കാണാൻ ചേലുള്ള ധോണി

യാത്ര
Posted on: April 14, 2019 3:01 pm | Last updated: April 14, 2019 at 3:01 pm

ധോണിയെ അറിയാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ഹെലികോപ്ടർ ഷോട്ടുകളും മിന്നൽ സ്റ്റമ്പിംഗും ലോകകപ്പ് നേട്ടവുമെല്ലാം, ഇന്ത്യക്കാരുടെ ഇഷ്ടപുത്രനായി റാഞ്ചിയിലെ മഹേന്ദ്ര സിംഗ് ധോണിയെ മാറ്റിയിട്ടുണ്ട്. എന്നാൽ, സ്വന്തം ജില്ലയിലെ ധോണിയെ കേൾക്കുന്നത് മാസങ്ങൾക്ക് മുമ്പാണ്. അന്ന് ഞാൻ രാജസ്ഥാനിലായിരുന്നു. കൂട്ടുകാരൻ സ്വഫ്‌വാനോട് കാര്യം അവതരിപ്പിച്ചു. സഞ്ചാരം ജീവിതമാക്കിയ അവന് എന്നോ ധോണി അറിയാം. പിന്നെ താമസിച്ചില്ല.

മിസ്റ്റർ മടിയന്റെ
കൂടെയൊരു മലകയറ്റം

ഒരു പ്രഭാതത്തിൽ ഞങ്ങൾ നാൽവർ സംഘത്തിന്റെ ബൈക്ക് യാത്ര. വയലേലകളുടെയും വേലകളുടെയും നാടായ പാലക്കാട്ടേക്ക്; പുഴകളുടെയും പൂക്കളുടെയും പറവകളുടെയും താരാട്ടോടെ. പച്ചപ്പുകൾ പൂത്തുനിൽക്കുന്ന കെട്ടിടത്തിന്റെ കവാടത്തിന് സമീപം ബൈക്കുകൾ പാർക്ക് ചെയ്തു. അധികം ആളുകളില്ല. ആദ്യ ട്രിപ്പിൽ തന്നെ ഇടം പിടിക്കണം. തുറന്നിട്ട ഗേറ്റിലൂടെ അകത്ത് കയറി മാനം നോക്കി നിൽക്കുമ്പോൾ സുരക്ഷാ ജീവനക്കാരൻ വന്നുപറഞ്ഞു: “ഒരു ദിവസം രണ്ട് ട്രിപ്പുകളേയുള്ളൂ. ഒന്ന് ഒമ്പതരക്കും. മറ്റൊന്ന് ഒന്നരക്കും. നാല് മണിക്കൂറാണ് പരമാവധി സമയം. 100 രൂപയാണ് ടിക്കറ്റ് വില. 10 പേർ ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് കിട്ടുകയുള്ളൂ.’
എന്തെങ്കിലും ചോദിക്കും മുമ്പ് അയാൾ എല്ലാം ചറപറ ഇങ്ങോട്ട് പറഞ്ഞു. ബേജാർ പെരുക്കം കൂട്ടിയെന്ന് പറയേണ്ടതില്ലല്ലോ. ഞങ്ങൾ നാല് പേരേയുള്ളൂ. ഇത്രയും ദൂരം എണ്ണ കത്തിച്ചത് വെറുതെയാകുമോ? ചിന്തിച്ചു നിൽക്കേ ദേ വരുന്നു, എട്ടംഗ സംഘം. “വെള്ളച്ചാട്ടത്തിലേക്ക് എത്ര ദൂരമുണ്ട്..?’ തുണി മടക്കിക്കുത്തിയ ഒരാൾ തെക്ക് ചുവക്കുന്ന ഭാഷയിൽ ചോദിച്ചു. “നാലര കിലോമീറ്റർ’ ആശ്വാസത്തോടെ ഞങ്ങൾ മറുപടി പറഞ്ഞു. “ഹമ്മേ.. അത്രയും ദൂരം നടക്കുന്നതിന് പകരം ആ മലമ്പുഴയിലെങ്ങാനും പോയാൽ സ്വസ്ഥമായി വെള്ളച്ചാട്ടം കണ്ടൂടേ?’ അൽപ്പം തമാശയോടെയും ഏറെ അമ്പരപ്പോടെയും അയാൾ പ്രതികരിച്ചു. പറവൂരിൽ നിന്നുള്ളവരാണവർ. നടക്കാൻ തയ്യാറല്ലാത്ത ഇയാളാണോ ട്രക്കിംഗിന് വന്നത്! മിസ്റ്റർ മടിയൻ തന്നെ.

വാച്ചിലേക്ക് നോക്കി. മണിക്കൂർ സൂചി അരിച്ചരിച്ച് പന്ത്രണ്ട് വിടാനുള്ള പുറപ്പാടിലാണ്. ചടപ്പിന്റെ ചുടുശ്വാസം അണപൊട്ടി. ഇനിയും ഒന്നര മണിക്കൂർ കാക്കണം. അടുത്തൊന്നും ഭക്ഷണം ലഭിക്കാത്തതിനാൽ പുറത്ത് നിന്ന് പാഴ്‌സൽ കൊണ്ടുവന്നിരുന്നു. അതു കഴിച്ചും കാടിനെ നിരീക്ഷിച്ചും “ഞാൻ ഈ വനത്തിലുണ്ട്’ എന്നെഴുതിയ പുലി ബോർഡിനൊപ്പം പിക്കെടുത്തും പച്ചപ്പിന്റെ പരിലാളനയിലിരുന്ന് വായനയിൽ മുഴുകിയും മിസ്റ്റർ മടിയന്റെ ചളികൾക്ക് ചിരി കൊടുത്തും സമയം തള്ളിനീക്കി. “ജലാംശം ഉള്ളിലെത്താതെ നാലര കിലോമീറ്റർ കയറിയിറങ്ങുക അസാധ്യം’. ഇടക്ക് ആരോ അഭിപ്രായപ്പെട്ടു. ഉടനെ ബാഗിലുണ്ടായിരുന്ന കുപ്പിയിൽ വെള്ളം നിറച്ചു. പ്ലാസ്റ്റിക് ഫ്രീ സോൺ ആയതിനാൽ ഉപയോഗം കഴിഞ്ഞ് എവിടെയും തള്ളാൻ പറ്റില്ല. തള്ളിയാൽ, മൂന്ന് വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും ഫ്രീയായി ലഭിക്കും. അല്ലെങ്കിലും, പച്ചപ്പുകളിൽ കൃത്രിമ പ്ലാസ്റ്റിക് മാലിന്യം ഉപേക്ഷിക്കാൻ മനസ്സ് വരില്ലല്ലൊ. ഒരു മണിയായതോടെ ടിക്കറ്റെടുത്തു. കൗണ്ടറിൽ നിന്ന് ഇറങ്ങാൻ നേരത്ത് മിസ്റ്റർ മടിയന്റെ അഡാറ് ഡൗട്ട്. “എന്തിനാണ് നൂറ് രൂപ..?’ ആ അഭിപ്രായത്തോട് ഞാനും യോജിച്ചു. ദൈവം അണിയിച്ചൊരുക്കിയ ഒട്ടും കൃത്രിമമല്ലാത്ത പരിപാലന ചെലവ് അത്രയില്ലാത്ത ഒരിടം കാണാൻ എന്തിനാണ് നൂറ് രൂപ!

കൊടുംകാട്ടിൽ
കൂട്ടംതെറ്റിയ നിമിഷം

ഒന്നരയായപ്പോഴേക്കും ഗൈഡ് വന്നു. കരിങ്കൽ പാകിയ വഴിയിലൂടെ കാൽനട ആരംഭിച്ചു. കൈയിൽ വടി പിടിച്ച്, കാടിനെ ആസ്വദിച്ച്, ആ ശാന്തതയിൽ അലിഞ്ഞു ചേർന്ന്, കളകളാരവങ്ങളിലേക്ക് ചെവി കൂർപ്പിച്ച്. അൽപ്പം നടന്നകന്നപ്പോർ ഒരു ആൾക്കൂട്ടം. അന്വേഷിച്ചപ്പോൾ സിനിമാ ഷൂട്ടിംഗുകാരാണ്. അത്തരക്കാർ അവിടെ പതിവാണത്രെ. ഷൂട്ടിംഗിലേക്കും കാട്ടിലേക്കും മാറിമാറി കണ്ണുകളെറിഞ്ഞ് യാത്ര മുന്നോട്ട് തന്നെ. ഒരു കിലോമീറ്റർ എത്തിയതേയുള്ളൂ. അപ്പോഴേക്കും പറവൂരുകാരിൽ നിന്ന് പ്രായമുള്ള രണ്ട് പേർ നിരുപാധികം തോൽവി സമ്മതിച്ചു. അതോടെ ഏറ്റവും പിന്നിലുള്ളവർ എന്ന വിശേഷണം എനിക്കും റഫീഖിനും ലഭിച്ചു. റഫീഖിനെ ഞാൻ മനപ്പൂർവം അതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വായനയാണെങ്കിലും പ്രകൃതിയാണെങ്കിലും എനിക്ക് പതിയെ ആസ്വദിക്കാനേ കഴിയൂ. മാത്രമല്ല, റഫീഖിന്റെ പോക്കറ്റിൽ നല്ല ക്യാമറയുണ്ട്. സാമൂഹിക മാധ്യമത്തിൽ ആഘോഷിക്കാൻ കുറച്ചു പിക്കുകൾ വേണം.

പലർക്കും പല വേഗതയായതിനാൽ ഒന്നിച്ച് നടത്തം തുടങ്ങിയവർ മൂന്നും നാലുമായി മുറിഞ്ഞിരുന്നു. എങ്കിലും മുന്നിലുള്ളയാൾ കണ്ണിൽ നിന്ന് മായാതെ നിലകൊണ്ടു. വഴി തെറ്റിയാൽ പണികിട്ടും. വളവുകളിലെ മുളക്കസേരകളും വഴിയോരത്തെ പാറക്കെട്ടുകളും വലിയ ആശ്വാസമാണ്. കിതച്ചു കൊണ്ടിരിക്കുന്ന ഹൃദയത്തെയും വഴിമുട്ടിയ കാലുകളെയും സാധാരണഗതിയിലാക്കാൻ അവകളാണ് അത്താണി.

ഒന്നര കിലോമീറ്ററായപ്പോഴേക്കും മുന്നിൽ ആരുമില്ല. മലമ്പാമ്പ് പോലെ വളഞ്ഞു പുളഞ്ഞ് മുകളിലേക്ക് നീളുന്ന വഴിയും തിങ്ങി നിറഞ്ഞ മരക്കൂട്ടങ്ങളും മാത്രം. പടച്ചോനേ.. പെട്ടോ..? ശങ്കിച്ച് നിൽക്കുമ്പോൾ ചെടികൾക്കിടയിലൂടെ ഏതൊക്കെയോ കാലുകൾ ചിട്ടപ്പെടുത്തിയ ഒരു കുഞ്ഞു വഴി മുകളിലേക്ക് കയറുന്നത് ദൃശ്യമായി. രണ്ടും കൽപ്പിച്ച് കൈയിലുള്ള വടിയും കുത്തിപ്പിടിച്ച് ഞങ്ങൾ അതുവഴി നടന്നുകയറി. ആരെയും കാണാതിരുന്നപ്പോൾ നന്നായി ഒന്ന് കൂവി. യാതൊരു മറുപടിയുമില്ല. ശക്തിയിൽ വീണ്ടും കൂവി. തൊട്ടുടനെ ഒരു കൂവൽ തിരിച്ചിങ്ങോട്ടും വന്നു. അതുകേട്ട ഭാഗത്തേക്ക് പൊത്തിപ്പിടിച്ച് കയറിയപ്പോൾ അതാ ഇരിക്കുന്നു കുറച്ചുപേർ പാറക്കെട്ടുകളിൽ. ഹാവൂ.. ഉത്കണ്ഠയെ ആശ്വാസം മെല്ലെ കൈയടക്കിക്കൊണ്ടിരുന്നു.
ഞാനും ഒരു പാറക്കെട്ടിൽ ആസനസ്ഥനായി. സാമീപ്യം പ്രതീക്ഷിച്ചപോലെ തൊട്ടടുത്തിരിക്കുന്ന സ്വഫ്‌വാൻ എന്നെ നോക്കി ചിരിക്കുന്നു. ബാഗിൽ വെള്ളക്കുപ്പിയുണ്ട്. അതിലേക്കാണ് ആ ചിരി. ഞാനത് അവന് നേരെ നീട്ടുമ്പോൾ ആശിഖ് ഉപദേശിയായി. “മല കയറുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല. കൂടുതൽ ക്ഷീണിപ്പിക്കും.’ അഭിപ്രായത്തോട് ഞാനും യോജിച്ചു, രണ്ട് കാരണത്താൽ. ഒന്ന്: ആശിഖിന്റെ ആരോഗ്യപരമായ അറിവിനെ അംഗീകരിക്കൽ. രണ്ട്: കഷ്ടപ്പെട്ട് കൊണ്ടുവന്ന വെള്ളക്കുപ്പി കാലിയാക്കാനുള്ള സ്വഫ്‌വാന്റെ ശ്രമത്തെ പിന്തിരിപ്പിക്കൽ. പക്ഷേ, അവന് വല്ല കൂസലുമുണ്ടോ? അടുത്ത വളവിലെത്തുമ്പോഴേക്കും അത് തീരുമോ എന്ന ഭയത്താൽ ബാക്കിയുള്ളതെല്ലാം ഞാൻ ഒറ്റയടിക്ക് തീർത്തു. ബയോളജി നോക്കിയാൽ ദാഹം മാറില്ല.

വെള്ളത്തുള്ളികളുടെ
മൂളിപ്പാട്ട്

കുടിച്ചും കിതച്ചും കാറ്റു കൊണ്ടും മൂന്നര കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും തൊട്ടുമുന്നിൽ ഒരു ബോർഡ്. വെള്ളച്ചാട്ടത്തിലേക്ക് 750 മീറ്റർ. കയറ്റം അവിടെ മരിക്കുകയും ചെറുതല്ലാത്ത ഇറക്കം ജനിക്കുകയും ചെയ്യുന്നു. വല്ലാതെ തണുപ്പ് പകരുന്ന മന്ദമാരുതൻ അവിടെ അലഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇതായിരിക്കുമോ വായനകളിൽ കേട്ടുപരിചയിച്ച പാലക്കാടൻ കാറ്റ്?
ഇടക്ക് മിസ്റ്റർ മടിയനിൽ നിന്ന് ഒരു കമൻറ് കേട്ടു. “ഈ കയറ്റം കയറിയതിന് നൂറ് രൂപ ഇങ്ങട്ട് കിട്ടണം’. അഞ്ച് കിലോമീറ്റർ നീളുന്ന അജ്മീറിലെ താരാഘട്ട് കയറിയതിനാൽ ഈ മല വലിയ പ്രയാസം തോന്നിയില്ല. അത്യാവശ്യം ട്രക്കിംഗുകൾ നടത്തുന്നവർക്ക് ധോണി ഒരു പ്രയാസമേയല്ല. ഇറക്കം തുടങ്ങിയപ്പോൾ എല്ലാവർക്കും ആവേശമായി. വിയർപ്പ് തുള്ളികളെ കാറ്റ് കവർന്നു കൊണ്ടിരുന്നു. തളർച്ച എവിടേക്കോ ഒലിച്ചുപോയി. കണ്ണുകളിൽ ആകാംക്ഷ ചിറകു വിരിച്ചു. പതിയെ ജല കണികകളുടെ മൂളിപ്പാട്ട് ചെവികളിലേക്ക് ചിറകടിച്ചു തുടങ്ങി. കെട്ടടങ്ങാത്ത ആവേശത്തോടെ ഞങ്ങൾ വലിഞ്ഞു നടന്നു. കുറച്ചെത്തിയപ്പോൾ അതാ കുണുങ്ങിക്കുണുങ്ങി കളകളം പാടി ഒലിച്ചിറങ്ങുന്നു വെള്ളിക്കൊലുസണിഞ്ഞ തെളിനീർ സുന്ദരികൾ.

ഇരുവശത്തും കാട്. നടുവിൽ കാടിന്റെ മനസ്സ് പോലെ മലർന്നൊഴുകുന്ന മനോഹരി. ഓടിപ്പോയി ചാടിക്കുളിക്കാനും വെള്ളം തെറിപ്പിച്ച് കളിക്കാനും മനസ്സ് വെമ്പി. പക്ഷേ അനുവാദമില്ല. അപകടം പിടിച്ച സ്ഥലമാണ്. എങ്കിലും ഗൈഡിനെ സോപ്പിട്ട് കമ്പി എടുത്തുചാടി ഞങ്ങൾ അപ്പുറം കടന്നു. ചിലർ കുളിച്ചു. മറ്റ് ചിലർ മുഖം കഴുകി. ഞാൻ കുറേ പിക്കുകൾക്ക് പോസ് ചെയ്തു. ക്യാമറക്കാരൻ റഫീഖ് കൂടെ തന്നെയുണ്ടായിരുന്നു. ആർത്തിരമ്പും വെള്ളച്ചാട്ടം പ്രതീക്ഷിച്ച ഞങ്ങൾക്ക് മുമ്പിൽ ശാന്തമായൊഴുകുന്ന ഒന്നാണ് പ്രത്യക്ഷപ്പെട്ടെങ്കിലും കൺകുളിർമയേകുന്നതായിരുന്നു. സാധാരണ വെള്ളച്ചാട്ടങ്ങൾ വെള്ളം ഒഴുകിയിറങ്ങുന്ന ഭാഗത്ത് നിന്ന് ആസ്വദിക്കുന്നതാണെങ്കിൽ ഇവിടെ തുടങ്ങുന്നിടത്തു നിന്നു തന്നെ ആസ്വദിക്കാം. മനസ്സ് വരച്ച ചിത്രങ്ങളേക്കാൾ മനോഹരമാണ് ധോണി. ഞാൻ ചുറ്റും നോക്കി. ആഴിയിലേക്ക് ഒഴുകുന്ന ജലച്ചീളുകൾ. പച്ചപുതച്ച പരിസരങ്ങൾ. ആകാശം മുട്ടുന്ന പർവതങ്ങൾ. പർവതത്തെ ചുംബിക്കുന്ന മേഘങ്ങൾ. എവിടെയും ദൈവത്തിന്റെ കവിതകൾ. കാനന കന്യകേ.. കണ്ടു കൊതി തീർന്നില്ല..!
കയറിയതിലും എളുപ്പത്തിൽ കാടിറങ്ങി. ഇത്തവണ ഗൈഡിനൊപ്പം നടന്നു. ഉള്ളിൽ തികട്ടിയ സംശയങ്ങൾ ഏറെക്കുറെ അയാൾ തീർത്തു. ആനകളും പുലികളും പാമ്പുകളും രാത്രികളിൽ സ്ഥിരമായി ഇറങ്ങാറുണ്ടത്രെ. ഞാനാണെങ്കിൽ കുറച്ച് സിംഹവാലൻ കുരങ്ങുകളെ മാത്രമേ കണ്ടുള്ളൂ. ധോണിയോട് സലാം പറഞ്ഞ് അടിവാരത്തെത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നിരുന്നു. ഗൂഗിൾ ഗുരു പറഞ്ഞതനുസരിച്ച് ഹോട്ടൽ അശ്വതി ലക്ഷ്യമാക്കി വണ്ടിയെടുത്തു. നോക്കുമ്പോൾ ചെറിയൊരു തട്ടുകട. പ്ലിംഗ്.. പക്ഷേ വിശപ്പിനെന്തു തട്ടുകട..! പാലക്കാട് നഗരത്തിൽ നിന്ന് 15 കിലോമീറ്ററും ഒലവക്കോട്ട് നിന്ന് ഒമ്പത് കിലോമീറ്ററും അകലെയാണ് ധോണി. ബസിലോ സ്വന്തം വാഹനങ്ങളിലോ ഇവിടെയെത്താം.

ബാസിത് കോട്ടപ്പുറം
[email protected]