Connect with us

Articles

മറു ചോദ്യങ്ങൾ രാജ്യദ്രോഹമാകുന്ന നേരം

Published

|

Last Updated

2001 അവസാനം ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയിൽ അവരോധിതനാകുമ്പോൾ പാളയത്തിൽ പടയുണ്ടായിരുന്നു. കൃഷിയിലും കച്ചവടത്തിലും വ്യവസായത്തിലും മേൽക്കൈയുണ്ടായിരുന്ന പട്ടേലന്മാർ അധികാരത്തിൽ അവരുടെ പങ്ക് ചോദിച്ചുവാങ്ങിയിരുന്നു. മുഖ്യാധികാര സ്ഥാനത്ത് സമുദായാംഗമല്ലെങ്കിൽ അവർ കലാപക്കൊടി ഉയർത്തുമായിരുന്നു. പട്ടേലൻമാർക്കിടയിൽ സമാന്യത്തിലധികം സ്വാധീനമുണ്ടായിരുന്ന കേശുഭായിയെ നീക്കിക്കൊണ്ട് മുഖ്യമന്ത്രിക്കസേരയിൽ അവരോധിതനാകുമ്പോൾ അടുത്തൊരു അധികാരക്കലാപത്തിൽ നിഷ്‌കാസിതനാകാൻ പോകുന്നയാളെന്ന പ്രതീതിയാണ് പുറമേക്കുണ്ടായിരുന്നത്. അല്ലെങ്കിൽ അധികം വൈകാതെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ പരാജയത്തോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിഷ്‌കാസിതനാകാൻ പോകുന്ന നേതാവ് എന്ന പ്രതീതി. ഇതൊക്കെ അപ്രസക്തമാക്കിക്കൊണ്ട് നീണ്ട 13 വർഷക്കാലം ആ കസേരയിൽ അമർന്നിരിക്കാനും രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയരാനും വേണ്ട ഊർജം വംശഹത്യാ ശ്രമത്തിലെ ചോരയിൽ നിന്നായിരുന്നു.
2002ൽ ഗോധ്രയിൽ സബർമതി എക്‌സ്പ്രസിന്റെ ആറാം നമ്പർ ബോഗിക്ക് തീപിടിച്ച് 58 പേർ മരിച്ചപ്പോൾ കൊല്ലപ്പെട്ടവരൊക്കെ അയോധ്യയിൽ നിന്ന് മടങ്ങിയ കർസേവകരാണെന്ന് പ്രചരിപ്പിച്ച്, കത്തിക്കരിഞ്ഞ മൃതദേഹം അഹമ്മദാബാദിലേക്ക് കൊണ്ടുവന്ന് പൊതുദർശനത്തിനുവെച്ച്, ഭൂരിപക്ഷത്തിന്റെ വികാരം ഒഴുകിപ്പോകാൻ അവസരമുണ്ടാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശിച്ച്, പോലീസ് നിഷ്‌ക്രിയരായി കൊലക്കും ബലാത്സംഗത്തിനും കൊള്ളിവെപ്പിനും കൊള്ളക്കും അരങ്ങൊരുക്കുന്നുവെന്ന് ഉറപ്പാക്കാൻ കൺട്രോൾ റൂമിലേക്ക് രണ്ട് മന്ത്രിമാരെ നിയോഗിച്ച്, സമാനതകളില്ലാത്ത അക്രമം അരങ്ങേറുമ്പോഴും പട്ടാളത്തെ നിയോഗിക്കുന്നത് വൈകിപ്പിച്ച് ഒക്കെ സംഘടിപ്പിച്ച വംശഹത്യാ ശ്രമം. അതിലൂടെ സൃഷ്ടിച്ചെടുത്ത ധ്രുവീകരണവും ഭീതിയുടെ അന്തരീക്ഷവുമായിരുന്നു ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്നതിലേക്കുള്ള വളർച്ചയുടെ വളവും വെള്ളവും. ആ “പ്രതി”ച്ഛായയാണ് പാർട്ടിയിലെ ഇതര നേതാക്കളെയൊക്കെ തള്ളിമാറ്റിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനാർഥിത്വം നേടാൻ ഉപയോഗിച്ചത്, പിന്നീട് പ്രധാനമന്ത്രിയാകാനും. കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു പി എ സർക്കാറിനെതിരെ ഉയർന്ന ലക്ഷം കോടികളുടെ അഴിമതിക്കഥകൾ വഴി എളുപ്പമാക്കുകയും ചെയ്തു.
അഞ്ചാണ്ട് തികച്ച്, തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ “ചോദ്യംചെയ്യപ്പെടാത്ത നേതാവ്” എന്നതിന് മങ്ങലേറ്റിരിക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെ തോൽവി, പ്രതിപക്ഷത്തെ വലിയ പാർട്ടിക്ക് ഊർജം നൽകിയിരിക്കുന്നു. ഇത്രനാളും “പപ്പു”വെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്ന നേതാവിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടിയില്ലാതെ കുഴങ്ങുന്നു. എല്ലാറ്റിനുമപരി തോൽപ്പിച്ചേ അടങ്ങൂവെന്ന വാശിയിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യത്തിന് വട്ടംകൂട്ടുന്നു. യു പിയിൽ പ്രാബല്യത്തിൽ വന്ന എസ് പി – ബി എസ് പി സഖ്യം അവിടെ കനത്ത തോൽവി സമ്മാനിക്കുമെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. അഞ്ച് വർഷത്തിനിടെ ചെയ്തതിലും ചെയ്യാത്തതിലുമുള്ള ജനങ്ങളുടെ രോഷത്തിനൊപ്പമാണ് മറ്റ് പ്രതികൂല സാഹചര്യങ്ങൾ.

ഇത് മറികടക്കാൻ എന്താകും നേതാവും പരിവാരവും ചെയ്യുക എന്ന ശങ്ക അന്തരീക്ഷത്തിലുയരാൻ തുടങ്ങിയിട്ട് നാളേറെയായി. എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്ന് മുൻ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. വർഗീയധ്രുവീകരണത്തിന്റെ ആഴം കൂട്ടാൻ പാകത്തിലൊരു കലാപത്തിന്റെ സാധ്യത പലരും ചൂണ്ടിക്കാട്ടി. ഇതുവരെ അത്തരത്തിൽ വ്യാപ്തിയുള്ള അനിഷ്ടങ്ങളൊന്നുമുണ്ടായില്ല. പകരം പുൽവാമയുണ്ടായി. സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ അംഗങ്ങൾ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേർക്കുണ്ടായ ചാവേർ ആക്രമണം ഇന്ത്യൻ യൂനിയൻ കണ്ട് പഴകിയ ഒന്നായിരുന്നില്ല. പരമാവധി ആഘാതം ഉറപ്പാക്കാൻ തീരുമാനിച്ച്, അതിന് പാകത്തിൽ സ്‌ഫോടകവസ്തുക്കൾ ശേഖരിച്ച് നടപ്പാക്കിയ ഒന്ന്. 44 സൈനികരുടെ ജീവനെടുത്ത ആക്രമണം അപലപിക്കപ്പെടേണ്ടതാണ്. അതിന് പിറകിൽ പ്രവർത്തിച്ചവർ അരായാലും, അതിൽ സ്വദേശി – വിദേശി ഭേദമില്ല, അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും വേണം. ആ ലക്ഷ്യം മുൻ നിർത്തി ഭരണകൂടം ആത്മാർഥത കാട്ടിയാൽ അതിനെ സർവാത്മനാ പിന്തുണക്കുകയും വേണം.

എന്നാൽ, അതിലപ്പുറമുള്ള രാഷ്ട്രീയ ലക്ഷ്യങ്ങൾ പുൽവാമക്ക് ശേഷമുള്ള നേതാവിന്റെയും പരിവാരത്തിന്റെയും പ്രവൃത്തികളിൽ കാണുമ്പോൾ വർഗീയ ധ്രുവീകരണത്തിനൊപ്പം രാജ്യസ്‌നേഹ മുറവിളികളുടെ അന്തരീക്ഷ സൃഷ്ടി കൂടി സാധ്യമാക്കുന്ന ഒന്നായി ചാവേർ ആക്രമണം ഉപയോഗിക്കപ്പെടുകയാണോ എന്ന് സംശയിക്കണം. മേൽച്ചൊന്ന പ്രതികൂല സാഹചര്യങ്ങളെയാകെ നേരിടാനുള്ള വജ്രായുധമായി പുൽവാമ മാറുകയാണ്. ആക്രമണത്തെത്തുടർന്ന് രാജ്യത്ത് പലേടത്തും കശ്മീരുകാർ ആക്രമിക്കപ്പെട്ടു. അവർ ബഹിഷ്‌കൃതരായി. ഹോസ്റ്റലുകളിൽ നിന്നും വാടക വീടുകളിൽ നിന്നും ഇറക്കിവിടപ്പെട്ടു. കശ്മീരികളെ ബഹിഷ്‌കരിക്കണമെന്ന് ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ പരസ്യമായി ആഹ്വാനം ചെയ്തു. അത്തരം അക്രമണോത്സുകമായ ഒറ്റപ്പെടുത്തലുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘ്പരിവാരത്തിന്റെ പാർശ്വ സംഘങ്ങൾ സജീവമായി രംഗത്തുണ്ടുതാനും. ഇവ്വിധത്തിൽ കശ്മീരുകാരെ ഒറ്റപ്പെടുത്താനും അതിലൂടെ മുസ്‌ലിം വിരുദ്ധ വികാരമുണർത്താനും ശ്രമം നടക്കുമ്പോൾ പതിവ് മൗനത്തിലായിരുന്നു പരമാധികാരിയായ നേതാവ്. ഗോ സംരക്ഷണത്തിന്റെ പേരിൽ അക്രമികൾ ദളിതുകളെയും മുസ്‌ലിംകളെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്തപ്പോൾ മൗനം കൊണ്ട് നൽകിയ അംഗീകാരത്തിന്റെ മറ്റൊരുപതിപ്പ്. രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം പുൽവാമയിലുണ്ടെന്ന് തിരിച്ചറിഞ്ഞുള്ള മൗനം. ഒടുവിൽ, കശ്മീരികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം അക്രമങ്ങളെ അപലപിച്ചൊരു പ്രസ്താവന. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതിന് ശേഷമുള്ള ഈ അപലപിക്കൽ, കടമ നിറവേറ്റിയെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള തന്ത്രം മാത്രമായേ കണക്കാക്കാനാകൂ.
കശ്മീരുകാർ മാത്രമല്ല, പുൽവാമ ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് സംശയങ്ങളുന്നയിക്കുന്നവർ പോലും ഭീഷണിയുടെ മുനയിലാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പേരിൽ കേസിൽ ഉൾപ്പെടുത്തപ്പെടുകയോ അറസ്റ്റിലാകുകയോ ചെയ്തവർ കുറവല്ല. 44 ജീവനുകളെടുത്ത ചാവേർ ആക്രമണം നടത്താൻ പാകത്തിലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിക്കാൻ ജയ്‌ഷെ മുഹമ്മദിന് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇത്തരത്തിൽ ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന സൂചനയെങ്കിലും ഇന്റലിജൻസ് ഏജൻസികൾക്ക് ലഭിച്ചിരുന്നോ അവർ എന്തെങ്കിലും മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിനും ഉത്തരമില്ല. മുംബൈയിൽ നടന്ന അസാധാരണമായ ആക്രമണത്തിന് ശേഷം വിവര ശേഖരണത്തിന് അത്യാധുനിക ഉപകരണങ്ങൾ നമ്മുടെ രാജ്യം വാങ്ങിയിരുന്നു. അതൊക്കെയും പരാജയപ്പെട്ടതിന്റെ ഫലമാണോ ഈ ആക്രമണം.

ഈ നേതാവിന്റെ കാലത്താണ് ഉറിയിലും പത്താൻകോട്ടും സേനാ കേന്ദ്രങ്ങൾക്കു നേർക്ക് ആക്രമണമുണ്ടായത്. ഉറിയ്ക്ക് മറുപടിയായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട അതിർത്തി കടന്നുള്ള മിന്നലാക്രമണം. ഇന്ത്യയെ ലക്ഷ്യമിട്ട് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരവാദ കേന്ദ്രങ്ങളിൽ വലിയ നാശം വിതക്കാൻ മിന്നലാക്രമണത്തിലൂടെ സാധിച്ചുവെന്ന് നേതാവ് ആവർത്തിച്ചു പറഞ്ഞിരുന്നു. അതൊക്കെ വെറും വീരവാദം മാത്രമായിരുന്നുവെന്നാണോ പുൽവാമയിലെ ആക്രമണം തെളിയിക്കുന്നത്? ഇന്ത്യയിലേക്ക് വൻതോതിൽ സ്‌ഫോടകവസ്തു കടത്താൻ അതിർത്തിക്കപ്പുറത്തുള്ള ശക്തികൾക്ക് സാധിക്കുന്നുവെങ്കിൽ മിന്നലാക്രമണം വെറും മിന്നലായിരുന്നുവെന്ന് മനസ്സിലാക്കേണ്ടേ?
ഈ ചോദ്യങ്ങളൊക്കെ ഇപ്പോൾ ചോദിക്കേണ്ടതാണോ എന്ന ചോദ്യമാണ് ഇതിനെല്ലാമുള്ള മറുപടി. രാജ്യം ആക്രമിക്കപ്പെടുമ്പോൾ ഭരണാധികാരിയോട് ചോദ്യങ്ങൾ ചോദിക്കുന്നവർ രാജ്യദ്രോഹികളാവാതെ തരമില്ല. ഇപ്പോൾ വേണ്ടത് നേതാവിനും പരിവാരത്തിനും കരുത്തേകൽ മാത്രമാണെന്നാണ് സംഘ ഗാനം. ആ ഗാനത്തിന് വർഗീയതയുടെ താളം കൂടി ഉണ്ടാക്കുകയാണ് കശ്മീരുകാരോട് വെറുപ്പു വളർത്തുന്നതിന്റെ ഉദ്ദേശ്യം. അവ്വിധമുള്ള വെറുപ്പുവളർത്തൽ, ഇപ്പോൾ തന്നെ ഇന്ത്യൻ മുഖ്യധാരയിൽ നിന്ന് അകന്നുപോയ ജനതയെ എത്രത്തോളം കൂടുതൽ അകറ്റുമെന്നതിനെക്കുറിച്ച് ആലോചിക്കാൻ രാഷ്ട്രതന്ത്രജ്ഞനല്ല നേതാവ്. കൂടുതൽ അകൽച്ച, കൂടുതൽ സംഘർഷത്തിലേക്ക് വഴി തുറന്നാൽ അതും മുതലെടുപ്പിന് ആയുധമാക്കാമെന്ന ആലോചനക്കാകും പ്രാമുഖ്യം. സംഘർഷങ്ങളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഭീതി അധികാരമുറപ്പിക്കാൻ സഹായകമാണെന്ന അനുഭവപരിചയമാണ് നയിക്കുന്നത്. അതുകൊണ്ടാണ് ഇനിയങ്ങോട്ട് ഉൻമൂലനമാണ് മാർഗമെന്ന് കാലാൾപ്പടയുടെ മേധാവി പ്രഖ്യാപിക്കുന്നത്.
രാജ്യ സുരക്ഷ അപകടത്തിലാക്കാൻ ശത്രുക്കൾ യത്‌നിക്കുമ്പോൾ കരുത്തനായ നേതാവാണ് ആവശ്യമെന്ന നാമജപഘോഷയാത്രകൾ തുടങ്ങിക്കഴിഞ്ഞു. ചോദ്യം ചെയ്യപ്പെടാത്ത നേതാവ് എന്ന “പ്രതി”ച്ഛായ തിരികെപ്പിടിക്കാൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതിലും നല്ലൊരു വഴി കിട്ടാനേയില്ല. അതുകൊണ്ടാണ് സർവകക്ഷി യോഗത്തിലെ ധാരണകൾ ലംഘിച്ച്, പുൽവാമ ആക്രമണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമം നേതാവിന്റെ തൊട്ടടുത്ത അനുചരനായ പാർട്ടി പ്രസിഡന്റ് തന്നെ തുടങ്ങിവെച്ചത്. അതിലൊരു വലിയ അപകടം നേതാവോ അനുചരനോ പ്രതീക്ഷിച്ചില്ലെന്ന് മാത്രം.

പുൽവാമയിൽ ചാവേർ ആക്രമണം നടക്കുമ്പോൾ ഗുജറാത്തിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ അന്താരാഷ്ട്ര ചാനലിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു നേതാവ്. സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ട വിവരം പുറത്തുവന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ഫോട്ടോ ഷൂട്ട് അവസാനിച്ചത്. ഈ വിവരം അറിഞ്ഞതിന് ശേഷവും ഫോട്ടോ ഷൂട്ട് തുടർന്നതാണോ അതോ ഫോട്ടോ ഷൂട്ടിന്റെ തിരക്കുകൾക്കിടെ വിവരം നേതാവിനെ അറിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചതാണോ എന്നതിൽ വ്യക്തയില്ല. ഇതിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ല. അറിഞ്ഞിട്ടും ഫോട്ടോ ഷൂട്ട് തുടർന്നുവെന്നാണെങ്കിലും ഉദ്യാഗസ്ഥർ അറിയിച്ചില്ല എന്നാണെങ്കിലും രോഗി ഇച്ഛിച്ചത് പോലെ കിട്ടിയ വജ്രായുധത്തിന് മൂർച്ചയില്ലാതാകും. ഉദ്യോഗസ്ഥർ അറിയിക്കാതിരുന്നതാണെന്ന് വിശ്വസിക്കുക പ്രയാസം.

ഗുജറാത്ത് വംശഹത്യാ ശ്രമം തടയുന്നതിന് നടപടിയെടുക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കാറിനടിയിൽ പട്ടിക്കുഞ്ഞ് പെട്ടാൽ അതിൽ യാത്ര ചെയ്യുന്നയാൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മറുപടി പറഞ്ഞ നേതാവ്, ചാവേർ ആക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് വലിയ വില കൽപ്പിക്കുമെന്ന് കരുതുന്നതിലാണ് അബദ്ധം. സംഹാരം ഏതുവിധത്തിലാണ് ഉപയോഗിക്കേണ്ടത് എന്ന് വംശഹത്യാനന്തരം അരങ്ങേറിയ വ്യാജ ഏറ്റുമുട്ടലുകളിലൂടെയും തെളിയിച്ചിട്ടുണ്ടല്ലോ!

രാജീവ് ശങ്കരൻ

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്