ഗാന്ധിയെ നിന്ദിച്ച് ട്വീറ്റ്: ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Posted on: June 3, 2019 7:51 pm | Last updated: June 4, 2019 at 12:24 am

മുംബൈ: മഹാത്മാ ഗാന്ധിയെ അപമാനിച്ചും ഗാന്ധി ഘാതകന്‍ ഗോഡ്‌സെക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്ത ഐഎഎസ് ഓഫിസറെ സ്ഥലം മാറ്റി. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ സേവനമുഷ്ടിച്ചിരുന്ന നിധി ചൗധരിയെയാണ് സ്ഥലവും വകുപ്പും മാറ്റിയത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. മെയ് 17നാണ് ഇവര്‍ ഗാന്ധിയെ അപമാനിച്ച് ട്വീറ്റ് ചെയ്തത്.

ഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സിയില്‍നിന്നും നീക്കം ചെയ്യണമെന്നും ഗാന്ധിയുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും റോഡുകളുടെയും പേരുമാറ്റിയും 150ാം ഗാന്ധി ജയന്തി ‘ആഘോഷിക്കണമെന്നാണ്’ ഇവര്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ ഗാന്ധിയെ വധിച്ച ഗോഡ്‌സെക്ക് നന്ദി പറയുകയും ചെയ്തു . മഹാത്മാ ഗാന്ധി മരിച്ചു കിടക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്. മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ജോയിന്റ് മുന്‍സിപ്പല്‍ കമ്മീഷണറായിരുന്ന നിധിയെ ജലവിതരണം, ശുചീകരണ വിഭാഗത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായാണ് സ്ഥലം മാറ്റിയത്.ട്വീറ്റിനെ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.