നിലവില്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥ; ഒത്തുതീര്‍പ്പ് പ്രയാസമാണെങ്കിലും ശ്രമം തുടരും- സി എഫ് തോമസ്

Posted on: June 16, 2019 6:33 pm | Last updated: June 17, 2019 at 11:16 am

കോട്ടയം: ഇപ്പോള്‍ പാര്‍ട്ടി പിളര്‍ന്ന അവസ്ഥയാണെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിലെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുതിര്‍ന്ന നേതാവ് സി എഫ് തോമസ്.

പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും സംസാരിച്ച് ഒത്തുതീര്‍പ്പിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമം ഇനിയും തുടരും. കേരള കോണ്‍ഗ്രസ് മുന്നോട്ട്‌പോകും. മുതിര്‍ന്ന നേതാക്കള്‍ മുന്‍കരുതലെടുത്ത് നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടിരുന്നു. എന്നാല്‍, അതിനിടെയാണ് പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങിയിരിക്കുന്നത്. ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങിയിട്ടില്ല. എന്നാല്‍, കൂടുതല്‍ പ്രയാസകരമാണ്’ അദ്ദേഹം പറഞ്ഞു.

കെ എം മാണി അടക്കമുള്ളവര്‍ക്കൊപ്പം നിന്ന് പാര്‍ട്ടിക്ക് പേരിട്ട അഞ്ച് പേരില്‍ ഒരാളാണ് താനെന്നും അതുകൊണ്ട് കേരള കോണ്‍ഗ്രസ് എമ്മിനോടൊപ്പമാണ് ഇന്നും ഇന്നലേയും നാളേയുമെന്നും തോമസ് പറഞ്ഞു.
മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കേരള കോണ്‍ഗ്രസിനെ വീണ്ടും പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്.