Connect with us

Prathivaram

സങ്കട അടുപ്പിൽ നിന്ന് മനസ്സിനെ ഇറക്കിവെക്കാൻ...

Published

|

Last Updated

രോഗം, സാമ്പത്തിക ഞെരുക്കം, കുടുംബവഴക്ക് തുടങ്ങിയവയാണ് ഇന്നത്തെ ജീവിതപരിസരത്തിൽ വ്യാപകമായ ദുഃഖം പരത്തുന്ന കാര്യങ്ങൾ. ഇതിൽ രോഗം പലർക്കും പലനിലക്കാണ്. ചെറിയൊരു വേദന വരുമ്പോഴേക്ക് വിധിയെ പഴിക്കുകയും നിരാശപ്പെടുകയും ചെയ്യുന്നവരുണ്ട്. അതേസമയം ലോകത്ത് മനുഷ്യർ അനുഭവിക്കുന്ന രോഗപീഡകളെ പറ്റി ഇവരെന്തറിഞ്ഞു! ഇത്തരക്കാർക്ക് ഏറ്റവും നല്ല ചികിത്സ ഡോക്ടറെ കാണുകയല്ല, മറിച്ച് ആശുപത്രികൾ കാണുകയാണ്. ശരീരം പഴുത്തും ചീഞ്ഞും മുറിച്ചുമാറ്റിയും മറ്റുമായി നരകജീവിതം നയിക്കുന്ന, ഇണയും തുണയുമില്ലാത്ത എത്രയോ ജീവഛവങ്ങളെ ആതുരാലയങ്ങളുടെ ഇടനാഴികളിൽ കണ്ടെത്താൻ കഴിയും. കുഷ്ഠരോഗം പിടിപെട്ട് കാലങ്ങളായി, ജീർണിച്ച ആശുപത്രിയുടെ പൂപ്പലും വാടയും തിന്ന് ജീവിതം വെന്ത് വെണ്ണീറാവുന്നവരെ കാണാൻ കഴിയും. അസഹ്യമായ വേദനയുടെ തീക്ഷ്ണമായ നീറ്റലുകൾ മടുത്തുമടുത്ത്, ശവക്കുഴി സ്വപ്‌നം കണ്ട് നാളുകൾ എണ്ണിക്കഴിയുന്ന പച്ചപാവങ്ങളെ കാണാം. ചുറ്റുപാടുകളിൽ നമുക്ക് വേണ്ടുവോളം പാഠങ്ങളുണ്ട്. കണ്ണുതുറന്ന് നോക്കാനും പഠിക്കാനും ഉൾക്കൊള്ളാനും തയ്യാറാകാത്തതാണ് മാനസിക പിരിമുറുക്കങ്ങൾക്ക് കാരണം.

സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്കും സാമ്പത്തിക പ്രയാസമുണ്ട്. പാവപ്പെട്ടവന് അവന്റെ പ്രശ്‌നങ്ങൾ. പണക്കാരന് അവന്റെ പ്രശ്‌നങ്ങൾ. എന്നുവച്ചാൽ ഒരാളുടെ പ്രശ്‌നം പറ്റുപീടികയിൽ തടിച്ചുകൂടുന്ന കടം വീട്ടാൻ കഴിയുന്നില്ല എന്നതായിരിക്കാം. 85 ലക്ഷത്തിന് കച്ചവടമാക്കിയ റബ്ബർ തോട്ടത്തിന്റെ പതിനഞ്ച് ലക്ഷം കൊടുക്കേണ്ടത് അടുത്ത ആഴ്ചയാണ്, എന്തുചെയ്യും എന്നതായിരിക്കും മറ്റൊരാളുടെ പ്രശ്‌നം. ഒരുണങ്ങിയ പീറ്റത്തെങ്ങ് ആരെങ്കിലും ദാനം തന്നിരുന്നെങ്കിൽ, ഇടിഞ്ഞുകുത്താറായ മോന്തായത്തിന് ഒരു താങ്ങ് വെക്കാമായിരുന്നു എന്നോർത്ത് ഒരാൾ ആധികൊള്ളുമ്പോൾ മറ്റൊരാൾ കലശലായി വ്യസനിക്കുന്നത് ഇന്റർലോക്ക് മുറ്റത്ത് മാത്രമായി ഒതുങ്ങിപ്പോയല്ലോ, ഗേറ്റ് വരെ പതിച്ചെത്തിക്കാൻ എന്തുണ്ട് പോംവഴിയെന്നാണ്. അർബുദം പിടിച്ച് കാൽ മുറിച്ചുമാറ്റപ്പെട്ട ആൾ ഒരു വീൽചെയർ കിട്ടിയെങ്കിൽ ഇത്രക്ക് ഏന്തിവലിയേണ്ടായിരുന്നല്ലോ എന്ന് തേങ്ങുമ്പോൾ, മറ്റൊരാൾ ചിന്തിക്കുന്നത് ഈ മുടിഞ്ഞ ഐട്ടെന്നിൽ ഓടിയോടി മടുത്തു, ഇതൊന്ന് ഐറ്റ്വന്റി ആക്കി മാറ്റാൻ എവിടുന്നു കിട്ടും തുക, റബ്ബുൽ ആലമീനായ തമ്പുരാനേ എന്നാണ്?

പണമാണ് സന്തുഷ്ടിയുടെ നിദാനം എന്ന ധാരണ ശരിയല്ല. ദാരിദ്ര്യം പാപമാണെന്ന വിചാരവും നന്നല്ല. എന്നല്ല പണം വന്നാൽ ചിലപ്പോൾ പിടുത്തം വിട്ടുപോകും. ഇതു മനസ്സിലാക്കാൻ പറ്റിയ ഒരു സംഭവം പ്രവാചക ചരിത്രത്തിലുണ്ട്. തിരുനബിയുടെ സഖാക്കളിൽ കഠിന ദാരിദ്ര്യം അനുഭവിക്കുന്ന ആളായിരുന്നു, സഅ്‌ലബ (റ). ഒരിക്കൽ നിസ്‌കാരം കഴിഞ്ഞപ്പോഴുണ്ട്, പ്രാർഥനക്ക് പോലും നിൽക്കാതെ അദ്ദേഹം ഓടുന്നു. നബി (സ) വിളിച്ച് കാര്യമന്വേഷിച്ചപ്പോഴല്ലേ കഥയറിയുന്നു: നിസ്‌കരിക്കാൻ പറ്റിയ രൂപത്തിലുള്ള വസ്ത്രം തനിക്കും ഭാര്യക്കും കൂടി ആകെ ഒന്നേയുള്ളൂ. താൻ മടങ്ങി വീട്ടിലെത്തിയിട്ട് വേണം സഹധർമിണിക്ക് നിസ്‌കരിക്കാൻ!

“ഞാൻ പരമ ദരിദ്രനാണ് നബിയേ, എനിക്കല്പം ധനമുണ്ടാവാൻ അങ്ങ് പ്രാർഥിച്ചാലും”
“വേണ്ട സഅ്‌ലബാ, അത് നല്ലതിനായിരിക്കില്ല”.
പക്ഷെ സഅ്‌ലബ വിട്ടില്ല. പലപ്പോഴായി നബിയെ നിർബന്ധിച്ചു. അപ്പോഴൊക്കെ നബി പറയുകയും ചെയ്തിരുന്നു, “വേണ്ട, അത് നല്ലതിനല്ല” എന്ന്. പക്ഷെ അദ്ദേഹമത് ചെവിക്കൊണ്ടില്ല. ഒടുവിൽ നബി പ്രാർഥിച്ചു. അങ്ങനെ ഒരാട് കിട്ടി. അത് പെറ്റു. പിന്നെയും പെറ്റു. പെറ്റവയും പെറ്റു. കാലങ്ങൾ കൊണ്ട് അത് അനേകമിരട്ടിയായി. സഅ്‌ലബ പള്ളിയിൽ വരുന്നത് കുറഞ്ഞു. വെള്ളിയാഴ്ചയും കാണാതായി. പെരുന്നാളിനും കണ്ടുകിട്ടാതായി. ഏതോ മലഞ്ചെരുവിൽ അദ്ദേഹം തന്റെ ആടുജീവിതം തുടരുകയാണ്. അതിനിടെ നബി രണ്ട് ഉദ്യോഗസ്ഥരെ വിട്ടു, സകാത്ത് പിരിച്ചെടുക്കാൻ. പക്ഷെ മുതലാളി തന്റെ ആഢ്യസ്വഭാവം പുറത്തെടുത്തു. നബി കൊടുത്തയച്ച കത്ത് കണ്ണോടിച്ച് പുഛഭാവത്തിൽ തിരിച്ചുനൽകി. എന്ത് സകാത്ത്, ഏത് സകാത്ത്, ഇതെന്താ നികുതി പിരിച്ചെടുക്കലോ? അവരെ ആട്ടിപ്പായിച്ചില്ലെന്നേ ഉള്ളൂ.
വിവരം നബിയറിഞ്ഞു. ക്ഷുഭിതനായി. ആ വിവരം സഅ്‌ലബ അറിഞ്ഞു. ഖേദം വന്നു. സകാത് മൃഗവുമായി വന്നു. നബിക്ക് വെച്ചു നീട്ടി, സ്വീകരിച്ചില്ല. ശേഷം ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും മൂന്നാം ഖലീഫയുടെയും കാലത്ത് തന്റെ സകാത്തൊന്ന് സ്വീകരിച്ച് കിട്ടാൻ വേണ്ടി അദ്ദേഹം കെഞ്ചിനോക്കി. “റസൂൽ സ്വീകരിക്കാത്തത് ഞങ്ങൾ സ്വീകരിക്കുകയോ? നല്ല കോള്.” അവരാരും സ്വീകരിച്ചില്ല. അങ്ങനെ ഒരുപാട് ആടുസമ്പത്തും വെന്തുകരിഞ്ഞൊരു മനസ്സുമായി മഹാനവർകൾക്ക് മരിച്ചുപിരിയേണ്ടി വന്നു. ഓർക്കേണ്ടത്, ചോദിക്കുന്നവരോടെല്ലാം ധനത്തിനെതിരെ സംസാരിക്കുകയായിരുന്നില്ല, തിരുനബിയുടെ രീതി. സഅ്‌ലബക്കത് പറ്റില്ല, അത് കൊണ്ട് നിരുത്സാഹപ്പെടുത്തി. അനസി(റ)ന് പറ്റും. അത് കൊണ്ട് ധനത്തിനായി പ്രാർഥിച്ചു കൊടുത്തു. ഒരുപാട് ധനമുണ്ടായി. ഒട്ടേറെ മക്കളും.

മുആദുബിനു ജബലി (റ)നെ യമനിലെ ഗവർണറായി യാത്രയാക്കുമ്പോൾ തിരുനബി (സ) പ്രത്യേകം ഉണർത്തിയ കാര്യമായിരുന്നു ആഡംബര ജീവിതം അരുതെന്ന്. കാരണം അല്ലാഹുവിന്റെ അടിയാറുകൾക്ക് പറ്റിയതല്ല, സുഖലോലുപത. സമ്പത്തും സുഖവും എത്ര കിട്ടിയാലും മതിവരില്ല. ഹദീസിലുണ്ടല്ലോ ഒരാൾക്ക് സ്വർണനിർമിതമായ രണ്ടു താഴ്‌വരകളുണ്ടെങ്കിൽ, അവൻ മൂന്നാമതൊന്ന് കൊതിക്കും. മണ്ണിനല്ലാതെ അവന്റെ ഉള്ള് നിറക്കാൻ കഴിയില്ല. ഇല്ലാത്തവൻ പറയുക, അല്പം സമ്പത്തുണ്ടായിരുന്നെങ്കിൽ, ആവശ്യം കഴിഞ്ഞ് മിച്ചമുള്ളത് കൊണ്ട് മറ്റുള്ളവരെ സഹായിക്കാമായിരുന്നു, എന്നാണ്. ഇരുമ്പിന്റെ മഴു നഷ്ടപ്പെട്ടപ്പോൾ സ്വർണത്തിന്റെ മഴു നേർച്ചയാക്കിയ ആളും അങ്ങനെത്തന്നെയായിരുന്നു. ചോദിച്ചപ്പോൾ പറഞ്ഞത് അത് കിട്ടാൻ വേണ്ടി പറഞ്ഞതല്ലേ; കൊടുക്കാൻ വേണ്ടി പറഞ്ഞതല്ലല്ലോ എന്നായിരുന്നു. ഇത് തന്നെയാണ് നമ്മുടെയും അവസ്ഥ. കിട്ടിനോക്കിയാൽ അറിയാം, കഥ.

ഓർക്കുക! സമ്പത്ത് കൂടിയാൾ ആള് മാറും. മാത്രവുമല്ല, കിട്ടിയിട്ട് ആർക്കുമൊട്ട് മതിയാവുകയുമില്ല. ഉയരത്തിലേക്ക് നോക്കിയാൽ നമ്മുടെ ആർത്തിയൊട്ട് തീരുകയുമില്ല. ഈ ആർത്തി തീരാത്ത കാലത്തൊന്നും മനസ്സിനെ സങ്കടത്തിന്റെ അടുപ്പത്ത് നിന്ന് ഇറക്കിവെക്കാനും കഴിയില്ല. ആയതുകൊണ്ട് ഏറ്റവും നല്ല വഴി ഉള്ളവർ ഇല്ലാത്തവരിലേക്ക് നോക്കുക എന്നതാണ്. നമ്മുടെ വീട്, വാഹനം, വരുമാനം ഇതൊന്നും പോര എന്ന് ചിന്തിക്കുന്നവർ വീടുപോലുമില്ലാത്ത, ചേരിപ്രദേശങ്ങളിലെ ചെളിയിലും ചൊത്തയിലും പന്നിക്കൂട്ടത്തിലും കീറുസാരി വലിച്ചുകെട്ടി താമസിക്കുന്നവരെ ഓർത്തുനോക്കൂ. രോഗികളെ പറ്റി ചിന്തിച്ചു നോക്കൂ. അങ്ങാടികളിലലയുന്ന നാടോടികളെ പറ്റി ആലോചിച്ചുനോക്കൂ. അംഗപരിമിതരെ പറ്റി പഠിച്ചുനോക്കൂ. അപ്പോൾ മനസ്സിലാകും നമ്മൾ രാജാക്കന്മാരാണ് എന്ന്.
.

Latest