Connect with us

Business

സ്വർണത്തിനും ഏലക്കക്കും റെക്കോർഡ്; റബ്ബർ വില ഉയർന്നിട്ടും ടാപ്പിംഗ് നിർജീവം

Published

|

Last Updated

കൊച്ചി: പോയവാരം ഏലക്കയും സ്വർണവും റെക്കോർഡ് കുതിപ്പിലാണ്. എന്നാൽ ആഭ്യന്തര ആവശ്യം കുറഞ്ഞത് കരുമുളക് വിപണിയെ തളർത്തിയിരിക്കുകയാണ്. റബ്ബർ വില ഉയർന്നിട്ടും ടാപ്പിംഗ് മേഖല നിർജീവമായി തുടരുകയാണ്.

വാരാന്ത്യം ബോഡിനാക്കനൂരിൽ നടന്ന ഏലക്ക ലേലത്തിൽ മികച്ചയിനങ്ങളുടെ വില സർവകാല റെക്കോഡിലേക്ക് ഉയർന്നു. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 4,000 രൂപയുടെ റെക്കോർഡ് പഴങ്കഥയാക്കി കൊണ്ട് മികച്ചയിനം ഏലക്ക കിലോ 4,503 രൂപയിലെത്തി. ആഭ്യന്തര വിദേശ വിപണികളിൽ നിന്ന് ഏലത്തിന് ആവശ്യകാരുണ്ട്. വേനൽ മഴയുടെ അഭാവം മൂലം പുതിയ സീസൺ ഒക്ടോബറിൽ മാത്രം തുടങ്ങുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

സ്വർണ വില റെക്കോാർഡ് നിരക്കിലേക്ക് കയറി. 24,320 രൂപയിൽ വിൽപ്പന തുടങ്ങിയ പവൻ വെള്ളിയാഴ്ച 240 രൂപയുടെ മികവുമായി 24,560ലേക്ക് കയറി. അന്ന് വ്യാപാര അവസാനിക്കുമ്പോൾ നിരക്ക് വീണ്ടും 160 രൂപ വർധിച്ച് സർവകാല റെക്കോർഡായ 24,720 രൂപയായി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ 24,640 രൂപയുടെ റെക്കോർഡാണ് വിപണി മറികടന്നത്. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 24,560 രൂപയായി. വിവാഹ സീസൺ കഴിഞ്ഞതിനാൽ ആഭരണ കേന്ദ്രങ്ങളിൽ തിരക്ക് കുറവാണ്.

അന്താരാഷ്ട്ര മാർക്കറ്റിൽ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില ദർശിച്ചു. ഔൺസിന് 1340 ഡോളറിൽ നിന്ന് 1359 ഡോളർ വരെ കയറിയ സ്വർണം വാരാന്ത്യം 1341 ഡോളറിലാണ്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയാണ് സ്വർണത്തിന്റെ വിലക്കയറ്റത്തിന് വേഗത പകർന്നത്. മെയ് അവസാനം 1270 ഡോളറിൽ നീങ്ങിയ സ്വർണം കേവലം പതിനൊന്ന് ദിവസം കൊണ്ട് 89 ഡോളർ ഉയർന്നു.

റബ്ബർ വില ഉയർന്നിട്ടും ടയർ നിർമാതാക്കൾക്ക് കാര്യമായി ഷീറ്റ് ശേഖരിക്കാനായില്ല. മാസാരംഭത്തിൽ 14,400 ൽ വ്യാപാരം നടന്ന ആർ എസ് എസ് നാലാം ഗ്രേഡ് ഇതിനകം 15,500 വരെ കയറി. വ്യവസായികൾ നിരക്ക് ഉയർത്തിയെങ്കിലും പ്രതീക്ഷിച്ചതോതിൽ ഷീറ്റ് സംഭരിക്കാനായില്ല. വിദേശ മാർക്കറ്റുകളിലും റബ്ബർ മികവിലാണ്.

നാളികേര കർഷകർക്ക് താങ്ങ് പകരാൻ പച്ചതേങ്ങയും കൊപ്രയും സംഭരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ ഏജൻസി. കേരഫെഡ് സൊസൈറ്റികൾ വഴി സംഭരിക്കുന്ന പച്ചതേങ്ങ കൊപ്രയാക്കി കേന്ദ്ര ഏജൻസിയായ നാഫെഡിന് കൈമാറും. എന്നാൽ വിപണിക്ക് അനുകൂലമായ വാർത്ത പുറത്തുവന്നിട്ടും വിലയിൽ മാറ്റം അനുഭവപ്പട്ടില്ല. കൊച്ചിയിൽ കൊപ്ര 8700 രൂപയിലും വെളിച്ചെണ്ണ 13,000 രൂപയിലുമാണ്.

ചുക്ക് സ്‌റ്റോക്ക് ചുരുങ്ങിയിട്ടും നിരക്ക് ഉയരുന്നില്ല. വിപണി വില കിലോ 260290 രൂപയിൽ നീങ്ങുമ്പോൾ കാർഷിക മേഖലകളിൽ 300 രൂപ വരെ ചുക്ക് വില കയറി. കൊച്ചിയിൽ ചുക്ക് വില ക്വിന്റലിന് 22,500 രൂപയായി.

വിപണിയിലേക്കുള്ള കുരുമുളക് നീക്കം ചുരുങ്ങിയിട്ടും നിരക്ക് താഴ്ന്നു. മഴ കണക്കിലെടുത്ത് സ്‌റ്റോക്കിസ്റ്റുകൾ കാര്യമായി ചരക്ക് ഇറക്കിയില്ല.

ഉത്തരേന്ത്യയിലെ ഉത്സവ സീസണിനായി ഉറ്റ്‌നോക്കുകയാണ് കാർഷിക മേഖല. പോയവാരം 900 രൂപ ഇടിഞ്ഞ് അൺ ഗാർബിൾഡ് 34,300 രൂപയായി. ഗാർബിൾഡ് കുരുമുളക് 36,300 ൽ വ്യാപാരം നടന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5600 ഡോളർ.

---- facebook comment plugin here -----

Latest