Connect with us

Editorial

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുത്

Published

|

Last Updated

രാജ്യത്തെ വിദ്യാലയങ്ങളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയ കരട് വിവാദമായിരിക്കുകയാണ്. ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്നാണ് മുന്‍ ഐ എസ് ആര്‍ ഒ മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ കരടിലെ ശിപാര്‍ശ. ഹിന്ദിയില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പ്രാവീണ്യം നേടിയിരിക്കണമെന്നും കരട് നയത്തില്‍ പറയുന്നു. ഹിന്ദിയേതര സംസ്ഥാനങ്ങളില്‍ വിശിഷ്യാ തമിഴ്‌നാട്ടില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഹിന്ദി നിര്‍ബന്ധമാക്കാന്‍ അനുവദിക്കുകയില്ലെന്നും തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കൂ എന്നുമാണ് സമിതി നിര്‍ദേശത്തോടുള്ള തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്റെ പ്രതികരണം. ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ ഹാസന്‍, തെലുങ്ക് ദേശം പാര്‍ട്ടി, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തുടങ്ങിയവരും കേന്ദ്ര നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

രാജ്യത്തെ ഔദ്യോഗിക ഭാഷയാണ് ഹിന്ദിയെങ്കിലും അത് മാതൃഭാഷയായി ഉപയോഗിക്കുന്നവര്‍ 41 ശതമാനമാണ്. അവശേഷിക്കുന്ന 59 ശതമാനവും രാജ്യത്ത് അംഗീകരിക്കപ്പെട്ടതോ, അല്ലാത്തതോ ആയ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നവരാണ്. ഹിന്ദിയേതര പ്രദേശങ്ങളില്‍ ഹിന്ദി നിര്‍ബന്ധമാക്കാന്‍ സ്വാതന്ത്ര്യാനന്തര കാലം തൊട്ടേ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഹിന്ദി ബെല്‍റ്റുകളില്‍ കൂടുതല്‍ ആധിപത്യമുള്ള ബി ജെ പി സര്‍ക്കാര്‍ വന്ന ശേഷം ഈ നീക്കം ശക്തമാണ്. ഹിന്ദി ഭാഷ പ്രചരിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള ശിപാര്‍ശകളടങ്ങുന്ന ഔദ്യോഗിക ഭാഷ സംബന്ധിച്ച് പാര്‍ലിമെന്റ് സമിതി 2011ല്‍ സമര്‍പ്പിച്ച ഒമ്പതാം റിപ്പോര്‍ട്ട് രണ്ട് വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ പൂര്‍ണ രൂപത്തില്‍ അംഗീകരിക്കുകയും രാഷ്ട്രപതി അതിനു അംഗികാരം നല്‍കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറുകളുമായി കേന്ദ്രം നടത്തുന്ന ആശയവിനിമയം ഹിന്ദിയിലാക്കുക, സംസ്ഥാന സര്‍ക്കാറുകള്‍ കത്ത് നല്‍കുന്നത് ഇംഗ്ലീഷിലാണെങ്കില്‍ പോലും കേന്ദ്രം ഹിന്ദിയില്‍ മാത്രം മറുപടി നല്‍കുക, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശയവിനിമയങ്ങളും ഹിന്ദിയല്ലാത്ത ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ 65 ശതമാനം ആശയവിനിമയങ്ങളും ഹിന്ദിയിലാക്കുക, കേന്ദ്രത്തിനയക്കുന്ന കത്തുകളും രേഖകളും ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലാണെങ്കില്‍ താഴെ ഹിന്ദിയില്‍ പേരെഴുതി ഒപ്പിടുക, എല്ലായിടത്തും ഹിന്ദി വായനാശാലകള്‍ സ്ഥാപിക്കുക, മറ്റു ഭാഷകളിലുള്ള വായനാ ശാലകളില്‍ ഹിന്ദി പുസ്തകങ്ങള്‍ക്കായി പ്രത്യേകം സൗകര്യം ഒരുക്കുക, സര്‍ക്കാര്‍ പരസ്യങ്ങള്‍ പരമാവധി ഹിന്ദിയിലാക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. എന്നാല്‍ ഹിന്ദിയേതര സംസ്ഥാനങ്ങളൊന്നും ഇതു വരെയും അതംഗീകരിച്ചു നടപ്പാക്കിയിട്ടില്ല.

ഹിന്ദി ഭാഷ കര്‍ശനമായി നടപ്പാക്കാന്‍ അറുപതുകളില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ശ്രമവും അതിന്റെ പ്രത്യാഘാതങ്ങളും മോദി സര്‍ക്കാര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഐ എ എസ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്ക് ഹിന്ദി നിര്‍ബന്ധമാക്കിയും ഭരണതലത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇംഗ്ലീഷിന് പകരം ഹിന്ദിയാക്കിയും 1965ല്‍ അന്നത്തെ ലാല്‍ബഹദൂര്‍ ശാസ്ത്രി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തരവിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അരങ്ങേറിയ അക്രമാസക്ത പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേരാണ് കൊല്ലപ്പെട്ടത്. കോളജുകളുള്‍പ്പെടെ വിദ്യാലയങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടുകയും കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിലെ തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ രാജി വെച്ച് ഹിന്ദിവിരുദ്ധ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് നാമാവശേഷമാകാനും ദ്രാവിഡ കക്ഷികള്‍ ശക്തിപ്പെടാനുമിടയാക്കിയത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അതിരു കടന്ന ഹിന്ദി പ്രേമമായിരുന്നു.
ഹിന്ദി നിര്‍ബന്ധമാക്കാന്‍ പിന്നെയും കേന്ദ്രം ശ്രമം നടത്തിയിട്ടുണ്ട്. അന്നൊക്കെയും ഹിന്ദിയേതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയര്‍ന്നു. ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. ഭാഷയുടെ കാര്യത്തില്‍ ബഹുസ്വരതയുള്ള ഒരു രാജ്യത്ത്, അത് അടിച്ചേല്‍പ്പിക്കുന്നതിനോടാണ് എതിര്‍പ്പ്. നിലവില്‍ എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ മാതൃഭാഷയും ആഗോള വ്യാപകമായി അവസരങ്ങള്‍ ലഭ്യമാക്കുന്ന ഭാഷ എന്ന നിലയില്‍ ഇംഗ്ലീഷും നിര്‍ബന്ധമായി പഠിപ്പിക്കുന്നുണ്ട്. സി ബി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍ ഉത്തരവിറക്കിയത് അടുത്തിടെയാണ്. ഇതിനു പുറമെ മറ്റൊരു ഭാഷ കൂടി നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന് ശഠിക്കുന്നത് വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കും.

ഭാഷ ഏതെന്നു തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശം മൗലികമാണ്. ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതിയില്‍ ഹിന്ദി നിര്‍ബന്ധമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് ബി ജെ പി ഡല്‍ഹി ഘടകം വക്താവ് അശ്വിനികുമാര്‍ ഉപാധ്യായ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹരജി തള്ളിയ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ എസ് ഖഹാര്‍ അധ്യക്ഷനായ ബഞ്ച്, അഭിഭാഷകന്‍ കൂടിയായ ഹരജിക്കാരന്‍ ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചു. ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍, ഭാവിയില്‍ സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാല്‍ അതും അംഗീകരിക്കേണ്ടി വരില്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി. മൂന്നാമതൊരു ഭാഷയുടെ കാര്യത്തില്‍ കേന്ദ്രം കടും പിടിത്തം കാണിക്കാതിരിക്കുകയും അത് കുട്ടികളുടെയും രക്ഷിതാക്കളുടെയും താത്പര്യത്തിനു വിടുന്നതുമാണ് ഇക്കാര്യത്തില്‍ വിവേകം.

---- facebook comment plugin here -----

Latest