Connect with us

Ongoing News

ജാഗ്രതൈ!! നിരീക്ഷകർ പിന്നാലെയുണ്ട്

Published

|

Last Updated

തിരുവനന്തപുരം: പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സാമൂഹിക മാധ്യമങ്ങൾ കർശനമായി നിരീക്ഷിക്കാൻ നിർദേശം. വിക്കിപീഡിയ, ബ്ലോഗുകൾ, ട്വിറ്റർ, യൂ ട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള സാമൂഹിക മാധ്യമ വിഭാഗം കർശന നിരീക്ഷണത്തിന് വിധേയമാക്കിയിരിക്കുന്നത്.

സസ്ഥാനത്ത് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നിരീക്ഷിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റ് മാധ്യമങ്ങൾക്കുള്ള നിയമ വ്യവസ്ഥകൾ സാമൂഹിക മാധ്യമങ്ങൾക്കും ബാധകമാക്കി കൊണ്ടാണ് ഇത്തവണ തിരഞ്ഞെടുപ്പ് ചട്ടം തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ ഇലക്‌ട്രോണിക് മീഡിയയിൽ തിരഞ്ഞെടുപ്പ് പരസ്യം നൽകുന്നതിനുള്ള മുൻകൂർ അനുമതി നിബന്ധന സാമൂഹിക മാധ്യമങ്ങൾക്കും നിർബന്ധമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് മാധ്യമങ്ങളിലോ, സോഷ്യൽ മീഡിയ വെബ്‌സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് സൈറ്റുകളിലോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ രാഷ്ട്രീയ പരസ്യം നൽകുന്നതിന് ജില്ലാതലത്തിലുള്ള മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം സി എം സി) യുടെ മുൻകൂർ അനുമതി വാങ്ങണം. സ്ഥാനാർഥി നാമ നിർദേശ പത്രിക സമർപ്പിക്കുന്നത് മുതൽ ഫലം പ്രഖ്യാപിക്കുന്നത് വരെ സൂക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് ചെലവിൽ സാമൂഹിക മാധ്യമങ്ങളിൽ നൽകുന്ന പരസ്യത്തിന്റെ ചെലവും ഉൾപ്പെടുത്തും.

സർക്കാർ ഉദ്യോഗസ്ഥരും മറ്റും ഏതെങ്കിലും സ്ഥാനാർഥിയേയോ പാർട്ടിയേയോ പാർട്ടി നേതാക്കളേയോ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലുകളും വോട്ട് പിടുത്തവും കുറ്റകരമായി കണ്ട് ശക്തമായ നടപടി സ്വീകരിക്കും. സാമൂഹിക മാധ്യമങ്ങളിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനം ശ്രദ്ധയിൽപെട്ടാൽ 9446257346 എന്ന നമ്പറിൽ തെളിവ് സഹിതം അറിയിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.