Kerala
പെണ്‍സുഹൃത്തിനെ സ്വന്തമാക്കാന്‍ വാഹനാപകടം; കാമുകനും സുഹൃത്തും അറസ്റ്റില്‍
കോന്നി മാമ്മൂട് സ്വദേശി രാജിഭവനില്‍ രഞ്ജിത്ത് രാജന്‍ (24), കോന്നിത്താഴം പയ്യനാമണ്‍ സ്വദേശി താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | പെണ്‍സുഹൃത്തിനെ സ്വന്തമാക്കാന്‍ വാഹനാപകടമുണ്ടാക്കി രക്ഷകനായെത്തിയ കാമുകനെയും സഹായിയായ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മാമ്മൂട് സ്വദേശി രാജിഭവനില്‍ രഞ്ജിത്ത് രാജന്‍ (24), കോന്നിത്താഴം പയ്യനാമണ്‍ സ്വദേശി താഴത്ത് പറമ്പില്‍ വീട്ടില്‍ അജാസ് (19) എന്നിവരെയാണ് നരഹത്യാശ്രമ കേസില്‍ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 23ന് വൈകിട്ട് അഞ്ചരയോടെ കോച്ചിങ് ക്ലാസ് കഴിഞ്ഞ് അടൂരില്‍ നിന്നും സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതിയെ രഞ്ജിത്ത് രാജന്റെ നിര്‍ദേശ പ്രകാരം അജാസ് കാറില്‍ പിന്തുടരുകയും വാഴമുട്ടം ഈസ്റ്റില്‍ വെച്ച് സ്‌കൂട്ടറിന്റെ പിന്നിലിടിച്ച് വീഴ്ത്തിയ ശേഷം വണ്ടി നിര്‍ത്താതെ ഓടിച്ച് പോകുകയും ചെയ്തു. പിന്നാലെ ഇന്നോവ കാറില്‍ ഉണ്ടായിരുന്ന രഞ്ജിത്ത് രാജന്‍, ഭര്‍ത്താവാണെന്ന് അപകടസ്ഥലത്തെത്തിയ ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയെ കാറില്‍ കയറ്റി കോന്നി ബിലീവേഴ്സ് ആശുപത്രിയിലെത്തിച്ചു.
അപകടത്തില്‍ യുവതിയുടെ വലതുകൈക്കുഴയ്ക്ക് സ്ഥാനഭ്രംശവും ചെറുവിരലിന് പൊട്ടലും ശരീരത്തിന്റെ പലഭാഗത്തും മുറിവും പറ്റിയിരുന്നു. യുവതിയുടെ മൊഴി പ്രകാരം സംഭവത്തിന് വാഹനാപകടക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ സുഹൃത്തായ യുവതിയെ വാഹനാപകടത്തില്‍പ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് രക്ഷകനായെത്തുകയായിരുന്നു രഞ്ജിത്ത് രാജന്‍. യുവതിയുടെ കുടുംബത്തിന്റെ അനുകമ്പ പിടിച്ചുപറ്റി യുവതിയെ സ്വന്തമാക്കുന്നതിനു വേണ്ടി പ്രതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അപകടമാണെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കേസില്‍ നരഹത്യാശ്രമത്തിനുള്ള വകുപ്പ് ചേര്‍ക്കുകയായിരുന്നു.
പത്തനംതിട്ട പോലീസ് സബ് ഇന്‍സ്പെക്ടര്‍ എസ് അലക്സ്‌കുട്ടി ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



