Connect with us

Ongoing News

ലോകകപ്പ്: ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ചു

Published

|

Last Updated

ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും പത്രസമ്മേളനത്തില്‍

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലേക്ക് ലോകകപ്പ് കളിക്കാന്‍ ടീം ഇന്ത്യ യാത്ര തിരിച്ചു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്ത്യന്‍ സംഘം വിമാനം കയറിയത്. യാത്ര തിരിക്കും മുമ്പ് ഇന്നലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവിശാസ്ത്രിയും മാധ്യമങ്ങളെ കണ്ടു. മൂന്നാം ഏകദിന ലോകകപ്പ് കിരിടവുമായി തിരിച്ചുവരികയാണ് ലക്ഷ്യം. എല്ലാ ടീമുകളും ഒന്നിനൊന്ന് മെച്ചമാണ്. സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍ കപ്പുയര്‍ത്തും- വിരാട് പറഞ്ഞു. മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. ലോകകപ്പ് ജയിക്കാന്‍ പിഴവില്ലാത്ത കളി പുറത്തെടുക്കേണ്ടതുണ്ട്. സഹതാരങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. ആത്മവിശ്വാസത്തിലാണ് ഓരോ ടീം അംഗവും – കോലി പറഞ്ഞു.

പേസ് ബൗളര്‍മാരുടെ ഫോം, ആരോഗ്യം പ്രധാന ഘടകമാണ്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ആരും തന്നെ ക്ഷീണിതരല്ല. ഇത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് ക്യാപ്റ്റന്‍.
1992ന് ശേഷം ലോകകപ്പിലേക്ക് റൗണ്ട് റോബിന്‍ ലീഗ് ഫോര്‍മാറ്റ് തിരിച്ചുവരികയാണ്. ഏറെ വെല്ലുവിളി നിറഞ്ഞതാണിത്. എല്ലാ ടീമുകളുമായും കളിക്കേണ്ടതുണ്ട്. ഏറ്റവും മികച്ച ടീമിന് മാത്രം കപ്പുയര്‍ത്താം. വ്യക്തിപരമായി പറയുന്നു, ഇതാണ് ഏറ്റവും പ്രയാസകരമായ ടൂര്‍ണമെന്റ് – വിരാട് പറഞ്ഞു.
ഐ പി എല്ലിലെ ഫോം ലോകകപ്പിനെ ബാധിക്കില്ല. ഏകദിന ഫോര്‍മാറ്റ് ഏറെ വ്യത്യസ്തമാണ്. കുല്‍ീദപ് യാദവും യുവേന്ദ്ര ചാഹലും ലോകകപ്പില്‍ നിര്‍ണായക ഘടകമാകും – ക്യാപ്റ്റന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് കോച്ച് രവിശാസ്ത്രി അഭിപ്രായപ്പെട്ടു.

നാലാം നമ്പറില്‍ വിജയ് ശങ്കര്‍

ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യാനിറങ്ങണം എന്ന ചര്‍ച്ച കത്തിക്കയറുകയാണ്. ടീമിന് പുറമെ നിന്ന് പലരും അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇന്ത്യന്‍ ടീമിലെ ഒരംഗം നാലാം നമ്പറിനെ കുറിച്ച് ധൈര്യമായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു. നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാര്‍ – ആള്‍ റൗണ്ടര്‍ വിജയ് ശങ്കറാണ് മുന്നോട്ട് വന്നിരിക്കുന്നത്.
ഇതില്‍ നിന്ന് വ്യക്തമാകുന്നത് ടീം മാനേജ്‌മെന്റ് നാലാം നമ്പറില്‍ വിജയ് ശങ്കര്‍ മതിയെന്ന് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. ജൂണ്‍ അഞ്ചിന് സതംപ്ടണില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന് ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവന്റെ പേര് ക്യാപ്റ്റന്‍ വിരാട് കോഹ്ലി കൈമാറുമ്പോള്‍ വിജയ് ശങ്കര്‍ നാലാം നമ്പറിലുണ്ടാകുമെന്ന് ഉറപ്പിക്കാം.
അതിന്റെയൊരു ആത്മവിശ്വാസത്തിലാണ് വിജയ് വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറെന്ന് പറഞ്ഞിരിക്കുന്നത്. നേരത്തെ ലോകേഷ് രാഹുലിന്റെ പേരും നാലാം നമ്പറിലേക്ക് ഉയര്‍ന്ന് വന്നിരുന്നെങ്കിലും ബാക്ക് അപ് ഓപണറായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളൂ.

ഏഴാം ഓവറില്‍ ഇറങ്ങേണ്ടി വന്നാലും മുപ്പതാം ഓവറില്‍ ഇറങ്ങേണ്ടി വന്നാലും സന്ദര്‍ഭം തിരിച്ചറിഞ്ഞ് ബാറ്റ് ചെയ്യാന്‍ തനിക്ക് സാധിക്കും. അതിനുള്ള മാനസികമായ തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു- വിജയ് ശങ്കര്‍ പറഞ്ഞു.
ആദ്യ ലോകകപ്പ് കളിക്കാന്‍ പോകുന്നതിന്റെ സമ്മര്‍ദം വിജയ് ശങ്കറിലുണ്ട്. ആകെ ഒമ്പത് ഏകദിന മത്സരങ്ങളും അത്ര തന്നെ ട്വന്റി20 മത്സരങ്ങളുമാണ് രാജ്യാന്തര കരിയറില്‍ വിജയ് കളിച്ചിട്ടുള്ളത്. ഒരു ക്രിക്കറ്റ് താരം സമ്മര്‍ദത്തില്‍ നിന്ന് വിമുക്തനായിരിക്കില്ല. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിച്ചതിന്റെ പരിചയം ഗുണം ചെയ്യും – വിജയ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ എ ടീമിന് വേണ്ടി ഇംഗ്ലണ്ടില്‍ കളിച്ചതിന്റെ അനുഭവ സമ്പത്ത് വിജയ് ശങ്കറിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വഴി എളുപ്പമാക്കിയ ഘടകമാണ്.

Latest