രക്തകോശ ദാതാക്കളെ ലഭ്യമാക്കാന്‍ വിപുലമായ കര്‍മപദ്ധതി

Posted on: June 3, 2019 10:40 am | Last updated: June 3, 2019 at 4:42 pm

ബെംഗളൂരു: രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ രക്തകോശ ദാതാക്കളെ ലഭ്യമാക്കാന്‍ രക്തകോശ ദാന സെന്ററായ ഡി കെ എം എസ് ബെംഗളൂരു മെഡിക്കല്‍ സര്‍വീസ് ട്രസ്റ്റുമായി സഹകരിച്ച് വിപുലമായ കര്‍മ പദ്ധതി തയ്യാറാക്കുന്നു. തലാസീമിയ, വിളര്‍ച്ച തുടങ്ങിയ രോഗമുള്ളവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അനുയോജ്യമായ രക്തകോശ ദാതാക്കളെ ലഭ്യമാക്കുകയാണ് ഡി കെ എം എസ്- ബി എം എസ് ടി ഫൗണ്ടേഷന്‍ ഇന്ത്യയുടെ ലക്ഷ്യം.

നിലവില്‍ ഡി കെ എം എസ്- ബി എം എസ് ടിയില്‍ 27,000 രക്തകോശ ദാതാക്കള്‍ ഉണ്ട്. തലാസീമിയ ബാധിച്ച 12 വയസുകാരന്‍ ചിരാഗിന് രക്തകോശം മാറ്റിവെക്കാന്‍ അനുയോജ്യമായ ദാതാവിനെ കണ്ടെത്താന്‍ 10 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഡി കെ എം എസില്‍ നിന്ന് ദാതാവിനെ കണ്ടെത്തി രണ്ട് വര്‍ഷം മുമ്പാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ഡി കെ എം എസ് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. എല്‍കെ ന്യൂജര്‍ പറഞ്ഞു. ഇന്ത്യയില്‍ ഓരോ അഞ്ച് മിനുട്ടിലും രക്താര്‍ബുദം പോലുള്ള അസുഖങ്ങള്‍ പ്രകടമാക്കുന്നവരുണ്ടെന്നും ദാതാക്കളെ കിട്ടുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും ഡോ. ബിജു ജോര്‍ജ് പറഞ്ഞു.

ജനങ്ങളില്‍ രക്തകോശ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 15ന് ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെ ബെംഗളൂരുവിലെ ഓറിയോണ്‍ മാളില്‍ ബോധവത്ക്കരണ പരിപാടി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദാതാവായി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.