപടികള്‍ അവസാനിച്ചിട്ടില്ലെന്നതിന്റെ സൂചനയാണ്.

ജോര്‍ജ്ഫെര്‍ണാണ്ടസ്‌

ജേര്‍ണലിസ്റ്റ് പ്രശാന്ത് കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന ആരോപണമുയര്‍ത്തിയാണ്. യു പി മുഖ്യമന്ത്രിയോടുള്ള യുവതിയുടെ വിവാഹാഭ്യര്‍ഥന ട്വിറ്ററില്‍ പ്രശാന്ത് ഷെയര്‍ ചെയ്തതാണ് യോഗിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വ്രണം പൊട്ടിയൊലിച്ചതോ പ്രതിച്ഛായക്ക് കളങ്കമേറ്റതോ അല്ല യഥാര്‍ഥ പ്രശ്നം. ഭരണഘടനക്ക് മുകളില്‍ ഭരണാധികാരിയെ പ്രതിഷ്ഠിക്കുകയാണ്. അദ്ദേഹത്തെ കുറിച്ച് ഒരു വാക്കുമുരിയാടരുത്, വിമര്‍ശിക്കരുത്, അദ്ദേഹത്തിന് ഇഷ്ടമില്ലാത്തതൊന്നും പറയരുത്, പ്രവര്‍ത്തിക്കരുത്. ഒടുവില്‍ സുപ്രീം കോടതി തന്നെ ഇടപെടേണ്ടി വന്നു, പ്രശാന്ത് കാനോജിയക്ക് പുറം ലോകം കാണാന്‍.

അടിയന്തരാവസ്ഥയെ
പുനരാനയിക്കുകയോ?

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമാകുന്നതെങ്ങനെയാണ്? വിമര്‍ശം ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്‍വാണെന്ന് പരമോന്നത കോടതി തന്നെ ഓര്‍മിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നമ്മുടെ വ്യവസ്ഥയില്‍ അതൊരു മാറ്റവുമുണ്ടാക്കുന്നില്ല. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അത് പ്രകടമാകുന്നില്ല. അധികാരിയെ വിമര്‍ശിച്ചെന്നാല്‍ ജയിലും ജോലി നഷ്ടവും. വിമര്‍ശകരെ ശത്രുക്കളായി കരുതിയ ഇന്ദിരാ രാജിന്റെ മാരകമായ തനിയാവര്‍ത്തനമാണ് രാജ്യത്ത് കാണുന്നത്. അടങ്ങിയൊതുങ്ങി ജീവിച്ചോളണം, നാവടക്കി പണിയെടുത്തോളണം. ഇതാണ് ഭരണകൂടങ്ങള്‍ പ്രജകളോട് പറയാതെ പറയുന്നത്.

പ്രശാന്ത് കനോജിയ

അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത പാര്‍ട്ടികളും നേതാക്കളും അധികാരത്തിലെത്തുമ്പോള്‍ ഇന്ദിരാ ഗാന്ധിയെയല്ല, ഹിറ്റ്‌ലറെ തന്നെ പകര്‍ത്താനുള്ള തിടുക്കങ്ങളാണ് കാണിക്കുന്നത്. അധികാരികളെ തിരുത്തേണ്ടത് ജനങ്ങളും മാധ്യമങ്ങളുമാണ്. മാധ്യമങ്ങളില്‍ ഏറിയ പങ്കും ഭരണകൂടത്തിന്റെ അരുമകളോ അടിമകളോ ആയി കീഴടങ്ങിയിരിക്കുന്നു. പിന്നെയുള്ളത് ജനങ്ങളാണ്. പൗര സമൂഹത്തിന്റെ നിശ്ശബ്ദത അനുമതിയായി കരുതി ഇനിയൊരു അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യമുണ്ടായിക്കൂടാ. ഒരു സ്‌നേഹലതാ റെഡ്ഢിയും ചെയ്യാത്ത തെറ്റിന് ശിക്ഷയനുഭവിക്കേണ്ടി വരരുത്. ഒരു രാജനും ദാരുണാന്ത്യമുണ്ടാകരുത്. ഏതെങ്കിലും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച കാരണത്താല്‍ ഒരാളും ജയിലില്‍ പോകേണ്ടി വരരുത്. അതിനു ജനത്തിന് ഇച്ഛാശക്തി വേണം. ഭരണഘടനക്കകത്ത് നിന്നുകൊണ്ട് നീതിനിഷേധത്തിനും ജനാധിപത്യ വിരുദ്ധതക്കുമെതിരെ ശബ്ദമുയര്‍ത്തണം.

ഭരണകൂടത്തിനെതിരാകുന്നവര്‍ രാജ്യത്തിനെതിരാകുന്നു എന്ന പൊതുബോധം സൃഷ്ടിക്കപ്പെടുന്നത് അപകടകരമാണ്. വനം നശിപ്പിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുന്ന പ്രവണതക്ക് അറുതിയാകണം. പാര്‍ട്ടിയും കൊടിയും മാറുമ്പോഴും മാറ്റമില്ലാതെ തുടരുന്ന ഭരണകൂട ധാര്‍ഷ്ട്യങ്ങളുണ്ട്. അധികാരമുദ്രകള്‍ ആഴത്തില്‍ പതിപ്പിക്കാനുള്ള ഭരണകൂട തിടുക്കങ്ങളാണ് ചരിത്രത്തിലെ വലിയ രാഷ്ട്രീയ അബദ്ധങ്ങളായി മാറിയത്. ഇന്ത്യ 1975 അനുഭവിച്ചറിഞ്ഞതാണ്. സമകാല ഇന്ത്യ 1975ല്‍ നിന്ന് ഏറെയൊന്നും അകലെയല്ലെന്ന് ഓര്‍ക്കുക. അടിയന്തരാവസ്ഥയുടെ പ്രേതം ഇവിടെയൊക്കെ തന്നെയുണ്ട് എന്ന ഉറച്ചബോധ്യം സൂക്ഷിച്ചുകൊണ്ട് മാത്രമേ നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കാനാകൂ എന്ന തിരിച്ചറിവാണ് ജൂണ്‍ മാസം നമ്മിലുണര്‍ത്തേണ്ടത്.

മുഹമ്മദലി കിനാലൂര്‍

Latest