Connect with us

Kerala

പത്തനംതിട്ട, തൃശൂര്‍ സീറ്റുകളില്‍ ഉടക്കി ബി ജെ പി പട്ടിക വൈകുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ഥി പട്ടികയില്‍ ടോം വടക്കനില്ല. ഇന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നെങ്കിലും പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയിലെത്തിയ മുന്‍ എ ഐ സി സി വക്താവ് ടോം വടക്കന് ചാലക്കുട്ടി സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നും ദേശീയ നേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ടോം വടക്കന്റെ പേരില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

പത്തനംതിട്ട സീറ്റിനായി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമാണ് രംഗത്തുള്ളത്. സുരേന്ദ്രനാണ് ്മണ്ഡലം കമ്മിറ്റിയുടെ പിന്തുണ. ആര്‍ എസ് എസ് സമ്മര്‍ദവും നിലനില്‍ക്കുന്നു. ഈ സഹചര്യത്തില്‍ പി ശ്രീധരന്‍പിള്ളയുടെ സാധ്യത മങ്ങാനാണ് സാധ്യത. എങ്കിലും പിള്ള പ്രതീക്ഷ കൈവിട്ടിട്ടില്ല. ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പിള്ള സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്‌പോലെ സീറ്റും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. പത്തനംതിട്ട സീറ്റിനായി കൃഷ്ണദാസ് ഗ്രൂപ്പിലെ പ്രധാന നേതാവ് എം ടി രമേശും ആദ്യഘട്ടത്തില്‍ അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര് പോലും ചര്‍ച്ചക്കില്ല.

തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ സീറ്റ് നല്‍കാന്‍ ബി ജെ പി ഒരുക്കമാണ്. എന്നാല്‍ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. വെള്ളാപ്പള്ളി നടേശന്റെ എതിര്‍പ്പാണ് പ്രധാന കാരണം. മത്സരിക്കുകയാണെങ്കില്‍ എസ് എന്‍ ഡി പി ഭാരവാഹിത്വം രാജിവെച്ചിട്ട് വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തുഷാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുഷാര്‍ വിട്ടുനിന്നാല്‍ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ബി ജെ പിക്ക് എളുപ്പമാകും. ശ്രീധരന്‍പിള്ളക്ക് പത്തനംതിട്ടയും സുരേന്ദ്രന് തൃശൂര്‍ നല്‍കി തര്‍ക്കം പരിഹരിക്കാനാകും. എന്നാല്‍ എസ് എന്‍ ഡി പി വോട്ടുകളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ബി ഡി ജെ എസിലൂടെ ബി ജെ പി പ്രതീക്ഷിക്കുന്നത്. തുഷാര്‍ മാറിനിന്നാല്‍ തിരിച്ചടിയാകുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലേത് പോലെ എസ് എന്‍ ഡി പി വോട്ടുകള്‍ സി പി എം കൈക്കലാക്കുമെന്നും ഇവര്‍ ഭയക്കുന്നു.

കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എം പിയെയാണ് പരിഗണിക്കുന്നത്. നേരത്തെ മത്സരിക്കാനില്ലെന്നും സിനിമ ചിത്രീകരണത്തിന് ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പറഞ്ഞ സുരേഷ്‌ഗോപി ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. പാര്‍ട്ടി പറഞ്ഞാല്‍ കൊല്ലത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്നാണ് ഇന്ന് സുരേഷ്‌ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ദേശീയ നേതൃത്വത്തില്‍ നിന്നും മത്സര രംഗത്തിറങ്ങണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. പാലക്കാട് ശോഭ സുരേന്ദ്രന്റെ പേരിനാണ് പ്രഥമ പരിഗണന. എന്നാല്‍ മുരളീധര പക്ഷത്തിലെ സി കൃഷ്ണകുമാറും രംഗത്തുണ്ട്.

---- facebook comment plugin here -----

Latest