Connect with us

Editorial

അമ്പരപ്പിക്കുന്നു ഈ ഫലപ്രഖ്യാപനം

Published

|

Last Updated

എക്‌സിറ്റ് പോള്‍ ഫലത്തെയും കടത്തിവെട്ടി അമ്പരപ്പിക്കുന്ന വിജയമാണ് പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ നേടിയത്. പ്രതിപക്ഷം ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചു ബി ജെ പി ഒറ്റക്ക് മുന്നൂറിലേറെ സീറ്റ് സ്വന്തമാക്കി ഭരണസ്ഥിരത ഉറപ്പാക്കി. രാജ്യത്താദ്യമാണ് ഒരു കോണ്‍ഗ്രസ് ഇതര മുന്നണി കേന്ദ്രത്തില്‍ തുടര്‍ ഭരണം നേടുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബീഹാര്‍, ഝാര്‍ഖണ്ഡ് ഉള്‍പ്പെടുന്ന ഹിന്ദി മേഖലയും കര്‍ണാടകയും അസമും എന്‍ ഡി എയുടെ പിന്നില്‍ നിലയുറപ്പിച്ചു. അടുത്ത കാലത്തായി തൃണമൂല്‍ കോണ്‍ഗ്രസിന് പിന്നില്‍ ഉറച്ചു നിന്നിരുന്ന പശ്ചിമ ബംഗാളിലും ബി ജെ പി നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ രണ്ടംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയുടെ അംഗബലം ഇത്തവണ പതിനേഴിലേക്ക് ഉയര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെത് 34ല്‍ നിന്ന് 23ലേക്ക് താഴുകയും ചെയ്തു.

യു പിയില്‍ ബി എസ് പി- എസ് പി സഖ്യം ബി ജെ പിക്ക് കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും പറയത്തക്ക നേട്ടമുണ്ടാക്കാന്‍ അവര്‍ക്കായില്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ നൂറില്‍ താഴെ സീറ്റില്‍ ഒതുങ്ങി. പ്രതിപക്ഷ നേതൃത്വം ഇത്തവണയും കോണ്‍ഗ്രസിനു ലഭിക്കുമോ എന്നത് സംശയം. ഇതിന് 54 അംഗങ്ങള്‍ വേണം. കോണ്‍ഗ്രസിന് ഒറ്റക്ക് 52 അംഗങ്ങളാണുള്ളത്.

പൊതു ശത്രുവിനെതിരെ യോജിക്കുന്നതില്‍ പ്രതിപക്ഷത്തിന് സംഭവിച്ച ഗുരുതരമായ വീഴ്ച, സംഘ്പരിവാര്‍ രാജ്യവ്യാപകമായി നടത്തിയ മതന്യൂനപക്ഷ, ദളിത് ആക്രമണങ്ങള്‍ തിരഞ്ഞെടുപ്പ് വേദികളില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും കാണിച്ച വിമുഖത, മായാവതിയുടെയും മമതാ ബാനര്‍ജിയുടെയും പ്രധാനമന്ത്രി മോഹം തുടങ്ങിയവയാണ് പ്രതിപക്ഷത്തിന് വിനയായത്. അഞ്ച് വര്‍ഷത്തെ ബി ജെ പി ഭരണത്തില്‍ ഏറ്റവുമധികം നഷ്ടവും ദുരിതവും സഹിക്കേണ്ടി വന്നത് രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിതരുമാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തെമ്പാടുമായി നിരവധി മുസ്‌ലിംകളും ദളിതരും മൃഗീയമായി വധിക്കപ്പെടുകയോ അതിനിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയോ ചെയ്തു. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയെ ബാധിക്കുമെന്ന ധാരണയില്‍ കോണ്‍ഗ്രസോ മറ്റു പ്രതിപക്ഷ കക്ഷികളോ ഇത്തരം വിഷയങ്ങള്‍ പ്രചാരണ രംഗത്ത് പരാമര്‍ശിച്ചതേയില്ല.

സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വന്ന വിഷയങ്ങളെല്ലാം പുല്‍വാമ സൈനിക നടപടികള്‍ പോലുള്ള തന്ത്രപരമായ നടപടികളിലൂടെ മോദി പ്രതിരോധിക്കുകയും ചെയ്തു. രാജ്യസുരക്ഷ മോദിയുടെ കരങ്ങളില്‍ ഭദ്രമാണെന്ന വിശ്വാസം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു.
സി പി എമ്മിനാണ് ഈ തിരഞ്ഞെടുപ്പ് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത്. 2004ല്‍ 43 സീറ്റുമായി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി ഒന്നാം യു പി എ സര്‍ക്കാറിനെ തന്നെ നിയന്ത്രിച്ചിരുന്ന പാര്‍ട്ടിയായിരുന്നുവെങ്കിലും തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പുകളിലൊന്നും ആ നേട്ടം നിലനിര്‍ത്താനായില്ല. 2009ല്‍ 16 ലേക്കും 2014ല്‍ ഒമ്പതിലേക്കും ചുരുങ്ങിയ പാര്‍ട്ടിയുടെ ലോക്‌സഭാ അംഗസംഖ്യ ഇത്തവണ മൂന്നിലേക്ക് ചുരുങ്ങി.

കോയമ്പത്തൂരില്‍ നിന്ന് പി ആര്‍ നടരാജന്‍, മധുരയില്‍ നിന്ന് എസ് വെങ്കടേശ്വന്‍, ആലപ്പുഴയില്‍ നിന്ന് എ എം ആരിഫ് എന്നിവര്‍ മാത്രമാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ ഡി എം കെയുമായി സഖ്യത്തിലേര്‍പ്പെട്ടതാണ് പാര്‍ട്ടിക്ക് ഗുണമായത്. അവിടെ അലയടിച്ച ഡി എം കെ തരംഗത്തിലാണ് രണ്ട് അംഗങ്ങള്‍ വിജയിച്ചു കയറിയത്.
കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ യു ഡി എഫ് തരംഗമാണ്.

20 സീറ്റും നേടുമെന്ന് യു ഡി എഫ് പരസ്യമായ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും 15 സീറ്റുകള്‍ മാത്രമേ അവര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. ഭൂരിഭാഗം എക്‌സിറ്റ് പോളുകളുടെ പ്രവചനവും അതായിരുന്നു. എന്നാല്‍ 19 സീറ്റ് അവര്‍ക്ക് പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിരുന്നു. ഒമ്പത് യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം ലക്ഷം കടന്നു.

നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം നേടി രാഹുല്‍ ഗാന്ധി വയനാട്ടില്‍ ചരിത്ര നേട്ടം കൊയ്തു. രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തിയതും ശബരിമല വിഷയവും യു ഡി എഫിന്റെ മുന്നേറ്റത്തിനു പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി തുടരുന്ന ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഗണിച്ചു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍, യു ഡി എഫ് വിശ്വാസികളുടെ വികാരത്തോടൊപ്പം നില്‍ക്കുകയായിരുന്നു. ഇതിലൂടെ രാഷ്ട്രീയമായി കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്കായി. കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങളും ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ യു ഡി എഫിലെത്തിക്കാന്‍ ഇടയാക്കി. രാഷ്ട്രീയ കൊലപാതകത്തിനെതിരെ യു ഡി എഫ് നടത്തിയ പ്രചാരണവും അവരുടെ മുന്നേറ്റത്തെ തുണച്ചു.

ശബരിമലയുടെ സഹായത്തോടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനും സംസ്ഥാന രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാനും സാധിക്കുമെന്ന ബി ജെ പിയുടെ കണക്കുകൂട്ടല്‍ തെറ്റി. നേരത്തെ ശബരിമലയിലെ യുവതീ പ്രവേശത്തെ പിന്തുണച്ച ബി ജെ പി നേതൃത്വം ശബരിമല കര്‍മ സമിതിയുടെ കൂടെ നിന്നാല്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന ചിന്തയിലാണ് നിലപാട് മാറ്റിയത്. ഇത് രാഷ്ട്രീയ കാപട്യമാണെന്നു വിശ്വാസികള്‍ തിരിച്ചറിഞ്ഞുവെന്നാണ് തിരുവനന്തപുരം, പത്തനംതിട്ട ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പ്രക്ഷോഭ നായകനെന്നു വിശേഷിപ്പിക്കപ്പെടുന്ന കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയായതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന തിരുവനന്തപുരത്ത് ബി ജെ പിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. സുരേഷ് ഗോപി സ്ഥാനാര്‍ഥിയായതോടെ ഉണ്ടാകുമെന്നു കരുതപ്പെട്ടിരുന്ന മുന്നേറ്റം തൃശൂരില്‍ ഉണ്ടായതുമില്ല.