Connect with us

Gulf

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ അടുത്ത മാസം 17 മുതല്‍

Published

|

Last Updated

ഷാര്‍ജ: പതിനൊന്നാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ അടുത്ത മാസം 17ന് ആരംഭിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി. കുട്ടികള്‍ക്കിടയില്‍ വായനയും കലയും പരിപോഷിപ്പിക്കുക ലക്ഷ്യമിട്ട് ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് റീഡിങ്ങ് ഫെസ്റ്റിവല്‍. 11 നാള്‍ നീണ്ടു നില്‍ക്കുന്ന കുട്ടികളുടെ സാംസ്‌കാരിക-കലാ മഹാ മേള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് അരങ്ങേറുക.

കല, സംസ്‌കാരം, അറിവ് എന്നിവ പങ്കിടുന്ന മേള ഏപ്രില്‍ 27 വരെ നീണ്ടുനില്‍ക്കും. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷത്തിലധികം സന്ദര്‍ശകരാണ് മേളക്കെത്തിയത്. കുട്ടികളുടെ സാഹിത്യവുമായി ബന്ധപ്പെട്ട 134 പ്രദര്‍ശകരും മേളക്കെത്തിയിരുന്നു. 2600ല്‍ പരം കലാ പ്രകടനങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ 11 നാളുകളില്‍ അരങ്ങേറിയത്.

ഈ വര്‍ഷം കൂടുതല്‍ മികവാര്‍ന്ന പരിപാടികളാണ് ഉള്‍പെടുത്തിയിട്ടുള്ളത്. കുട്ടികളിലെ ശാസ്ത്ര-സാംസ്‌കാരിക-കലാ അഭിരുചികളെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന് ആനന്ദദായകമായ പ്രത്യേക പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഷാര്‍ജ ഭരണാധികാരിയുടെയും അവരുടെ പ്രിയ പത്‌നിയുടെയും ധിഷണാപരമായ കാഴ്ചപ്പാടിന്റെ ഫലമാണ് കുട്ടികള്‍ക്കായി റീഡിങ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വായനയിലൂടെ മികച്ച സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ഭാഗമാകുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുക എന്നതും റീഡിങ് ഫെസ്റ്റിവല്‍ കൊണ്ട് ലക്ഷ്യമിടുന്നതായി ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി പറഞ്ഞു.

ഫെസ്റ്റിവലിനോട് ചേര്‍ന്ന് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് അവാര്‍ഡ്, ഷാര്‍ജ ചില്‍ഡ്രന്‍സ് അവാര്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് ഇല്യുസ്‌ട്രേഷന്‍സ് എക്‌സിബിഷന്‍ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും. കുരുന്നുകലാകാരന്മാരുടെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികളും പ്രദര്‍ശനങ്ങളും അരങ്ങേറുന്ന ഫെസ്റ്റിവലില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

 

---- facebook comment plugin here -----

Latest