ബി ആർക് സിലബസ് എം ജി പരിഷ്‌കരിച്ചു

Posted on: June 9, 2019 12:39 pm | Last updated: June 9, 2019 at 12:39 pm

കൊച്ചി: ഹരിത നിർമാണ രീതികൾക്കും പാരിസ്ഥിതികാവബോധത്തിനും പ്രാധാന്യം നൽകി വിദ്യാർഥി കേന്ദ്രീകൃതമായി ബാച്ചിലർ ഓഫ് ആർക്കിടെക്ചർ പ്രോഗ്രാമിന്റെ സിലബസും പാഠ്യപദ്ധതിയും പുതുക്കി.

സർഗാത്മക ബുദ്ധിവൈഭവം പ്രാവർത്തികമാക്കാനും വൈദഗ്ധ്യം ആർജിക്കാനും പ്രായോഗികമായി അറിവുനേടാനും വിദ്യാർഥിയെ പ്രാപ്തമാക്കുന്ന നിലയിലാണ് സിലബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ അധ്യയന വർഷം പുതിയ സിലബസ് നിലവിൽ വരുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. വിദേശ സർവകലാശാലകളിൽ വിദ്യാർഥി കൈമാറ്റത്തിലൂടെ ബി ആർക്കിന്റെ സെമസ്റ്റർ ചെയ്യാനാവുംവിധം ക്രെഡിറ്റ് ട്രാൻസ്ഫർ ചെയ്യാനുള്ള സൗകര്യം പുതിയ സിലബസ് അനുവദിക്കുന്നു. കോഴ്‌സ് തുല്യതയിലൂടെയാണ് ഇത് സാധ്യമാക്കുക. വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ നിശ്ചിത സെമസ്റ്റർ പൂർത്തീകരിക്കാനുള്ള അവസരം ഇതിലൂടെ കൈവരും. ബി ആർക് കോഴ്‌സിന് 10 സെമസ്റ്ററുകളിലായി മൊത്തം 300 ക്രെഡിറ്റാണുള്ളത്. ഒരു സെമസ്റ്ററിൽ 30 ക്രെഡിറ്റാണുള്ളത്.

നാല് ഘട്ടങ്ങളായാണ് തിസിസ് പൂർത്തീകരിക്കേണ്ടത്. കണ്ടിന്യുവസ് അസസ്‌മെന്റിന് 300 മാർക്കും ജൂറിക്ക് 300 മാർക്കുമാണുള്ളത്. മൊത്തം മാർക്കിന്റെ 40 ശതമാനം നേടിയാലേ തിസിസിന്റെ ഒരു ഘട്ടത്തിനു ശേഷം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കു. ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് സർവകലാശാല നടപ്പാക്കിയ ചോദ്യബാങ്ക് സംവിധാനവും ഓൺലൈൻ ചോദ്യപേപ്പർ സംവിധാനവും ബി ആർക്കിനും നടപ്പാക്കും. ആറ് വർഷം മുമ്പാണ് ബി ആർക് സിലബസ് പരിഷ്‌ക്കരിച്ചത്. കോഴ്‌സ് സമയബന്ധിതമായി തീർക്കുന്നതിന് പരീക്ഷാ അക്കാദമിക കലണ്ടറും തയാറാക്കി. പുതുക്കിയ സിലബസ് കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം അംഗീകരിച്ചിരുന്നു. പുതുക്കിയ സിലബസും കരിക്കുലവും സംബന്ധിച്ച് അധ്യാപകർക്ക് ഒന്നാംഘട്ട പരിശീലനം നൽകി.