ഖുർആന്റെ വായന, വലയങ്ങളില്ലാതെ

പരിഭാഷകൾ പലതും ഖുർആന്റെ നിയതമായ ആശയപ്രപഞ്ചത്തോട് നീതി പുലർത്താത്തതും അബദ്ധങ്ങളെ ആവാഹിക്കുന്നതുമായിരുന്നു. വായനക്കാരിൽ വിശുദ്ധ വചനങ്ങളെക്കുറിച്ചെന്നല്ല, ഇസ്‌ലാമിനെ പ്രതി തന്നെയും തെറ്റായ സന്ദേശങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ അവധാനതയില്ലാത്തതും അപക്വവുമായ പരിഭാഷകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈയൊരു പശ്ചാത്തലമാണ്, ഫൈളുർറഹ്മാൻ ഫീ തഫ്‌സീരിൽ ഖുർആൻ - വിശുദ്ധ ഖുർആൻ ആശയ വിവർത്തനം പ്രസക്തമാക്കുന്നത്.
അതിഥി വായന - വിശുദ്ധ ഖുർആൻ ആശയ വിവർത്തനം
Posted on: May 12, 2019 6:32 pm | Last updated: May 12, 2019 at 6:32 pm

വേദഗ്രന്ഥത്തിന്റെ വിവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും മുസ്‌ലിം ധൈഷണിക ലോകത്ത് സമഗ്രമായി നടന്നിട്ടുണ്ട്. കേരളത്തിൽ തന്നെ പല ഘട്ടങ്ങളിലും വലിയ ചർച്ചകൾ ഈ വിഷയത്തിൽ നടന്നിരുന്നു. കണ്ണൂർ അറക്കൽ കൊട്ടാരത്തിലെ മായിൻ കുട്ടി എളയയുടെ “തർജുമതി തഫ്‌സീരിൽ ഖുർആൻ’ എന്ന അറബി മലയാള പരിഭാഷ 1891ൽ ഫെബ്രുവരിയിൽ പ്രകാശിതമാകുകയുണ്ടായി. തഫ്‌സീർ ജലാലൈനിയെ അവലംബിച്ച് തയ്യാറാക്കിയിട്ട് പോലും അക്കാലത്തെ പണ്ഡിതന്മാർക്കിടിൽ വലിയ നിലയിലുള്ള ആശയസംവാദങ്ങൾക്ക് അത് വഴി വെച്ചു.

അല്ലാഹുവിന്റെ വചനമായ ഖുർആൻ കേവലമായ ഭാഷാന്തരത്തിന് വഴങ്ങുന്നതല്ല എന്നും അതുകൊണ്ട് ഖുർആൻ പരിഭാഷ തന്നെ അസാധ്യമാണെന്നുമാണ് പ്രാമാണിക പണ്ഡിതന്മാർ പറയുന്നത്. അപാരമായ അർഥതലങ്ങളുള്ള ഖുർആൻ വചനങ്ങളെ ഒരാളുടെ ഹ്രസ്വമായ പദാവലികളിലേക്ക് സംഗ്രഹിക്കുന്നത് വേദഗ്രന്ഥത്തോട് നീതിയാകില്ലെന്നതാണ് അതിന് നിദാനമായി പറയുന്നത്. ഖുർആൻ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ സ്വന്തം നിലയിൽ ഭാഷാന്തരം ചെയ്യുന്നതും മതപരിപ്രേക്ഷ്യത്തിൽ സാധുവല്ല.

പിന്നെയുള്ളത് പൂർവികരായ മുഫസ്സിറുകൾ (ഖുർആൻ വ്യാഖ്യാതാക്കൾ) നൽകിയ വിശദീകരണങ്ങളെ ആശ്രയിച്ച്, ഖുർആന്റെ ആശയങ്ങളെ പരാവർത്തനം നടത്തുക എന്നതാണ്. നബി(സ)യും അനുചരന്മാരും വിശദീകരിച്ചുതന്ന വേദഗ്രന്ഥത്തെ താബിഉകളും പിൻഗാമികളും പിന്തുടർന്നു. അതാണ് പൂർവികരായ ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിവെച്ചത്.

പരിഭാഷകൾ പലതും ഖുർആന്റെ നിയതമായ ആശയപ്രപഞ്ചത്തോട് നീതി പുലർത്താത്തതും അബദ്ധങ്ങളെ ആവാഹിക്കുന്നതുമായിരുന്നു. വായനക്കാരിൽ വിശുദ്ധ വചനങ്ങളെക്കുറിച്ചെന്നല്ല, ഇസ്‌ലാമിനെ പ്രതി തന്നെയും തെറ്റായ സന്ദേശങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ അവധാനതയില്ലാത്തതും അപക്വവുമായ പരിഭാഷകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇസ്‌ലാം വിമർശകരാൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും നിറയുന്ന തുണ്ടുകൾ അത്തരം പുസ്തകങ്ങളിൽ നിന്ന് അടർത്തിയെടുത്തതാണ്. സ്വതന്ത്ര വിവർത്തനമെന്നൊക്കെയുള്ളത് പറയാൻ രസമാണെങ്കിലും, ഖുർആന്റെ അക്ഷരവായനകളാണ് മുസ്‌ലിം സാമൂഹിക ജീവിതത്തെ ആഗോള തലത്തിൽ തന്നെ അരക്ഷിതമാക്കുന്ന പല സാഹചര്യങ്ങളുടെയും ഹേതുവെന്ന നിരീക്ഷണം പൊതുവായി തന്നെ ഉയർന്നുവന്നതും നിസ്സാരമല്ല.

ഈയൊരു പശ്ചാത്തലമാണ്, ഫൈളുർറഹ്മാൻ ഫീ തഫ്‌സീരിൽ ഖുർആൻ – വിശുദ്ധ ഖുർആൻ ആശയ വിവർത്തനം പ്രസക്തമാക്കുന്നത്. പൂർവികരായ പണ്ഡിതന്മാരെ അനുധാവനം ചെയ്തുകൊണ്ടുള്ള ഖുർആന്റെ ആശയ വിവർത്തനമാണിത്. വാക്കുകളെ കേന്ദ്രീകരിച്ചല്ല, ആശയങ്ങളെ അവലംബിച്ചുള്ള പരാവർത്തനം. എന്നുവെച്ചാൽ, വേദഗ്രന്ഥത്തിന്റെ ആശയം വ്യക്തമാക്കാൻ പദത്തെയല്ല, ആശയങ്ങളെയാണ് ആശ്രയിച്ചത് എന്ന് കാണാം.
ബ്രാക്കറ്റുകളില്ലാത്ത ആശയ വിവർത്തനമാണിത്. വ്യാഖ്യാനങ്ങളുടെയും പരിഭാഷകളുടെയും വലിയൊരു ന്യൂനതയും പരിമിതിയും ബ്രാക്കറ്റുകളുടെ അതിപ്രസരമാണ്. അപ്പോൾ വലയങ്ങളിൽ കുടുങ്ങി വായന മുറിഞ്ഞു പോകും. ബ്രാക്കറ്റിനുള്ളിലുള്ളതും പുറത്തുള്ളതും ചേർത്ത് വായിക്കാൻ പറ്റുന്ന പരുവത്തിലായിരിക്കില്ല.

ഒരേ വചനത്തിൽ ആവർത്തിച്ചുള്ള സർവനാമങ്ങളും (ളമീറുകൾ) ഒഴിവാക്കിയിട്ടുണ്ട്. ആശയവിവർത്തനമായതുകൊണ്ടാകാം, സർവനാമങ്ങളുടെ മുഴച്ചുനിൽക്കലില്ല. ഇത് ആശയഗ്രാഹ്യത സുഗമമാക്കുന്നു. പലയിടത്തും സർവനാമങ്ങൾ ഉന്നം വെക്കുന്ന നാമങ്ങൾ തന്നെ ചേർത്തിരിക്കുന്നു. വളരെ അത്യാവശ്യമൊഴികെ കർമണിപ്രയോഗം ഒഴിവാക്കി എന്നതും അനായാസ വായനക്ക് വഴിയൊരുക്കുന്നു. മജ്ഹൂലുകളിൽ (കർമണിപ്രയോഗം) “പെട്ടു’ ഉഴലുന്ന വാനയക്കാർക്ക് ഇത് പുതിയൊരു അനുഭവം നൽകും. സാങ്കേതിക ശബ്ദങ്ങളെ മതത്തിന്റെ സാംസ്‌കാരിക പരിസരത്തെ ഭാഷയായി നിലനിർത്തിയിരിക്കുന്നു. അത് വിവർത്തനം ചെയ്തിട്ടില്ല.

എങ്ങനെയൊക്കെയാണ് ഈ ഗ്രന്ഥം അനായാസ വായനയും ആശയഗ്രാഹ്യതയും തരുന്നതെന്ന് മനസ്സിലാക്കാൻ അധ്യായം 79- സൂറത്തുന്നാസിആത്തിലെ- ആദ്യത്തെ ഏതാനും വചനങ്ങളുടെ വിവർത്തനം മറ്റു വ്യാഖ്യാനങ്ങളുമായി താരതമ്യത്തിന് വിധേയമാക്കിയാൽ മതിയാകും. മതമീമാംസയുമായി നിരന്തര സമ്പർക്കത്തിലേർപ്പെടുന്നവരാണ് ഇതിന്റെ അണിയറയിലുള്ളത് എന്നത് ആധികാരികതയുടെ ഒരു തലവും നൽകുന്നു. യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ ചീഫ് എഡിറ്ററും ശാഫി സഖാഫി മുണ്ടമ്പ്ര, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ എക്‌സി. എഡിറ്റർമാരുമാണ്. ക്രസന്റ് പബ്ലിഷിംഗ് ഹൗസാണ് വിവർത്തനം തയ്യാറാക്കിയത്. എജ്യുമാർട്ടാണ് വിതരണം. വില 1200 രൂപ.
.