കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം; കല്ലേറും തീവെപ്പും

Posted on: May 14, 2019 10:47 pm | Last updated: May 15, 2019 at 10:23 am

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ സംഘര്‍ഷം. അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. വൈകിട്ട് 4.30നാണ് ‘സേവ് റിപ്പബ്ലിക് റാലി’ എന്നു പേരിട്ട ബിജെപി അധ്യക്ഷന്റെ റാലിക്കു തുടക്കമായത്. എന്നാല്‍ റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കത്തിക്കുകയും വിദ്യാര്‍ഥികളെ അക്രമിക്കുകയും ചെയ്തു.

കോളജില്‍ സ്ഥാപിച്ചിരുന്ന ബംഗാളി പണ്ഡിതന്‍ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികള്‍ തകര്‍ത്തു. കൊല്‍ക്കത്ത ബിദാന്‍ സരനിയിലെ കോളജ് ഹോസ്റ്റലില്‍നിന്ന് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായി. അതേ സമയം ഇടതുമുന്നണി-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലാണു സംഘര്‍ഷമുണ്ടായതെന്നു ദേശീയ വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ടു ചെയ്തു.
ബിജെപി അധ്യക്ഷന്‍ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലര്‍ വടികള്‍ വലിച്ചെറിഞ്ഞതാണു സംഘര്‍ഷത്തിലേക്കു നയിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി. തുടര്‍ന്നും കല്ലേറുണ്ടായി. ബിജെപി റോഡ്‌ഷോയ്ക്കു മുന്നോടിയായി പാര്‍ട്ടിയുടെ പോസ്റ്ററുകളും കൊടികളുമെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും നീക്കം ചെയ്തതായി ബിജെപി ആരോപിച്ചു. ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലുള്ളവരെവച്ചാണു ബിജെപി അധ്യക്ഷന്‍ റാലി നടത്തുന്നതെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചടിച്ചു.