Connect with us

Education

കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാർഡുകൾ ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം

Published

|

Last Updated

തിരുവനന്തപുരം: 2019 മെയ് രണ്ട്, മൂന്ന് തീയതികളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും വച്ച് നടത്തുന്ന കേരള എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ 2019 ഏപ്രിൽ 16 മുതൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള “KEAM2019 Candidate Portal” എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷകൾ അവരുടെ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്. പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിട്ടുള്ള അഡ്മിറ്റ് കാർഡ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. അഡ്മിറ്റ് കാർഡുകൾ പരീക്ഷാഹാളിൽ പരിശോധനക്കായി ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാർഡുകൾ ഇല്ലാത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കുന്നതല്ല.

വിദ്യാർഥികളെ തിരിച്ചറിയുന്നതിന് അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് അഭികാമ്യമാണ്. മെഡിക്കൽ, ആർക്കിടെക്ച്ചർ കോഴ്‌സുകൾക്ക് മാത്രമായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമല്ല. എന്നാൽ അവർക്ക് പ്രൊഫൈൽ പേജ് ദൃശ്യമാകുന്നതാണ്. സമർപ്പിച്ച അപേക്ഷയിൽ ന്യൂനതകൾ ഉള്ള അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ “മെമ്മോ ഡീറ്റയിൽസ്” എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകുന്നതാണ്. ഓൺലൈൻ അപേക്ഷാ സമർപ്പണ വേളയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ്, എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല. അപേക്ഷാ ഫീസ്, ദുബൈ സെന്റർ ഫീസ് എന്നിവയുടെ ബാക്കി തുക അടക്കാനുള്ള അപേക്ഷകർ ഈ തുക ഓൺലൈനായി അടക്കുന്ന മുറക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കുന്നതാണ്. മറ്റുള്ളവർ ന്യൂനതകൾ ഇല്ലാത്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ 2019 ഏപ്രിൽ 25 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അതത് ലിങ്ക് വഴി അപ് ലോഡ് ചെയ്ത അപാകങ്ങൾ പരിഹരിക്കുന്ന മുറക്ക് അവരുടെ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്‌തെടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാകുന്നതാണ്. ഓൺലൈൻ അപേക്ഷയോടൊപ്പം അനുബന്ധ രേഖകൾ സമർപ്പിച്ചതിൽ ന്യൂനതകൾ ഉള്ളവർ അവ പരിഹരിക്കുന്നതിനുള്ള ബന്ധപ്പെട്ട രേഖകൾ 2019 മെയ് 10 ന് വൈകിട്ട് അഞ്ച് മണിക്കകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

അപാകതകൾ പരിഹരിക്കുന്നതിന് വേണ്ടി ഫാക്‌സ്, ഇമെയിൽ മുഖാന്തിരമോ തപാൽ വഴിയോ നോരിട്ടോ അയച്ചുതരുന്ന രേഖകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകരുടെ പ്രൊഫൈൽ പേജിൽ അപേക്ഷയിൽ നൽകിയിട്ടുള്ള വ്യക്തിഗത വിവരങ്ങൾ, സംവരണം, മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ ദൃശ്യമാകുന്നതാണ്.

Latest