Connect with us

Ongoing News

ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Published

|

Last Updated

ടികാം റാം മീണ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ ടികാം റാം മീണ. അങ്ങനെ ചെയ്യുന്നത് ചട്ട ലംഘനമായി കാണുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുപ്രീം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതും വിഷയത്തെ സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന രീതിയില്‍ ഉപയോഗിക്കുന്നതും ചട്ടലംഘനമാണ്. വിഷയത്തില്‍ അടുത്ത ദിവസം രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ടികാ റാം മീണ പറഞ്ഞു.

മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് തേടുന്നത് ചട്ടലംഘനമാണ്. സ്ഥാനാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അതു വ്യക്തമാക്കണം. ഫോറം 26ല്‍ ഇത് രേഖപ്പെടുത്തണം. വിവരങ്ങള്‍ തെറ്റാണെന്നു കണ്ടാല്‍ നടപടി സ്വീകരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടെ നിലവില്‍ വന്ന സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

  • സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം-2,54,87,011 ആണ്. പുരുഷന്മാര്‍: 1,22,97,403, സ്ത്രീകള്‍: 1,31,11,189. ട്രാന്‍സ്‌ജെന്‍ഡര്‍: 119.
  •  സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ് (30,47,923).
    ഏറ്റവും കുറവ് വോട്ടര്‍മാര്‍: വയനാട് (5,81,245).
  •  വോട്ടര്‍ പട്ടിക അന്തിമമായിട്ടില്ല. ഇനിയും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്.
  •  നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി വരെ വോട്ടര്‍ പട്ടികയില്‍ പേര്് ചേര്‍ക്കാവുന്നതാണ്.
  •  വോട്ടിംഗ് മെഷിനിനെ കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ജനങ്ങള്‍ക്കിടയില്‍ സംശയവും ഭയവും പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അത് വലിയ കുറ്റകൃത്യമാണ്.
  •  ആരോപണം ഉന്നയിക്കുന്ന ആളുടെ ഉത്തരവാദിത്തമാണ് അത് തെളിയിക്കുക എന്നത്. ആരോപണം ഉന്നയിക്കുന്ന ആള്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യും.
  •  ഇലക്ട്രോണിക് വോട്ടിംഗ് മെഷിനെപ്പറ്റിയും വി വി പാറ്റ് മെഷിനെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഓരോ ജില്ലയിലും ബോധവത്കരണം നടത്തും.
  •  അടുത്ത 16 ന് എല്ലാ മാധ്യമങ്ങള്‍ക്കു മുന്നിലും വോട്ടിംഗ് മെഷിനുകള്‍ പ്രദര്‍ശിപ്പിക്കും.
  •  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ സി വിജില്‍ എന്ന മൊബൈല്‍ ആപ്പ് ഇത്തവണ മുതല്‍ സജീവമാക്കും.
  •  ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ മൊബൈലില്‍ വീഡിയോ, ചിത്രങ്ങള്‍ എന്നിവ എടുത്ത് അയക്കാന്‍ ഏത് പൗരനും സാധിക്കും. ഇത് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് എത്തുക. ഉടനടി നടപടിയുണ്ടാകും.
  •  വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍പരിഹരിക്കാനുള്ള ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് വോട്ടര്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ഇതുകൂടാതെ തിരഞ്ഞെടുപ്പ് ഓഫീസിലും ഹെല്‍പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 18004251966 എന്നതാണ് നമ്പര്‍.
  •  70 ലക്ഷമാണ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവായി നിജപ്പെടുത്തിയിരിക്കുന്നത്. 10,000 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നുവെങ്കില്‍ അതിന് ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴി മാത്രമേ നടത്താന്‍ പാടുള്ളൂ.

 

---- facebook comment plugin here -----

Latest