Connect with us

National

യാതൊരു ലജ്ജയുമില്ലാതെ മോദി ആവര്‍ത്തിച്ച് നുണ പറയുന്നു: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: യാതൊരു ലജ്ജയും കൂടാതെ കള്ളം പറയുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദി തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ തറക്കല്ലിട്ട് വര്‍ഷങ്ങളായി ഉത്പാദനം നടന്നുവരുന്ന അമേത്തിയിലെ ആയുധ ഫാക്ടറി സംബന്ധിച്ച് മോദി നുണ പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

“2010ല്‍ ഞാന്‍ തറക്കല്ലിട്ടതാണ് അമേത്തിയിലെ യുദ്ധസാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറി. കുറെ വര്‍ഷങ്ങളായി അവിടെ ചെറു ആയുധങ്ങള്‍ നിര്‍മിച്ചു വരുന്നുണ്ട്. താങ്കള്‍ അവിടെ പോയി പറഞ്ഞതെല്ലാം നുണയാണ്. ഇങ്ങനെ നുണ പറയാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ-ട്വിറ്ററില്‍ നല്‍കിയ കുറിപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.

നിലവിലെ സര്‍ക്കാറിന്റെ എല്ലാവര്‍ക്കും വികസനമെന്ന മുദ്രാവാക്യത്തിന്റെ മികച്ച ഉദാഹരണമാണ് അമേത്തിയെന്നായിരുന്നു മോദി നടത്തിയ പ്രസംഗത്തിന്റെ കാതല്‍. നൂതന തോക്കുകളുടെ വിഭാഗത്തില്‍ പെടുന്ന എ കെ-203 നിര്‍മിക്കുന്നത് ഇവിടുത്തെ ഫാക്ടറിയിലാണ്. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ അവ തീവ്രവാദികള്‍ക്കും നക്‌സലുകള്‍ക്കുമെതിരായ നടപടികളില്‍ നമ്മുടെ സൈനികര്‍ക്ക് ഉപകാരപ്പെടുന്നു.

റഷ്യന്‍ സഹകരണത്താലാണ് ചുരുങ്ങിയ കാലം കൊണ്ട് ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. എന്റെ സുഹൃത്ത് വ്‌ളാദിമീര്‍ പുടിനോട് ഇതിന് നന്ദി പറയുന്നു. നിങ്ങളുടെ എം പി തറക്കല്ലിടുകയും 2010ല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പറയുകയും ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലല്ലോ. അന്ന് അവരുടെ സര്‍ക്കാറായിരുന്നു അധികാരത്തില്‍. അത്തരമൊരാളെ എന്തിനാണ് വിശ്വസിക്കുന്നത്-ഇങ്ങനെ പോയി മോദിയുടെ പ്രസംഗം.

ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കലഷ്‌നിക്കോവ് റൈഫിള്‍ ഫാക്ടറിയുടെ ഉദ്ഘാടനവും ഗൗരിഗഞ്ചിലെ ഉരുക്കുനിര്‍മാണ ശാലയുടെ തറക്കല്ലിടലും കഴിഞ്ഞ ദിവസം മോദി നിര്‍വഹിച്ചിരുന്നു.

Latest