Connect with us

Ongoing News

കുട്ടികളെ കാറിന്റെ പിൻസീറ്റിൽ ഇരുത്തണം: കമ്മീഷൻ

Published

|

Last Updated

തിരുവനന്തപുരം: സീറ്റ് ബെൽറ്റ് നിർബന്ധമുള്ള മുഴുവൻ യാത്രാവാഹനങ്ങളിലും 13 വയസിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിലിരുത്തി യാത്രചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്തണമെന്നും കമ്മീഷൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഗതാഗത കമ്മീഷണറും വനിതാ-ശിശു വികസന വകുപ്പും നടപടി എടുക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുട്ടിയുടെയും മരണവുമായി ബന്ധപ്പെട്ട് വന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിലാണ് നടപടി. 1989ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടം 125(1) എ പ്രകാരം ഡ്രൈവറെ കൂടാതെ ഏഴ് സീറ്റുവരെയുള്ള യാത്രാവാഹനങ്ങളിലും ഡ്രൈവർക്കും മുൻസീറ്റിലിരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നിയമം പാലിക്കുന്നതിലുള്ള അലംഭാവവും അശ്രദ്ധയുമാണ് പല അപകടങ്ങൾക്കും കാരണമെന്നാണ് ഗതാഗത കമ്മീഷണർ അറിയിച്ചത്. എന്നാൽ, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിംഗ് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളിൽ വ്യക്തതയില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

13 വയസിനു താഴെയുള്ളവർ പിൻസീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. പല അപകടങ്ങളിലും കുഞ്ഞുങ്ങൾക്ക് പ്രത്യേകം സുരക്ഷാസീറ്റ് ഇല്ലാത്തതാണ് മാരകമായ പരിക്കുകൾക്കും അപകടമരണങ്ങൾക്കും കാരണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രീഷ്യൻസ് നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നമ്മുടെ നാട്ടിലും പാലിക്കപ്പെടണം- കമ്മീഷൻ വ്യക്തമാക്കി.

Latest