പഠിച്ച് കുതിക്കാം ലക്ഷ്യത്തിലേക്ക്

മഹാത്മാ ഗാന്ധി സർവകലാശാല
Posted on: April 9, 2019 12:44 pm | Last updated: September 20, 2019 at 10:45 pm

കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് ഇന്ന് 10, 12 ക്ലാസ് പഠനം പൂർത്തിയാക്കുന്നതു വഴി നാം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടുകയാണല്ലോ. റിസൾട്ടിനായി കാത്തിരിക്കുന്ന വിദ്യാർഥിയുടെയും രക്ഷിതാവിന്റേയും ആഗ്രഹമാണ് തുടർന്നുള്ള വിദ്യാഭ്യാസവും മികച്ച ജോലിയും. പുത്തൻ ആശയങ്ങളും നൂതന കോഴ്‌സുകളും അതിവേഗം മാറിവരുന്ന ഈ കാലഘട്ടത്തിൽ വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ കണ്ടെത്തുക ശ്രമകരം തന്നെയാണ്.
കരിയർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വിദ്യാർഥിയുടെ
താത്പര്യം

പലപ്പോഴും വിദ്യാർഥി ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്നത് മാതാപിതാക്കളുടെ, ബന്ധുമിത്രാദികളുടെ, സുഹൃത്തുക്കളുടെ അതുമല്ലെങ്കിൽ പരസ്യ വാചകങ്ങളിലോ, ഏതെങ്കിലും ഏജൻസികളുടെ താത്പര്യത്തിന് അല്ലെങ്കിൽ പ്രേരണക്കനുസരിച്ചാണ്. എന്നാൽ, പഠിക്കാൻ പോകുന്ന കോഴ്‌സിനുശേഷം ലഭിക്കുന്ന ജോലിയുടെ സ്വഭാവം, അതിന്റെ പ്രത്യേകതകൾ, അതിനുവേണ്ടി വരുന്ന ക്ലേശങ്ങൾ തുടങ്ങി നിരവധിയായ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്നത് വിദ്യാർഥി മാത്രമാണെന്നുള്ളതുകൊണ്ട് ഓരോ വിദ്യാർഥിയും അഭിരുചിക്കിണങ്ങിയ കോഴ്‌സുകൾ തന്നെയാകണം തിരഞ്ഞെടുക്കേണ്ടത്. അതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളുമായിരിക്കണം മറ്റുള്ളവർ ചെയ്തുകൊടുക്കേണ്ടത്.

പഠിക്കാനുള്ള കഴിവ്

തിരഞ്ഞെടുക്കുന്ന കോഴ്‌സ് പഠിക്കാനുള്ള ബുദ്ധിപരവും ശാരീരികവും സാമ്പത്തികവുമായ കഴിവ് ഉണ്ടെന്ന് ഉറപ്പാക്കിയതിനുശേഷം മാത്രം കോഴ്‌സിന് ചേരുക. ഉദാഹരണത്തിന് മാത്തമാറ്റിക്‌സ് ബുദ്ധിമുട്ടുള്ള ഒരു കുട്ടിക്ക് ആ വിഷയവുമായി ബന്ധമുള്ള എൻജിനീയറിംഗ് പഠനമേഖല യോജിച്ചതായിരിക്കുകയില്ല. എന്നതുപോലെ വർധിച്ചുവരുന്ന പഠനച്ചെലവിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താതെ കോഴ്‌സിന് ചേർന്നാൽ ഇടക്ക് വെച്ച് പഠനം നിർത്തേണ്ടിവരുന്നത് നമ്മുടെ പഠനവും വിലയേറിയ സമയവും നഷ്ടപ്പെടുത്തുന്നു.

വിദ്യാർഥിയും
അനുബന്ധ കാര്യങ്ങളും

പലപ്പോഴും മലയാളികളായ രക്ഷിതാക്കൾ ഏറ്റവും കുറഞ്ഞ പ്രാധാന്യവും പരിഗണനയും കൊടുക്കുന്ന ഒന്നാണ് പഠിക്കുന്ന കുട്ടിയുടെ ലിംഗവ്യത്യാസവും മതപരവും മറ്റ് അനുബന്ധ സാംസ്‌കാരിക മൂല്യങ്ങളും. പഠനം നടത്തുന്ന ആൾ ആൺകുട്ടിയാണോ, പെൺകുട്ടിയാണോ എന്നത് കരിയർ ആസൂത്രണത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. എല്ലാ കോഴ്‌സുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ യോജിക്കില്ല. അതുപോലെ തന്നെ പഠിതാവിന്റെ മതവിശ്വാസവും സാംസ്‌കാരിക പ്രത്യേകതകളും പഠനത്തിനായി ഒരു കോഴ്‌സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.

സാമ്പത്തിക നിലയും മറ്റും

പുതിയ കാലത്ത് ആയിരക്കണക്കിനു കോഴ്‌സുകളും പഠന സൗകര്യങ്ങളുമാണ് നമുക്ക് മുന്പിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ പല പ്രോഗ്രാമുകളും പഠിക്കുന്നതിന് വലിയ സാമ്പത്തിക ചെലവുകൾ ഉണ്ടാകാറുണ്ട്. ആയതിനാൽ പഠിതാവിനെ സഹായിക്കുന്ന വ്യക്തികളുടെ സാമ്പത്തിക സ്ഥിതി കോഴ്‌സുകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാണ്.

ഉപരിപഠന സാധ്യത

പഠിതാവ് തിരഞ്ഞെടുത്തു പഠനം നടത്തുന്ന പ്രോഗ്രാം കഴിഞ്ഞാൽ ആ കോഴ്‌സിന്റെ ഉപരിപഠന സാധ്യത പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കിയിട്ടുണ്ടാകണം. കാരണം, ന്യൂജനറേഷൻ കോഴ്‌സുകൾ ഒട്ടുമിക്ക സ്ഥാപനങ്ങളും പഠിപ്പിക്കുമ്പോൾ ഓർക്കുക പല ന്യൂജനറേഷൻ കോഴ്‌സുകൾക്കും ഉപരിപഠന സൗകര്യമില്ല. ആയതിനാൽ പഠിക്കാനായി തിരഞ്ഞെടുക്കുന്ന കോഴ്‌സിന്റെ ഉപരിപഠന സാധ്യത പ്രത്യേകം അറിഞ്ഞിരിക്കണം.

കോഴ്‌സുകളുടെ
അംഗീകാരം

വളരെ ശ്രദ്ധാപൂർവവും ജാഗ്രതയോടും കൂടി മനസ്സിലാക്കേണ്ട ഒരു വസ്തുതയാണ് നമ്മൾ ചേരുന്ന കോഴ്‌സിന്റെയും അവ നടത്തുന്ന സ്ഥാപനത്തിന്റേയും അംഗീകാരം. നാം ചേരാൻ പോകുന്ന കോഴ്‌സിനും അവ നടത്തുന്ന സ്ഥാപനത്തിനും ഗവൺമെന്റിന്റേയോ, യൂനിവേഴ്‌സിറ്റിയുടേയോ അല്ലെങ്കിൽ ബന്ധപ്പെട്ട ഏജൻസികളുടേയോ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം.
പലപ്പോഴും അന്യ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിൽ ചേർക്കുമ്പോൾ മതിയായ വിവരങ്ങൾ ശേഖരിക്കാത്തതും സ്ഥാപനങ്ങൾ നൽകുന്ന ഭീമമായ കമ്മീഷൻ കൈപ്പറ്റുന്ന ഏജൻസികളുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിക്കുന്നതും നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാക്കുന്നു. റാഗിംഗും ദുഷിച്ച കൂട്ടുകെട്ടുകളുംവഴി മോഷണം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേക്ക് വഴിതെളിക്കുന്നത് ഇന്ന് ദിനംപ്രതി പത്രങ്ങളിൽ കൂടി അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. അതിനാൽ അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയതിനുശേഷം തീരുമാനമെടുക്കുക. നമ്മുടെ നാട്ടിൽ മതിയായ സൗകര്യങ്ങൾ ഉണ്ടായിരിക്കെ അന്യസംസ്ഥാനങ്ങളിലേക്ക് കുട്ടികളെ അവരുടെ ഇഷ്ടാനുസരണം അയക്കേണ്ടതിന്റെ ആവശ്യകതകൂടി പരിശോധിച്ചതിനുശേഷം മാത്രം തീരുമാനമെടുക്കുക.

.എളുപ്പം ജോലി

നാം തിരഞ്ഞെടുത്ത് പഠനം പൂർത്തിയാക്കിയ കോഴ്‌സിനുശേഷം മികച്ച വരുമാനമുള്ള, സമൂഹത്തിൽ മാന്യമായ സ്ഥാനമുള്ള ഒരു ജോലി ലഭിക്കുന്നതിനുള്ള സാധ്യത അല്ലെങ്കിൽ അവസരങ്ങൾ എത്രമാത്രമുണ്ട് എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. വളരുന്ന ഒരു വ്യവസായ മേഖലയിലേക്കുള്ള പഠനപദ്ധതിയിലാണോ അതോ താത്്കാലിക ജോലി സാധ്യത മാത്രമേ ഉള്ളോ എന്ന് ആലോചിക്കുക. പഠനശേഷം ഏത് മേഖലയിലാണ്, എവിടെയാണ് ജോലി ലഭിക്കുക, പ്രമോഷൻ സാധ്യതകൾ, ശമ്പള വ്യവസ്ഥകൾ തുടങ്ങിയവ കൂടി ശ്രദ്ധിച്ചതിനുശേഷം മാത്രം ഒരു കോഴ്‌സിന് ചേരുകയാണ് നല്ലത്. ഇന്ന് വിദ്യാഭ്യാസം നേടുക എന്നുള്ളത് കേവലം അറിവ് സമ്പാദിക്കുക എന്നുള്ളത് മാത്രമല്ല, മറിച്ച് സമൂഹത്തിൽ മാന്യമായ ജീവിതത്തിന് ആവശ്യമായ സാമ്പത്തിക വരുമാനം നേടുന്നതിനുള്ള ഒരു കരിയർ കണ്ടെത്തുന്നതിനുള്ള ഉപാധികൂടിയാണ്. അതിനായി മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഒരു മികച്ച കോഴ്‌സ് തിരഞ്ഞെടുക്കാനാകണം.
.