Connect with us

Kerala

ആയുഷ്മാന്‍ ഭാരത് പദ്ധതി: പ്രധാനമന്ത്രിയുടെ പരാമര്‍ശം തെറ്റ്; ആദ്യ ഗഡു കേരളത്തിന് ലഭിച്ചു: മന്ത്രി കെകെ ശൈലജ

Published

|

Last Updated

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന തെറ്റെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം പദ്ധതിയില്‍ അംഗമായിട്ടുണ്ട്. ഇതിന്റെ ആദ്യ ഗഡുവായി 25 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിക്കുകയും ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് പ്രധാനമന്ത്രി അങ്ങിനെ പറഞ്ഞതെന്ന് അറിയില്ല. പദ്ധതിയില്‍ അംഗമാവണോയെന്ന് കേരളത്തിന് ആദ്യം സംശയമുണ്ടായിരുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം കേരളത്തില്‍ 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍, നിലവില്‍ കേരളം 40 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ട്. പക്ഷേ പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം പദ്ധതിയുമായി സഹകരിക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപരിരക്ഷക്കായി കേരളം നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍ത്താതെയായിരുന്നു ആയുഷ്മാനില്‍ അംഗമായത്. ഇതുപ്രകാരം 40 ലക്ഷം കുടുംബങ്ങള്‍ക്ക് നിലവില്‍ ആരോഗ്യപരിരക്ഷ നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം നടത്തിയ പൊതുപരിപാടിയിലാണ് മോദി ആയുഷ്മാന്‍ പദ്ധതി സംബന്ധിച്ച് പരാമര്‍ശം നടത്തിയത്. കേരളം പദ്ധതിയില്‍ അംഗമല്ലെന്നും ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാവാന്‍ കേരളത്തോട് അഭ്യര്‍ഥിക്കുകയാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെകെ ശൈലജ.

Latest