മെഡിസെപ്പിന് സകാത്ത് വരികയും വരാതിരിക്കുകയും ചെയ്യും, ഹ!

വഴിവിളക്ക്
Posted on: June 16, 2019 4:45 pm | Last updated: June 17, 2019 at 4:52 pm

സംഗതി, മെഡിസെപ്പും ഇൻഷ്വറൻസ് പദ്ധതി തന്നെയാണ്. പക്ഷേ എസ് എൽ ഐ- ജി ഐ എസ് എന്നിവയിൽ നിന്ന് വ്യത്യസ്തമാണ്. ഇവ രണ്ടും നമുക്ക് അത്യാഹിതങ്ങളൊന്നും വന്നില്ലെങ്കിലും ഒടുക്കം പിരിഞ്ഞുപോരുമ്പോൾ കൈയിൽ കിട്ടും/ അക്കൗണ്ടിൽ ക്രെഡിറ്റാകും. പലിശസഹിതമാണ് വരികയെന്ന് മാത്രം; പി എഫിന്റെത് പോലെ. നാം ക്ഷണിക്കാതെ നമ്മിലേക്ക് കുമ്മനടിച്ച് കടന്നുവരുന്ന പലിശപ്പരിഷയെ എന്തു ചെയ്യണമെന്നത് വേറൊരു വിഷയമാണ്, വഴിയേ പറയാം.
കേരള സർക്കാറിന്റെ കീഴിൽ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും അവരുടെ പേര് ചേർക്കപ്പെട്ട ആശ്രിതരുടെയും ആരോഗ്യ സംരക്ഷണമാണ് മെഡിസെപ്പിന്റെ ലക്ഷ്യം. ചികിത്സകൾ വമ്പൻ ബാധ്യതയും സാധ്യതയുമായി മാറുന്ന ഒരു കാലത്ത്, പേരുകേട്ട ആശുപത്രിയിൽ പോയി സർജറി ചെയ്യുന്നത് പൊങ്ങച്ചത്തിനുള്ള പോയിന്റായി ഗണിക്കുന്ന കാലത്ത് ലക്ഷങ്ങളുടെ ചികിത്സകൾ സ്വപ്‌നം കണ്ടുകണ്ടിരിക്കുന്നത് ഒരു തെറ്റല്ലായിരിക്കാം?

ഈ മാസം മുതലാണ് ഈ വകയിലേക്കുള്ള 400 രൂപ ഓരോ ഉദ്യോഗസ്ഥനിൽ നിന്നും ബലാത്കാരമായി പിടിച്ചുതുടങ്ങുന്നത്. “എന്റെ പൊന്നു സർക്കാറേ!, എന്റെയോ എനിക്ക് ചെലവിന് കൊടുക്കൽ നിർബന്ധമായവരുടെയോ ആരോഗ്യത്തെപ്രതി താങ്കൾക്ക് യാതൊരു ആധിയും വേണ്ട, ഞാൻ ആടലോടകം ഊറ്റിക്കുടിച്ചോ കൈയുണ്യം രസായനം സേവിച്ചോ എന്റെ ദീനത്തെ തോൽപ്പിച്ചുവിട്ടോളാം, എന്നെ വെറുതെ വിടൂ’ എന്ന് പറയാനുള്ള അവസരം ഒറ്റ ഉദ്യോഗസ്ഥനും ഇല്ല. ശമ്പളം പറ്റുന്നുണ്ടോ, മെഡിസെപ്പ് ഫർള് ഐനാണ്. സഹായ മനോഭാവം സംഹാരാത്മകമാകുന്നുണ്ട്, ചില വേളകളിൽ.

സാധാരണ ഇൻഷ്വറൻസുകളിലെന്ന പോലെ സാഹചര്യം ഒത്തുവന്നാൽ അധികതുക ഈടാക്കാം. 400 രൂപ മാസത്തിലിട്ടാൽ ലക്ഷങ്ങൾ ചികിത്സക്കായി കിട്ടും എന്ന് പറഞ്ഞാൽ ആർക്കാ വായിൽ വെള്ളം പൊട്ടാതിരിക്കുക? നമ്മേക്കാൾ ആവേശം മേൽക്കിട ആശുപത്രികൾക്കായിരിക്കും. പറയാൻ മാത്രം രോഗമൊന്നും പുറം നിരീക്ഷണത്തിൽ കാണുന്നില്ലെങ്കിലും കീറിമുറിച്ച് ഉള്ള് തുരന്ന് നോക്കിയാൽ വല്ല ദണ്ണവും കണ്ടേക്കാമെന്ന ശുഭപ്രതീക്ഷ ആശുപത്രിക്കാർക്ക് കൂടി വരാനിടയുണ്ട്. സർജറികളുടെ ജനനനിരക്ക് കൂടാനും ഇത് ഇടയാക്കും എന്നൊരു കുശുമ്പ് മൊഴി ഉയർന്ന് കേൾക്കുന്നുണ്ട്. നമുക്ക് നോക്കാനുള്ളത് ഈ ഏടാകൂടത്തിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്നാണ്.

ശ്രദ്ധിക്കൂ! നാം മാസാമാസം 400 വെച്ച് ചാമ്പുന്നു. നാലോ അഞ്ചോ കൊല്ലം കഴിയുമ്പോൾ നമുക്കോ നമ്മുടെ കുടുംബത്തിലെ ആർക്കെങ്കിലുമോ ഒരു സർജറി വേണ്ടിവരുന്നു. അപ്പോഴേക്കും നമ്മൾ അടച്ച തുക ഇരുപതിനായിരം കടക്കുന്നു. ആശുപത്രിയിൽ നമുക്ക് അതിനേക്കാൾ ചെലവ് വന്നുവെങ്കിൽ പോലും നാം അടച്ച തുക മാത്രം അന്നേരം നമ്മൾ സർക്കാറിൽ നിന്ന് ആവശ്യപ്പെടുന്നു.

ഇൻഷ്വറൻസടച്ചതല്ലേ, കിട്ടുന്നതൊക്കെ പോരട്ടേ എന്നല്ല നാം ചിന്തിക്കുന്നത്. മറിച്ച് മതപരമായി അംഗീകാരം കിട്ടാത്ത കാലണപോലും വേണ്ട എന്ന ദൃഢമായ തീർപ്പിലാണ് നമ്മൾ. വേണമെങ്കിൽ നമ്മൾ ആശുപത്രിക്കാരുമായി ടൈഅപ്പായി രണ്ട് തരം ബില്ലുകൾ മാനിപ്പുലേറ്റ് ചെയ്യുന്നു. ഒന്ന്, എത്രയാണോ നാമടച്ച മെഡിസെപ്പ് തുക അതിന് കണക്കായ ബില്ല്. ബാക്കി കാശിന് വേറൊരു ബില്ല് വസൂലാക്കുന്നു. അത് നാം പോക്കറ്റിൽ നിന്നെടുത്തോ കടം മേടിച്ചോ അടക്കുന്നു. അപ്പോഴെന്തായി? നമുക്കിങ്ങനെ പറയാം. നാം മാസാമാസം ഇത്ര തുക നിക്ഷേപിച്ചു. ഇത്ര കൊല്ലം കഴിഞ്ഞപ്പോൾ അത് പിൻവലിച്ചു. സകാത്ത് കൊടുക്കണ്ടേ? എന്താ സംശയം/ കൊടുത്തേ ഒക്കൂ. ഒരു കാര്യം ചെയ്യാം. നമുക്ക് സർ സയ്യിദ് കൊളജിലെ പോക്കരൂട്ടി പ്രൊഫസറുടെ മെഡിസെപ്പ് കണക്ക് ഭാവനയിൽ കൂട്ടി നോക്കാം..
എല്ലാവരേയും പോലെ പോക്കരൂട്ടി 2019 ജൂണിൽ മെഡിസെപ്പ് തുടങ്ങി. പി എഫും എസ് എൽ ഐയും ജി ഐ എസും മുറപോലെ അടക്കുന്നുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ. 2025ൽ അഥവ വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കി കിടക്കെ, മൂപ്പർ ആശുപത്രിയിലായി. ചികിത്സ കഴിഞ്ഞപ്പോൾ 46500 രൂപയുടെ ബില്ല്. പോക്കർ സാർ എന്തായിരിക്കും ചെയ്തിരിക്കുക.

ആന്ത്രോപോളജിയിൽ അഗ്രഗണ്യനായ പോക്കർ സാറിന്റെ സ്‌റ്റൈലൻ വെൻന്റോ വണ്ടി (ഫോക്‌സ്‌വാഗൻ) ഡിവൈഡറിൽ തട്ടി ചെറിയൊരു ഡാൻസ് കളിച്ചു. പോക്കർ മാഷിന്റെ നെറ്റിയിലും തലയുടെ ഇടതുഭാഗത്തും ഫ്രാക്ചർ വീണു.. 46800 സ്വാഹ! പോക്കർ സാർ സൂക്ഷ്മതയുള്ള ആളാകയാൽ ആൾറെഡി നിക്ഷേപിച്ച 24000 മാത്രമാണ് മെഡിസെപ്പിൽ നിന്നെടുത്തത്. മാത്രമല്ല കൃത്യമായി കണക്കുകൂട്ടി സകാത്ത് കൊടുത്തു. പക്ഷേ, മാഷിനൊരു അക്കിടി പറ്റിയിരുന്നു.

24000 ആകുമ്പോൾ അതിന്റെ രണ്ടര ശതമാനം 600 രൂപയല്ലേ എന്ന് വിചാരിച്ചുപോയിരുന്നു. പക്ഷേ അങ്ങനെ ടോട്ടലായി കൂട്ടിയാൽ പോരാ, കൊല്ലാകൊല്ലം കൂട്ടിക്കണക്കാക്കണമെന്ന് പറഞ്ഞ് തിരുത്തിക്കൊടുത്തത് “വഴിവിളക്ക്’ വഴി പി എഫ് കൂട്ടുന്നത് പഠിച്ച, അതേ കോളജിലെ അറബി മാഷ് എ കെ അബ്ദുൽ മജീദ് ആണ്. 1150 വരും സക്കാത്ത്. സന്തോഷം!
അപ്പോൾ ഒരു ചോദ്യം ബാക്കിവരുന്നത്, പോക്കരൂട്ടി പ്രൊഫസറുടെ കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞില്ലായിരുന്നുവെങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നാണ്. അദ്ദേഹം തുടർന്നും മാസാമാസം 400 വെച്ച് കാച്ചും. ഒന്നും തിരിച്ചുകിട്ടാതെ ഫേർവെൽ പാർട്ടിയിൽ പൊട്ടിക്കരഞ്ഞ് പ്രസംഗിച്ച് പിരിഞ്ഞുപോകും.. അപ്പോഴും മെഡിസെപ്പ് സകാത്ത് കൊടുക്കണോ? പറയാം..

ഫൈസൽ അഹ്‌സനി ഉളിയിൽ
• [email protected]