Connect with us

Ongoing News

ജഗന്റെ യാത്രയും പ്രത്യേക പദവിയും

Published

|

Last Updated

ജഗൻമോഹൻ റെഡ്ഢി, ചന്ദ്രബാബു നായിഡു

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നേരിടാൻ പോകുന്ന ആന്ധ്രാ പ്രദേശിൽ ഭരണകക്ഷിയായ ടി ഡി പിയെ പ്രധാനമായും അസ്വസ്ഥമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. പ്രധാന പ്രതിപക്ഷമായ വൈ എസ് ആർ കോൺഗ്രസ് സമീപകാലത്ത് നേടിയ വളർച്ചയും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനഞ്ച് സീറ്റുകളാണ് ടി ഡി പി നേടിയത്. വൈ എസ് ആർ കോൺഗ്രസ് എട്ടും തെലുഗുദേശത്തിന്റെ സഖ്യകക്ഷിയായിരുന്ന ബി ജെ പി രണ്ടും സീറ്റ് നേടി. 175 അംഗ നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് ടി ഡി പി അധികാരത്തിലെത്തിയത്. വൈ എസ് ആർ കോൺഗ്രസ് 67 സീറ്റുകൾ നേടി. ബി ജെ പി നാലും മറ്റുള്ളവർ രണ്ടും. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുയർത്തിയാണ് ഭരണവിരുദ്ധ വികാരം മറികടക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത്. ഈ വിഷയമുയർത്തി ടി ഡി പി. എൻ ഡി എ വിട്ടതോടെ ബി ജെ പി തനിച്ചാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

വൈ എസ് ആർ കോൺഗ്രസ് നേതാവ് വൈ എസ് ജഗൻമോഹൻ റെഡ്ഢി നടത്തിയ 3,648 കിലോമീറ്റർ പദയാത്രയോടെയാണ് ആന്ധ്രയിലെ കാറ്റ് മാറിവീശാൻ തുടങ്ങിയത്. ടി ഡി പിയുടെ ശക്തികേന്ദ്രങ്ങളായ ചെറുപട്ടങ്ങൾ പോലും വൈ എസ് ആറിന് അനുകൂലമായ രാഷ്ട്രീയം സംസാരിച്ചു തുടങ്ങി. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥാ മാറ്റം തിരിച്ചറിഞ്ഞ് ടി ഡി പിയിലെ പല നേതാക്കളും ഇപ്പോൾ തന്നെ കാലുമാറ്റം തുടങ്ങിയിട്ടുണ്ട്. ടി ഡി പി. എം പിയായിരുന്ന എം ശ്രീനിവാസ റാവു വൈ എസ് ആർ കോൺഗ്രസിൽ ചേർന്നതാണ് അടുത്തിടെ ആന്ധ്രയിൽ നടന്ന രാഷ്ട്രീയ മാറ്റം. ടി ഡി പിയിലെ മുതിർന്ന നേതാക്കന്മാരായ ദാസരി ജയ് രമേശ്, കൃഷ്ണറാവു മോഹൻ എന്നിവർ പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരും വൈ എസ് ആറിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

ടി ഡി പിയുടെ നട്ടെല്ലായ പതിനേഴ് ശതമാനം വരുന്ന കാപ്പു സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുമ്പോഴും പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. നേരത്തേ ടി ഡി പിക്കൊപ്പമുണ്ടായിരുന്ന സിനിമാ താരം പവൻ കല്യാണിന്റെ പിന്തുണയിലാണ് കാപ്പു സമുദായം ടി ഡി പിക്ക് വോട്ട് ചെയ്തത്. നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ ഇപ്പോഴും കടലാസിലാണെന്ന വാദമുയർത്തി പ്രതിപക്ഷം പ്രചാരണവുമായി രംഗത്തെത്തിയിട്ടുണ്ട്. 1.50 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന തീരുമാനം, അമരാവതിയിൽ ലോകോത്തര നിലവാരത്തിലുള്ള തലസ്ഥാനമുണ്ടാക്കുമെന്ന പ്രഖ്യാപനം തുടങ്ങിയവയാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. താത്കാലിക കെട്ടിടങ്ങളിലാണ് പല സർക്കാർ ഓഫീസുകളും നിലവിൽ പ്രവർത്തിക്കുന്നത്.

ആന്ധ്രക്ക് പ്രത്യേക പദവി നൽകാൻ തയ്യാറാകാത്തത് ഉയർത്തി, കഴിഞ്ഞ മാർച്ചിലാണ് നായിഡു എൻ ഡി എ സഖ്യം വിട്ട് പുറത്തുവന്നത്. ദേശീയതലത്തിൽ ബി ജെ പി വിരുദ്ധ സഖ്യത്തിനൊപ്പം ചേർന്നു. എന്നാൽ, സംസ്ഥാനത്ത് ഇവരിൽ ആരെയും നായിഡു അടുപ്പിച്ചിരുന്നുപോലുമില്ല. സംസ്ഥാനതലത്തിൽ സഖ്യസാധ്യത ഇപ്പോഴും നായിഡു മുന്നോട്ടുവെക്കുന്നുമില്ല. 2004നു ശേഷം ആദ്യമായാണ് സഖ്യങ്ങളൊന്നുമില്ലാതെ നായിഡു തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം രൂപവത്കരിക്കാൻ ചന്ദ്രബാബു നായിഡു മുന്നോട്ടുവന്നെങ്കിലും സംസ്ഥാനത്ത് സ്ഥിതി നേരെ വിപരീതമാണ്. ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച തെലങ്കാനയിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും സി പി എമ്മുമായി നായിഡു സഖ്യമുണ്ടാക്കി മത്സരിച്ചെങ്കിലും കാര്യമായി നേട്ടമുണ്ടാക്കാനായിട്ടില്ല.

സംസ്ഥാനത്ത് വൻ പദ്ധതികളാണ് നായിഡു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. പ്രതിവർഷം 10,000 രൂപ നൽകുന്ന ഫാം നിക്ഷേപ പദ്ധതിയാണ് ഇതിലൊന്ന്. മോദിയുമായി നേരിട്ട് ഏറ്റുമുട്ടുന്നുവെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമവും അദ്ദേഹം നടത്തുന്നുണ്ട്. വൈ എസ് ആർ കോൺഗ്രസ് ബി ജെ പിയുമായി രഹസ്യ സഖ്യത്തിലാണെന്നും നായിഡു ആരോപിക്കുന്നു.