Connect with us

Articles

ലയനം ഹയര്‍ സെക്കന്‍ഡറിയെ രക്ഷിച്ചെടുക്കുമോ?

Published

|

Last Updated

കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗമിപ്പോള്‍ തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരിക്കുന്നു. റഗുലര്‍ കോളജുകളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് യാത്ര തുടങ്ങിയിട്ട് 20 വര്‍ഷമായി. റഗുലര്‍ കോളജുകളില്‍ പി ഡി സി ഉണ്ടായിരുന്ന കാലത്ത് ക്ലാസ് മുറികളില്‍ 70 കുട്ടികള്‍ വരെയുണ്ടായിരുന്നു. സമാന്തര കോളജുകളിലും പി ഡി സി ക്ലാസ് മുറികളില്‍ 80 കുട്ടികളെ വരെ ഇരുത്തിയിരുന്നു. ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, റഗുലര്‍ കോളജ് ക്ലാസ് മുറികള്‍ വളരെ വലുതായിരുന്നു എന്നതാണ്. ഇത്തരം ക്ലാസ് മുറികളില്‍ 100 കുട്ടികള്‍ക്ക് വരെ ഇരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. സമാന്തര കോളജുകളിലും പി ഡി സി ക്ലാസ് മുറികള്‍ വളരെ വിശാലതയുള്ളതായിരുന്നു. ഇന്ന് കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികള്‍ കോഴിക്കൂട് പോലെയാണ്. ശ്വാസം പിടിച്ച് തിങ്ങി ഞെരുങ്ങിയാണ് 70 കുട്ടികള്‍ ക്ലാസ് മുറികളില്‍ ഇരിക്കുന്നത്.

പി ഡി സി റഗുലര്‍ കോളജുകളില്‍ നിന്ന് മാറ്റാനുള്ള ആലോചനകള്‍ നടക്കുമ്പോള്‍ പ്രധാനമായും അന്ന് ഉന്നയിക്കപ്പെട്ട ഒരു ഡിമാന്‍ഡ് ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളില്‍ പരമാവധി 40 കുട്ടികളെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ എന്നതായിരുന്നു. അധ്യാപകര്‍ക്ക് കുട്ടികളുമായി സംവദിക്കാനും ഓരോ കുട്ടിയെയും ഫോക്കസ് ചെയ്ത് പഠിപ്പിക്കാനും കുട്ടികളുടെ എണ്ണം അന്ന് 40ല്‍ ഫിക്‌സ് ചെയ്തു. പക്ഷേ, ക്രമേണ മാറിവന്ന സര്‍ക്കാറുകള്‍ അത് അഞ്ച് ശതമാനം വീതം കൂട്ടി ഇപ്പോള്‍ എഴുപതില്‍ എത്തിയിരിക്കുന്നു.

മിക്ക സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ക്ലാസുകളില്‍ അധ്യാപകര്‍ക്ക് നില്‍ക്കാനുള്ള സൗകര്യം പോലുമില്ല. എയ്ഡഡ് സ്ഥാപനങ്ങള്‍ കച്ചവടക്കണ്ണോടെ കുട്ടികളെ ആകര്‍ഷിക്കാന്‍ പുതിയ കെട്ടിടങ്ങള്‍ പണിയുന്നു. സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ സി ബി എസ് ഇ -അണ്‍ എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് അയക്കുകയും ചെയ്യുന്നു.
ഹയര്‍ സെക്കന്‍ഡറി തലം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഇന്റേണല്‍ അസസ്സ്‌മെന്റാണ്. ഓരോ വിഷയത്തിലും 20 ശതമാനം ഇന്റേണല്‍ മാര്‍ക്ക് കൊടുത്തിരിക്കണം. ഈ മാര്‍ക്ക് കൊടുക്കാന്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങള്‍ പറയുന്നുണ്ട്. കുട്ടികള്‍ റെക്കോര്‍ഡ് വര്‍ക്ക് ചെയ്യണം, സെമിനാര്‍, സിംബോസിയം തുടങ്ങിയവ സംഘടിപ്പിച്ച് കുട്ടികളുടെ നിലവാരം ഉയര്‍ത്തണം, കുട്ടികളുടെ കഴിവിന്റെ തോതനുസരിച്ച് പത്ത് ശതമാനം മുതല്‍ 20 ശതമാനം വരെ ഇന്റേണല്‍ മാര്‍ക്‌സ് നല്‍കാം.

പക്ഷേ, ഇതൊന്നും കേരളത്തില്‍ നടക്കുന്നില്ല. ദാനം പോലെ 20 മാര്‍ക്ക് എല്ലാവര്‍ക്കും നല്‍കി കുട്ടികളുടെ വിജയത്തിന്റെ ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച സമയത്ത് ഒരു പ്രിന്‍സിപ്പല്‍ ഓര്‍മപ്പെടുത്തിയത് ഇങ്ങനെയാണ്, ആര്‍ക്കും മാര്‍ക്ക് കുറച്ചിട്ട് കാര്യമില്ല, മൊത്തം റിസല്‍ട്ട് വരുമ്പോള്‍ നാം പിറകിലായിപ്പോകും.
വിജയ ശതമാനം ഉയര്‍ത്താനുള്ള ഓട്ടമത്സരമാണിപ്പോള്‍ നടക്കുന്നത്. എങ്ങനെ മുഴുവന്‍ കുട്ടികളെയും കടമ്പ കടത്തി സ്‌കൂളിന്റെ വിജയ ശതമാനം വര്‍ധിപ്പിക്കാം എന്നത് മാത്രമാണ് ആലോചന. ഈ കച്ചവടക്കണ്ണ് കുത്തിപ്പൊട്ടിക്കാതെ നിലവാരം ഉയര്‍ത്താന്‍ കഴിയില്ല. മൊത്തം വിജയ ശതമാനം എഴുപതോ എണ്‍മ്പതോ ശതമാനം ഉയര്‍ത്തിയത് കൊണ്ട് കാര്യമില്ല.

ഇടക്കിടെ ആവര്‍ത്തിക്കപ്പെടുന്ന പരീക്ഷകളും ഹയര്‍ സെക്കന്‍ഡറി സംവിധാനത്തെ പ്രതിസന്ധികളുടെ നടുവിലെത്തിക്കുന്നു. “സെ” പരീക്ഷ, “യെസ്” പരീക്ഷ, “ആര്‍” പരീക്ഷ തുടങ്ങിയ പേരുകളില്‍ ഒരു വര്‍ഷം നാലഞ്ച് പരീക്ഷകള്‍ കുട്ടികള്‍ എഴുതുന്നു. ഇത്തരം പരീക്ഷകളുടെ നടത്തിപ്പിനും ഉത്തരക്കടലാസുകള്‍ ഇവാല്യുയേറ്റ് ചെയ്യാനുമായി കുറെ ദിവസങ്ങള്‍ നഷ്ടപ്പെടുന്നു.
സി ബി എസ് ഇ സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം മാര്‍ക്ക് കുറഞ്ഞ വിഷയങ്ങളില്‍ രണ്ടാം വര്‍ഷം എഴുതുകയാണ് പതിവ്. ഇടക്കിടെയുള്ള പരീക്ഷകള്‍ സി ബി എസ് ഇ സംവിധാനത്തില്‍ കാണുകയില്ല.

ഇംഗ്ലീഷ് ഭാഷ കേരളത്തില്‍ ചക്രശ്വാസം വലിക്കുന്നത് ഹയര്‍ സെക്കന്‍ഡറി ക്ലാസ് മുറികളിലാണ്. മികച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നാലാം തരം കുട്ടികള്‍ ചെയ്യുന്ന ലളിതമായ ഒരു ടെക്സ്റ്റ് ബുക്കാണ് ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ കുട്ടികള്‍ പഠിക്കുന്നത്. രണ്ടാം വര്‍ഷവും ഭാഷക്കും സാഹിത്യത്തിനും പ്രാധാന്യമില്ലാത്ത ടെക്‌സ്റ്റ് ബുക്കാണ് ഹയര്‍ സെക്കന്‍ഡറി തിരഞ്ഞെടുത്തിരിക്കുന്നത്. സി ബി എസ് ഇ ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്കുകള്‍ ഇതിലും നിലവാരമുള്ളതാണ്. ഇതെഴുതുന്ന ലേഖകന്‍ 14 വര്‍ഷം മിഡില്‍ ഈസ്റ്റിലെ മൂന്ന് രാജ്യങ്ങളില്‍ സി ബി എസ് ഇ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നു. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന കുട്ടികളില്‍ മഹാഭൂരിപക്ഷത്തിനും ഒന്നോ രണ്ടോ വാചകങ്ങള്‍ ഇംഗ്ലീഷില്‍ തെറ്റില്ലാതെ എഴുതാനറിയില്ല. ക്ലാസ് മുറികളില്‍ ഇംഗ്ലീഷ് അധ്യാപകരും മലയാള ഭാഷയാണ് ഉപയോഗിക്കുന്നത്.

അടുത്തകാലത്ത്, കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി തലത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ കേരളത്തിലെ രണ്ട് വിദ്യാഭ്യാസ മന്ത്രിമാര്‍ കണ്ടെത്തിയ മാര്‍ഗം ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ലയനമാണ്. ഇന്നത്തെ അവസ്ഥയില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അധ്യാപകന്റെ ജോലിയും ക്ലാര്‍ക്കിന്റെ ജോലിയും അഡ്മിനിസ്‌ട്രേഷനും ചെയ്യണം.

ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിനെ സഹായിക്കാനുള്ള ക്ലറിക്കല്‍ സ്റ്റാഫിനെ നല്‍കാമെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പറഞ്ഞിരുന്നു. പക്ഷേ, ഫലത്തില്‍ വന്നില്ല. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലും ചേര്‍ന്ന് ഒത്തുപിടിച്ച് ഹയര്‍ സെക്കന്‍ഡറി തലത്തെ പൊക്കിയെടുക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

അതുപോലെ ഹൈസ്‌കൂളിലെ ഉയര്‍ന്ന ബിരുദാനന്തര ബിരുദധാരികള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ക്ലാസെടുക്കുക, സ്‌കൂള്‍ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ തലയില്‍ വെക്കുക, തല ചുറ്റുമ്പോള്‍ തത്കാലം ഹെഡ്മാസ്റ്ററെ ഏല്‍പ്പിക്കുക തുടങ്ങിയ ഇത്തരം അബദ്ധ പരിഷ്‌കാരങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധിക്കപ്പെടുന്നു. ഇത് സര്‍ക്കാറിന് തന്നെ തിരിച്ചടിയാകാനാണ് സാധ്യത. ഇപ്പോള്‍ തന്നെ ഏറെ പ്രതിസന്ധികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാവി ലയനാനന്തരം എന്താകുമെന്ന് കണ്ടറിയാം.

Latest