Connect with us

National

ജവാന്മാരുടെ ജീവന്‍ വച്ച് മോദി രാഷ്ട്രീയം കളിച്ചു: മമത

Published

|

Last Updated

കൊല്‍ക്കത്ത: ജവാന്മാരുടെ ജീവന്‍ വച്ച് പ്രധാന മന്ത്രി രാഷ്ട്രീയം കളിച്ചതിന്റെ തെളിവാണ് പുല്‍വാമയില്‍ കണ്ടതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കവെയാണ് മോദിക്കെതിരെ മമത ആഞ്ഞടിച്ചത്.

പുല്‍വാമയില്‍ ഭീകരാക്രമണം നടക്കുമെന്ന് സര്‍ക്കാരിന് അറിവുണ്ടായിരുന്നു. എന്നിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ല. അവിടെ ഇന്റലിജന്‍സ് സേവനം ലഭ്യമായിട്ടും സൈനികരെ രക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടത്തിയില്ലെന്ന് മമത ചോദിച്ചു. സ്വേച്ഛാധിപത്യ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും രാഷ്ട്രീയ കളികള്‍ക്കു വേണ്ടി മോദി ജവാന്മാരെ കുരുതി കൊടുക്കുകയായിരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനം വിചിത്രമാണ്. മന്ത്രിമാര്‍ അറിയാതെയാണ് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പ്രധാന മന്ത്രി മോദി, ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നീ രണ്ടു സഹോദരങ്ങളാണ് സര്‍ക്കാരിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അവരുടെ കൈകളില്‍ സത്യസന്ധരുടെ രക്തം പുരണ്ടിട്ടുണ്ട്-മമത ആരോപിച്ചു.