ഖത്തറിന് ലോകകപ്പ് അനുവദിച്ചതില്‍ അഴിമതി: യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍

Posted on: June 18, 2019 4:31 pm | Last updated: June 18, 2019 at 8:49 pm

പാരിസ്: 2022 ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിന് അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് യുവേഫ മുന്‍ പ്രസിഡന്റും ഫ്രഞ്ച് ഫുട്‌ബോളറുമായ മിഷേല്‍ പ്ലാറ്റിനി അറസ്റ്റില്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന ലോകകപ്പിന് ഖത്തറില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് വേദി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ പ്രമുഖര്‍ അറസ്റ്റിലാകുന്നത്.

2018 ലോകകപ്പ് റഷ്യക്ക് അനുവദിച്ച അതേ വേദിയിലാണ് 2022 ഖത്തറിനും അനുവദിക്കപ്പെട്ടത്. ഇതു സംബന്ധിച്ച് നിരവധി അഴിമതി ആരോപണങ്ങള്‍ ഉയരുകയും ഇതുമായി ബന്ധപ്പെട്ട് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 16 പേര്‍ സസ്‌പെന്‍ഷനിലാണ്. ഇതിനിടെയാണ് പാരീസിന് സമീപത്ത് വെച്ച് മിഷേല്‍ പ്ലാറ്റിനി അറസ്റ്റിലായിരിക്കുന്നത്.
ലോകകപ്പ് വേദിയ്ക്കായി ഖത്തറിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് മുമ്പ് ഫുട്‌ബോള്‍ സംഘാടകനായ മുഹമ്മദ് ബിന്‍ ഹമ്മാമുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് പ്ലാറ്റിനി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

എട്ട് വര്‍ഷത്തോളം ഫിഫ പ്രസിഡന്റായ മിഷേല്‍ പ്ലാറ്റിനിയെ അഴിമതി ആരോപണത്തില്‍ നാല് വര്‍ഷത്തേക്ക് നേരത്തെ വിലക്കിയിരുന്നു.