ട്രോളിംഗ് നിരോധം ഇന്ന് അർധരാത്രി മുതൽ

Posted on: June 9, 2019 8:42 am | Last updated: June 9, 2019 at 12:48 pm
ട്രോളിംഗ് നിരോധനത്തെ തുടർന്ന് ബോട്ടിൽ നിന്ന് മത്സ്യബന്ധന സാമഗ്രികൾ കരയിലേക്കെത്തിച്ച് വാഹനത്തിൽ കയറ്റുന്ന മത്സ്യത്തൊഴിലാളികൾ. ബേപ്പൂർ ഹാർബറിൽ നിന്നുള്ള ദൃശ്യം

കൊച്ചി: ഇനിയുള്ള 52 നാളുകൾ തീരത്ത് വറുതിയുടെ നാളുകൾ. ട്രോളിംഗ് നിരോധം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. കേരളക്കരയിലെ 4,500 ഓളം വരുന്ന മത്സ്യബന്ധന ബോട്ടുകൾ ഇന്ന് അർധ രാത്രിയോടെ കരക്ക് കയറും. തോപ്പുംപടി, മുനമ്പം ഫിഷറീസ് ഹാർബറിൽ ജോലിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ 90 ശതമാനവും നാട്ടിലേക്ക് പോയി കഴിഞ്ഞു. കായലോരത്തെ ഡീസൽ പമ്പുകൾ എല്ലാം തന്നെ ഞായറാഴ്ച രാത്രിയോടെ അടച്ച് പൂട്ടും.

സ്‌കൂൾ തുറന്നതോടെ കടലിന്റെ മക്കൾക്ക് പഠനോപകരണങ്ങൾ പലതും കടത്തിലാണ് വാങ്ങിയിരിക്കുന്നത്. ഒന്നര മാസം കഴിഞ്ഞ് കടലിൽ ഇറങ്ങുമ്പോൾ കടലമ്മ തരുന്ന ചാകര കോള് പ്രതീക്ഷിച്ചാണ് പല തൊഴിലാളികളും പണം പലിശക്കെടുത്ത് കുട്ടികളുടെ കാര്യങ്ങൾ ശരിയാക്കിയത്. സാധാരണ 47 ദിവസമാണ് ട്രോളിംഗ് നിരോധം സർക്കാർ നടപ്പാക്കുന്നത്. എന്നാൽ ഇത്തവണ അത് അഞ്ച് ദിവസം കൂടി കൂട്ടി 52 ആയി ഉയർത്തിയിരിക്കുകയാണ്.

ഹാർബറുമായി ബന്ധപ്പെട്ട് കഴിയുന്ന അനുബന്ധ തൊഴിലാളികളും ഇനി മുതൽ വറുതിയിലാണ്. ഐസ് ഫാക്ടറി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, ഐസ് കമ്പനിയിലെ ജീവനക്കാർ, ഹാർബറിന് സമീപം പ്രവർത്തിക്കുന്ന കച്ചവടക്കാർ, ഹാർബറിൽ വെള്ളം കോരുന്നവർ തുടങ്ങി നൂറ് കണക്കിന് ജീവനക്കാർ ഇനി മുതൽ മറ്റ് മേഖലയിൽ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. എന്നാൽ പരമ്പരാഗത തൊഴിലാളികൾക്ക് വള്ളത്തിൽ മത്സ്യ ബന്ധനം നടത്താൻ കഴിയും. സർക്കാർ നിശ്ചയിക്കുന്ന ചുറ്റളവിൽ മാത്രമേ മത്സ്യ ബന്ധനം നടത്താൻ പാടുള്ളൂ. ചെറുവള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും കടലിൽ നിയന്ത്രണമില്ല.

നിരോധം മുൻനിർത്തി കേരളത്തിലെ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സൗജന്യ റേഷനും. റിലയൻസ് ഫൗണ്ടേഷൻ നോളജ് ഓൺ വീൽസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ബേങ്ക് പരിശീലനം, സിവിൽ സർവീസ്, പി എസ് സി, മെഡിക്കൽ എൻട്രൻസ് എന്നിവ സൗജന്യമായി നൽകും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികളുടെ മക്കൾക്ക് അപേക്ഷ നൽകാം. അതേസമയം, സംസ്ഥാനത്ത് നിരോധനത്തിന്റെ കാലയളവ് കൂട്ടണമെന്നാണ് സംസ്ഥാന ബോട്ടുടമ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. കടലിൽ ചാള, അയല എന്നീ മത്സ്യം ഇല്ലാതായി. നിരോധന കാലത്ത് വിദേശ ട്രോളറുകൾ എത്തി മീൻ കുഞ്ഞുങ്ങളെ മൊത്തമായി കൊണ്ടുപോകുന്ന സമ്പ്രദായം നിർത്തണമെന്നാണ് ഇവർ പറയുന്നത്. ഇത് പിന്നീട് വളമാക്കി വിപണിയിൽ ഇറക്കുകയാണ് പതിവ്. ഇതിനാൽ കടലിൽ മത്സ്യസമ്പത്ത് തീർത്തും ഇല്ലാതാകുന്ന സ്ഥിതിയാണ്. തോപ്പുംപടി, മുനമ്പം ഹാർബറിൽ നിന്നും 1,500ഓളം തൊഴിലാളികളാണ് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.