വിമോചന സമരത്തിന്റെ അറുപതാണ്ടുകൾ

വിമോചനസമരത്തിന്റെ അറുപതാം വാർഷികമാണിത്. ഇതിനിടയിൽ സർക്കാറുകൾ മാറിമാറി വന്നു. പാർട്ടികൾ പിളർന്നു, കേരളം ഏറെ പുരോഗമിച്ചു. ജൻമികുടിയാൻ ചൂഷണങ്ങൾ പൂർണമായും അവസാനിച്ചു. സമുദായശക്തികൾക്ക് ഇനിയൊരു വിമോചനസമരത്തിനു കെൽപ്പില്ലാത്ത വിധം രാഷ്ട്രീയപ്രബുദ്ധതയുണ്ടായി. ഏകപക്ഷീയ വാർത്തകൾ ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത നിലവന്നു. അപ്പോഴും ഒരു കാര്യം പറയാതെ തരമില്ല. ബഹുജനപ്രക്ഷോഭങ്ങളെ എങ്ങനെ നേരിടണം എന്ന് സി പിഎമ്മും ഒരു ക്രിയാത്മക പ്രതിപക്ഷമാകേണ്ടതെങ്ങനെ എന്ന് കോൺഗ്രസും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വിമോചനസമരത്തിന്റെ ഈ അറുപതാമാണ്ടിലും ഇരുപക്ഷവും അത് പഠിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇനിയെപ്പോഴാണ്?
Posted on: June 14, 2019 10:34 am | Last updated: June 14, 2019 at 10:34 am
ഇ എം എസ് നന്പൂതിരിപ്പാട്, മന്നത്ത് പത്മനാഭൻ

നാടു ഭരിക്കാനറിയില്ലെങ്കിൽ
താടി വടിക്കൂ നമ്പൂരീ
തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ
പൂണൂലില്ലേ നമ്പൂരീ
സസ്യശ്യാമള കേരളഭൂവിൽ
വിക്കൻ നമ്പൂരിക്കെന്ത് കാര്യം?

കേരളത്തിന്റെ തെരുവുകളിൽ അറുപതാണ്ടുകൾക്ക് മുമ്പ് ഇതേപോലൊരു ജൂണിൽ മുഴങ്ങിയ മുദ്രാവാക്യങ്ങളിൽ നിന്നുള്ള ചില വരികളാണ് മുകളിൽ ചേർത്തിരിക്കുന്നത്. മുദ്രാവാക്യത്തിലെ നമ്പൂരി ഇ എം എസ്സാണ്.

ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി. ഇന്ത്യൻ ഇടതുപക്ഷത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നയാൾ. ജാതിയടയാളമായ പൂണൂൽ പൊട്ടിച്ചെറിഞ്ഞ് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനപ്പോരാട്ടങ്ങൾക്കൊപ്പം ചേർന്നയാൾ. ധിഷണ കൊണ്ടും ലാളിത്യം കൊണ്ടും വിസ്മയിപ്പിച്ചയാൾ. ഇ എം എസ് എന്ന മഹാമേരുവിന് ഈ വിശേഷണങ്ങൾ ഒന്നും അധികപ്പറ്റാകില്ല. ഇനിയുമെത്രയോ വാചകങ്ങളിൽ നീട്ടിപ്പരത്തിപ്പറയാവുന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഇ എം എസ്. അദ്ദേഹത്തെയാണ് ജാതിപ്പേര് വിളിച്ച്, അദ്ദേഹത്തിനുണ്ടായിരുന്ന വിക്കിനെ പരിഹസിച്ച് കേരളത്തിൽ മുദ്രാവാക്യങ്ങളുയർന്നത്.
വിമോചനസമരമായിരുന്നു കാലം. കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെ സമുദായ സംഘടനകൾ തുടക്കം കുറിച്ച്, കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം ഏറ്റെടുത്ത കുപ്രസിദ്ധമായ സമരം. ഇ എം എസ് മാത്രമല്ല, അദ്ദേഹത്തിന്റെ സർക്കാറിൽ അംഗങ്ങളായിരുന്ന ആരെയും സമരക്കാർ വെറുതെവിട്ടില്ല. പി കെ ചാത്തനും ടി വി തോമസും കെ ആർ ഗൗരിയും സി അച്യുതമേനോനും കെ സി ജോർജും മുദ്രാവാക്യങ്ങളുടെ ചൂടറിഞ്ഞു. മന്ത്രിസഭയിലെ ഏകവനിതയെക്കുറിച്ച് അശ്ലീലമുദ്രാവാക്യം മുഴക്കാനും വിമോചനസമരക്കാർക്ക് മടിയുണ്ടായില്ല.

‘ഗൗരിച്ചോത്തിയുടെ കടിമാറ്റാൻ കാച്ചിയതാണീ മുക്കൂട്ട്’ എന്നായിരുന്നു ഒരു മുദ്രാവാക്യം. ‘ഗൗരിപ്പെണ്ണിനെ മടിയിലിരുത്തി’ നാടുഭരിക്കുന്ന നമ്പൂരിയെന്നായിരുന്നു മറ്റൊരാ7േക്ഷപം. പുരോഗമന കേരളം, നവോത്ഥാന കേരളം എന്നിങ്ങനെ മിനുസമുള്ള വാക്കുകളിൽ നമ്മളിപ്പോൾ കൊണ്ടാടുന്ന ഒരു നാടിന്റെ അറുപതാണ്ടു മുമ്പത്തെ സാംസ്‌കാരിക നിലവാരം എത്ര പരിതാപകരമായിരുന്നു എന്ന് സൂചിപ്പിക്കാനാണ് അക്കാലത്തെ മുദ്രവാക്യങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങിയത്. കേരളീയ നവോത്ഥാനം എന്നത് പലരും തെറ്റിദ്ധരിച്ചത് പോലെ ശ്രീനാരായണ ഗുരുവിൽ തുടങ്ങി അദ്ദേഹത്തിൽ തന്നെയൊടുങ്ങിയ ഒരു പ്രക്രിയ ആയിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവും ആത്മീയവും വിദ്യാഭ്യാസപരവുമായ അനേകം അടരുകൾ ചേർന്നാണ് ഇന്ന് കാണുന്ന നവോത്ഥാനകേരളം രൂപപ്പെട്ടത്. ആ നവോത്ഥാനഘടകങ്ങളെ പിൽക്കാലം ഇന്നാട്ടിലെ മത, രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങൾ എന്തുചെയ്തു എന്ന കാര്യത്തിൽ ആഴത്തിലുള്ള ആത്മപരിശോധനകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. നവോത്ഥാനത്തിന്റെ നൻമകളും മേൻമകളുമായി നമ്മളെണ്ണുന്ന എന്തെല്ലാം മൂല്യങ്ങളുണ്ടോ അതിന്റെയെല്ലാം വിപരീതദിശയിലാണ് വിമോചനസമര കാലത്ത് കേരളം സഞ്ചരിച്ചത് എന്നോർമിപ്പിക്കാൻ കൂടിയാണ് ലേഖനാരംഭത്തിലെ മുദ്രാവാക്യപുരാണം.

രണ്ട് ബില്ലുകൾ, രണ്ട് സമുദായങ്ങൾ
ഇ എം എസ് സർക്കാറിനെതിരായ വിമോചനസമരത്തിലേക്ക് പള്ളീലച്ചന്മാരും നായർ പ്രമാണിമാരും എത്തിച്ചേർന്നതെങ്ങനെ എന്ന ചോദ്യത്തിന് ചരിത്രം പ്രധാനമായും രണ്ട് ഉത്തരങ്ങൾ നൽകുന്നു. അവ രണ്ട് നിയമങ്ങളാണ്; വിദ്യാഭ്യാസ ബില്ലും ഭൂപരിഷ്‌കരണ ബില്ലും. ആദ്യം വന്നത് ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലാണ്. അന്ന് കേരളത്തിലുണ്ടായിരുന്ന വിദ്യാലയങ്ങളിൽ പകുതിയിലേറെയും സ്വകാര്യമേഖലയിലായിരുന്നു. അവയിലധികവും ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലും; രണ്ടായിരത്തിലേറെ സ്‌കൂളുകൾ. അധ്യാപകർക്കുള്ള ശമ്പളം സർക്കാറിൽ നിന്ന് സ്‌കൂൾ മാനേജർ കൈപ്പറ്റും, അദ്ദേഹത്തിന് തോന്നുംപടി അധ്യാപകർക്ക് വിതരണം ചെയ്യും. ഇതായിരുന്നു നാട്ടുനടപ്പ്. സ്‌കൂൾ മാനേജ്‌മെന്റിന്റെ അമിതാധികാരങ്ങളുടെ കടയ്ക്കൽ കത്തിവെക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുണ്ടായിരുന്നത്. ബില്ല് പ്രകാരം അധ്യാപകരിലേക്ക് നേരിട്ട് ശമ്പളമെത്തുന്ന സ്ഥിതിയുണ്ടായി. ക്രമക്കേടുകളും സ്വജനപക്ഷപാതിത്വവും നടപ്പില്ലെന്നായി, സർക്കാറിന് വഴങ്ങാത്ത സ്വകാര്യ സ്‌കൂളുകൾ സർക്കാർ ഏറ്റെടുക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ നെറുകയിലേറ്റ അടിയായാണ് ക്രൈസ്തവ സഭക്ക് ഇതനുഭവപ്പെട്ടത്.

അടുത്ത അടി സവർണ പ്രമാണിമാർക്കിട്ടായിരുന്നു; പ്രത്യേകിച്ച് നായർ. അവർ വലിയ ഭൂസ്വത്തിനുടമകളായിരുന്നു. കുടിയാന്മാർ അവർക്ക് അടിമപ്പെട്ടിരുന്ന കാലം. കൃഷി ചെയ്യാൻ കുടിയാനും വിളവെടുക്കാൻ ഭൂവുടമയും. എല്ലുമുറിയെ പണിയെടുക്കുന്നവർക്ക് ഭൂമിയിൽ യാതൊരു അവകാശവുമില്ല. ഭൂവുടമയുടെയും സിൽബന്ധികളുടെയും വക ദേഹോപദ്രവം വേറെയും. കുടിയാന്മാർക്ക് ഭൂമിയില്ല, കിടപ്പാടമില്ല, വിദ്യാഭ്യാസമില്ല… അതുകൊണ്ട് അവർ യഥേഷ്ടം ചൂഷണം ചെയ്യപ്പെട്ടു. ഐക്യകേരളം പിറന്നിട്ടും ചൂഷണവ്യവസ്ഥിതി പൂർണമായി മാറിയിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമായിരുന്നില്ല. അധഃസ്ഥിതർക്കൊപ്പം നിൽക്കാനുള്ള അവരുടെ സഹജമായ രാഷ്ട്രീയബോധമാണ് കർഷകബന്ധ ബില്ലിലേക്ക് ഭൂപരിഷ്‌കരണ നിയമത്തിലേക്ക് നയിച്ചത്. അന്നോളം വലിയ ഒച്ചപ്പാടുകളൊന്നുമില്ലാതെ ഒതുങ്ങിക്കൂടുകയായിരുന്ന മന്നത്ത് പദ്മനാഭന്റെ ഒരുങ്ങിപ്പുറപ്പാടാണ് പിന്നെ കാണുന്നത്. കമ്മ്യൂണിസ്റ്റ് സർക്കാറിനെ താഴെയിറക്കാതെ തനിക്കിനി വിശ്രമമില്ലെന്നായി മന്നത്തപ്പൻ. തന്റെ നോമിനിയെ (മക്കപ്പുഴ വാസുദേവൻ പിള്ള) ദേവസ്വം ബോർഡിൽ എടുക്കാത്തതും പാലക്കാട്ട് എൻജിയനീറിംഗ് കോളേജിന് അനുമതി കൊടുക്കാത്തതും മന്നത്തെ കൂടുതൽ മുറിപ്പെടുത്തി. വിമോചനസമരത്തിന്റെ നേതൃസ്ഥാനത്തേക്ക് വരാൻ മന്നത്തിന് മറുത്തൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് ശേഷ ഭാഗം.

സമരം ബാക്കിവെച്ചത്
വിമോചനസമരത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസോ മുസ്‌ലിം ലീഗോ അതിൽ പങ്കാളിയല്ല. സമരം പ്രതിപക്ഷത്തിന് സുവർണാവസരമാണ് എന്ന് കണ്ട് (ഇക്കഴിഞ്ഞ ശബരിമല കാലത്ത് ബി ജെ പി ചിന്തിച്ചത് പോലെ) പിന്നീട് വിമോചനസമരം ഏറ്റെടുക്കുകയായിരുന്നു കോൺഗ്രസ് പാർട്ടി. പിന്നെയും ദിവസങ്ങൾ പിന്നിട്ട ശേഷമാണ് മുസ്‌ലിം ലീഗ് ഈ സമരത്തിൽ പങ്കുപറ്റാനെത്തുന്നത്. തികച്ചും സാമുദായികമായ കുബുദ്ധിയിൽ ചുട്ടെടുക്കപ്പെട്ട വിമോചനസമരത്തെ രാഷ്ട്രീയവത്കരിക്കുന്നത് കെ പി സി സിയാണ് എന്ന് പറയാം. തികച്ചും ജനാധിപത്യവിരുദ്ധമായ ഒരു പ്രക്ഷോഭത്തെ ഏറ്റെടുത്തത് കോൺഗ്രസിന്റെ രാഷ്ട്രീയചരിത്രത്തിലെ വലിയ മണ്ടത്തരങ്ങളിലൊന്നായി മാത്രമേ കാണാനൊക്കൂ.

സമരത്തെ മാർക്‌സിസ്റ്റ് ഭരണകൂടം കൈകാര്യം ചെയ്തതിലും പാളിച്ചയുണ്ടായി. ഭരണതലത്തിൽ മുന്നനുഭവമില്ലാത്തതിന്റെ പാളിച്ചയായിരുന്നു അത്. ഒരു ബഹുജനസമരത്തെ എങ്ങനെ നേരിടണം എന്നതിൽ കൃത്യമായ ധാരണ പാർട്ടിക്കോ സർക്കാറിനോ ഉണ്ടായിരുന്നില്ല. പലപ്പോഴും കാര്യങ്ങൾ തീരുമാനിച്ചത് പോലീസാണ്. അവർ നടത്തിയ നായാട്ടുകൾ ന്യായീകരിക്കുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു പാർട്ടിക്കും മന്ത്രിമാർക്കും. അങ്കമാലിയിലും വലിയതുറയിലുമുണ്ടായ പോലീസ് വെടിവെപ്പുകൾ സർക്കാറിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കി. പത്രങ്ങൾ തലങ്ങും വിലങ്ങും തൊടുത്തുവിട്ട വിമർശനശരങ്ങൾ കൂടിയായപ്പോൾ സർക്കാർ പറയുന്നതൊന്നും ജനങ്ങൾ വിശ്വസിക്കാതായി. പ്രധാനമന്ത്രി നെഹ്‌റു കേരളത്തിലെത്തിയ ദിവസം ഇംഗ്ലീഷിൽ മുഖപ്രസംഗമെഴുതി മലയാള മനോരമ ജനാധിപത്യവിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായി. എയർപോർട്ട് മുതൽ രാജ്ഭവൻ വരെയുള്ള നെഹ്‌റുവിന്റെ സഞ്ചാരവീഥിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ സമരക്കാരെ അണിനിരത്തി ശക്തി തെളിയിച്ചതോടെ തന്നെ ഇ എം എസ് സർക്കാറിന്റെ വിധി കുറിക്കപ്പെട്ടു എന്ന് പറയാം. ഇത്ര കുറഞ്ഞകാലം കൊണ്ട് ഇക്കണ്ട ജനങ്ങളെയൊക്കെ ശത്രുക്കളാക്കാൻ നിങ്ങളുടെ സർക്കാറിന് സാധിച്ചതെങ്ങനെ എന്ന നെഹ്‌റുവിന്റെ, മുഖ്യമന്ത്രിയോടുള്ള ചോദ്യം ആ വിധിയിലേക്കുള്ള സൂചനയുമായി.

ഒരു നെഹ്‌റുവിയൻ തോൽവി
ആധുനിക ഇന്ത്യയുടെ ശിൽപ്പി എന്ന വിശേഷണം ജവഹർ ലാലിന് നൽകാൻ കഴിയുന്ന ഏറ്റവും ലളിതമായ അംഗീകാരം മാത്രമായിരിക്കും. കാരണം, നമ്മുടെ രാജ്യം എഴുപതാണ്ടുകൾ കൈവിടാതിരുന്ന മൂല്യങ്ങളെ രാജ്യത്തിന്റെ വികാരവും വിചാരവുമാക്കി മാറ്റുന്നതിൽ നെഹ്‌റു വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയെങ്കിൽ ആ മൂല്യങ്ങൾക്ക് ഇത്ര ശോഭയുണ്ടാകുമായിരുന്നോ? സംശയമാണ്. വർഗീയ ശക്തികൾ ഇന്നും നെഹ്‌റുവിനെ പഴിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ട് എന്നന്വേഷിച്ചാൽ ആ സംശയത്തിന്റെ പൊരുൾ വെളിപ്പെടും. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും പാർട്ടിയെ ആ വഴിയിൽ ഉറപ്പിച്ചുനിർത്താനും ഇച്ഛാശക്തിയുണ്ടായിരുന്ന നേതാവായിരുന്നു ജവഹർലാൽ നെഹ്‌റു.

കേരളത്തിലെ പ്രഥമ സർക്കാറിനെ പിരിച്ചുവിടാനെടുത്ത തീരുമാനം പാർട്ടിയിലെ സമ്മർദങ്ങളുടെ പത്മവ്യൂഹം തകർക്കാൻ അദ്ദേഹത്തിന് കഴിയാത്തത് കൊണ്ടായിരുന്നു. ആ സമ്മർദം ചെലുത്തിയവരിൽ പ്രധാനി മകൾ ഇന്ദിര ആയിരുന്നു. അവർ അന്ന് എ ഐ സി സി പ്രസിഡന്റാണ്. നെഹ്‌റുവിന്റെ ജനാധിപത്യ ഇച്ഛാശക്തിക്കുമേൽ ഇന്ദിരയുടെ വാശി ജയിക്കുന്നതാണ് പിന്നീട് കാണുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തെ ഭരണഘടനയിലെ 365ാം വകുപ്പ് ഉപയോഗിച്ച് അധികാരഭ്രഷ്ടമാക്കുന്നു. ഇന്ദിര ചിരിക്കുന്നു, നെഹ്‌റു തോൽക്കുന്നു!

അറുപതാണ്ടുകൾ
വിമോചനസമരത്തിന്റെ അറുപതാം വാർഷികമാണിത്. ഇതിനിടയിൽ സർക്കാറുകൾ മാറിമാറി വന്നു. പാർട്ടികൾ പിളർന്നു, കേരളം ഏറെ പുരോഗമിച്ചു. ജൻമികുടിയാൻ ചൂഷണങ്ങൾ പൂർണമായും അവസാനിച്ചു. സമുദായശക്തികൾക്ക് ഇനിയൊരു വിമോചനസമരത്തിനു കെൽപ്പില്ലാത്ത വിധം രാഷ്ട്രീയപ്രബുദ്ധതയുണ്ടായി. ഏകപക്ഷീയ വാർത്തകൾ ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയാത്ത നിലവന്നു. അപ്പോഴും ഒരു കാര്യം പറയാതെ തരമില്ല. ബഹുജനപ്രക്ഷോഭങ്ങളെ എങ്ങനെ നേരിടണം എന്ന് സി പിഎമ്മും ഒരു ക്രിയാത്മക പ്രതിപക്ഷമാകേണ്ടതെങ്ങനെ എന്ന് കോൺഗ്രസും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വിമോചനസമരത്തിന്റെ ഈ അറുപതാമാണ്ടിലും ഇരുപക്ഷവും അത് പഠിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇനിയെപ്പോഴാണ്?