Connect with us

International

ന്യൂസിലന്‍ഡ് തീവ്രവാദി ആക്രമണം: മരിച്ചവരില്‍ മലയാളി യുവതി ഉള്‍പ്പടെ അഞ്ച് ഇന്ത്യക്കാര്‍

Published

|

Last Updated

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ കഴിഞ്ഞ ദിവസം തീവ്രവാദി നടത്തിയ വെടിവെപ്പില്‍ മരിച്ചവരില്‍ മലയാളി യുവതിയുള്‍പ്പടെ അഞ്ച് ഇന്ത്യക്കാരും. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, സഞ്ജീവ് കോലി, വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.

കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സി അലിബാവക്കു പുറമെ മെഹ്ബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസിര്‍ ഖദീര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ആക്രമണത്തില്‍ പരുക്കേറ്റ മറ്റു രണ്ട് ഇന്ത്യക്കാരും രണ്ട് ഇന്ത്യന്‍ വംശജരും ആശുപത്രിയില്‍ ചികിത്സയിലാണ്.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങള്‍ക്ക് വിസ വേഗത്തില്‍ ലഭിക്കാന്‍ വെബ് പേജ് ന്യൂസിലഡ് എമിഗ്രേഷന്‍ വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഹെല്‍പ് ലൈന്‍ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്- 021803899, 021850033. ഈ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായിരിക്കും.

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മസ്ജിദിലും സമീപത്തെ ലിന്‍വുഡ് ഇസ്‌ലാമിക് പള്ളിയിലും വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് നടത്തിയ വെടിവെപ്പില്‍ 50 പേരാണ് മരിച്ചത്. വെടിവെച്ച ആസ്‌ത്രേലിയന്‍ പൗരന്‍ ബ്രണ്ടന്‍ ടാറന്റിനെ (28) ക്രൈസ്റ്റ് ചര്‍ച്ച് ജില്ലാ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഏപ്രില്‍ അഞ്ചു വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ആസ്‌ത്രേലിയയിലെ ന്യൂസൗത്ത് വെയില്‍സ് സ്വദേശിയായ ടാറന്റ് 2012ലാണ് ന്യൂസിലന്‍ഡിലെത്തിയത്. നേരത്തെ ഫിറ്റ്‌നസ് പരിശീലകനായിരുന്ന ഇയാള്‍ വെള്ളക്കാരുടെ മേല്‍ക്കോയ്മയില്‍ വിശ്വസിക്കുന്ന ആളാണ്. വെടിവെപ്പുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെ കൂട്ി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Latest