Connect with us

Cover Story

ഉരു ഊര്‌

Published

|

Last Updated

മലയാളിയുടെ ആനക്കമ്പത്തിന് സമാനമാണ് അറബിയുടെ ഉരുക്കമ്പം. ആഢ്യ അറബികൾ ഉരു ആഡംബര വസ്തുവായി പ്രദർശിപ്പിക്കുകയും ഉല്ലാസനൗകയായി ഉപയോഗിക്കുകയും ചെയ്യുന്നു. സാമ്പത്തികശേഷി മാറുന്നതിനനുസരിച്ച് ആവശ്യക്കാരും മാറുന്നു. എഴുപതുകളിൽ കുവൈത്തികളായിരുന്നു ഉരുതേടി കോഴിക്കോട്ടെത്തിയതെങ്കിൽ പിന്നീട് ദുബൈ ശൈഖുമാരുടെ ഊഴമായിരുന്നു. ഇപ്പോൾ ഖത്വറിൽ നിന്നാണ് അധികം ആവശ്യക്കാരെത്തുന്നത്; അതും ആ രാജ്യം ഭരിക്കുന്ന അൽതാനി രാജകുടുംബത്തിൽ നിന്ന്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ലോകത്തിലെ ഏറ്റവും വലിയ ഉരു നിർമാണ കേന്ദ്രം കൂടിയായ ബേപ്പൂരിൽ നിർമിച്ച ഉരു ഖത്വറിലേക്ക് കൊണ്ടുപോയത്.

ബോമ്പ്, സിരീക്ക, സംബൂക്ക്…

സുലഭമായ തേക്കും തച്ചന്മാരുടെ കരവിരുതും ഉരു നിർമാണത്തിനുതകുന്ന നദീമുഖങ്ങളുമാണ് കോഴിക്കോടിനെ പ്രധാന ഉരു നിർമാണ കേന്ദ്രമാക്കിയത്. പണ്ട് പത്തേമാരിയെന്നറിയപ്പെട്ടിരുന്ന പായ്ക്കപ്പലുകൾ അറേബ്യൻ രാജ്യങ്ങളിൽ നിന്ന് കോഴിക്കോട്ടെത്തിയിരുന്നു. ഇവയിൽ ഉരുണ്ട പിൻഭാഗമുള്ള “ബോമ്പ്” ചരക്കു കയറ്റാനും കൂർത്ത പിൻഭാഗമുള്ള “സിരീക്ക” മത്സ്യബന്ധനത്തിനും പരന്ന പിൻഭാഗമുള്ള “സംബൂക്ക്”ചരക്കുനീക്കത്തിനൊപ്പം ഉല്ലാസയാത്രക്കുമാണ് ഉപയോഗിച്ചിരുന്നത്. അറബികളുടെ പത്തേമാരികൾക്കുള്ള അറ്റകുറ്റപ്പണികൾ കോഴിക്കോട്ട് നടത്തിയിരുന്ന ആശാരിമാരാണ് ഉരു നിർമാണം തുടങ്ങിയതെന്നാണ് നിഗമനം. വർഷങ്ങൾക്ക് മുമ്പെ, ബേപ്പൂർ ഉരുക്കൾ ചരിത്രത്തിലേക്ക് ഓളം വെട്ടി സഞ്ചരിച്ചു.
113 വർഷം മുമ്പ് കുവൈത്തിലെ മഹറഫി കുടുംബത്തിനാണ് ഇവിടുന്ന് ആദ്യമായി ഉരു നിർമിച്ചതെന്നാണ് രേഖകൾ പറയുന്നത്. ഈ ഉരു 1916 ലാണ് നീറ്റിലിറക്കിയത്. തേക്കുതടിക്കച്ചവടക്കാർ കൂടിയായിരുന്ന കാമന്റകത്ത് കുഞ്ഞമ്മദ് കോയയുടെയും സംഘത്തിന്റെയും തേക്ക് പാണ്ടികശാല കൂടിയായിരുന്നു നൂറ് വർഷം മുമ്പ് ഇന്നത്തെ സൗത്ത് ബീച്ച്. ഇവിടെയാണ് കുഞ്ഞമ്മദ് കോയയുടെ നേതൃത്വത്തിൽ ചരിത്രത്തിലിടം നേടിയ ഉരു നിർമിച്ചത്. ബൂം എന്നുവിളിക്കുന്ന ചരക്കു പായ്ക്കപ്പലായിരുന്നു അത്. 450 ടൺ ഭാരം വഹിക്കാനുള്ള ശേഷി ഉണ്ടായിരുന്നു. അക്കാലത്ത് ഇത്രയേറെ ഭാരം വഹിക്കുന്ന ഉരുക്കൾ കുറവായിരുന്നുവെന്ന് സൗത്ത് ബീച്ചിലെ ഹാജി പി ഐ അഹമ്മദ് കോയ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ പി ഐ ഹാശിം പറയുന്നു. 50 പേരുൾപ്പെട്ട സംഘം, എൻജിനില്ലാതെ കാറ്റിന്റെ ഗതിവേഗമനുസരിച്ച് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ സ്ഥാപനത്തിലെ മ്യൂസിയത്തിൽ പ്രസ്തുത ഉരുവിന്റെ ചിത്രമുണ്ട്. മ്യൂസിയത്തിലേക്കുള്ള വസ്തുശേഖരണത്തിന്റെ ഭാഗമായി നടത്തിയ ഗവേഷണത്തിനിടെയാണ് പി ഐ ഹാശിമിന് ഉരുവിന്റെ അപൂർവചിത്രം കിട്ടിയത്. തുടർന്ന് മഹറഫി കുടുംബത്തിലെ ഇപ്പോഴത്തെ നാഥനായ അബ്ദുൽ ഹില മഹറഫിയെ കണ്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കാമന്റകത്ത് കുഞ്ഞഹമ്മദ് കോയയുടെ കാലത്ത് ഉപയോഗിച്ചതും 109 വർഷം പഴക്കമുള്ളതുമായ കണക്കുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള അപൂർവ വസ്തുക്കളും മ്യൂസിയത്തിലുണ്ട്.

ബ്ലൂ പ്രിന്റ് മനസ്സിൽ മാത്രം
വാണിജ്യാവശ്യങ്ങൾക്കും ഉല്ലാസയാത്രകൾക്കുമാണ് അറബികൾ ഉരു ഉണ്ടാക്കിക്കുന്നത്. ഉരു നിർമാണം ഇടക്കാലത്ത് പ്രതിസന്ധിയിലാകുകയും ഒന്നുപോലും നിർമിക്കാത്ത അവസ്ഥയിൽ ബേപ്പൂരിലെ പണിശാലകൾ മാറുകയും ചെയ്തിരുന്നു. ഏറെക്കുറെ ഓർമയായി മാറിയ ഉരുനിർമാണം ഒന്നര പതിറ്റാണ്ട് മുമ്പ് ബേപ്പൂരിൽ പുനർജനിച്ചത് ഖത്വറിലെ രാജകുടുംബങ്ങൾ വഴിയാണ്. കഴിഞ്ഞ ഏതാനും വർഷമായി മംഗലാപുരത്തേക്ക് കുടിയേറിയിരുന്ന ഉരു വ്യവസായം അങ്ങനെ ബേപ്പൂരിൽത്തന്നെ തിരിച്ചെത്തുകയായിരുന്നു.
ഉരുനിർമാണത്തിൽ ബേപ്പൂരിന്റെ പ്രതാപം തിരിച്ചുവരുന്നതിനെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ബ്രിക്ക്”, “ബോബ്” എന്നീ ഇനങ്ങളിലുള്ള ഉരുക്കളും ബേപ്പൂരിൽ നിർമിച്ച് കയറ്റി അയച്ചിരുന്നുവെങ്കിലും ഇപ്പോൾ ഉല്ലാസ യാത്രക്കും മറ്റ് ജലവിനോദങ്ങൾക്കുമുള്ള “സംബൂക്ക്” ഇനത്തിൽപ്പെട്ടവയാണ് നിർമിക്കുന്നത്. മിക്ക ഉരുക്കളുടെയും സൗന്ദര്യവത്കരണം നടക്കുന്നത് ഖത്വറിൽ എത്തിയ ശേഷമാണ്. പട്ടർമാട് ദ്വീപിലെ പി ഐ അഹമ്മദ് കോയ ഹാജി സ്ഥാപനത്തിൽ നിർമിച്ച ഉരു ഖത്വർ വ്യവസായി ഒഴുകുന്ന റസ്റ്റോറന്റാക്കിയാണ് ഉപയോഗിക്കുന്നത്. യൂസുഫ് മുല്ല അഹ്മദ് അമ്മാറി എന്ന ഖത്വരി ദീർഘകാലം ബേപ്പൂരിൽ ക്യാമ്പ് ചെയ്താണ് രണ്ട് ഉരുക്കൾ രാജകുടുംബത്തിന് വേണ്ടി പണികഴിപ്പിച്ച് ദോഹയിലേക്ക് കൊണ്ടുപോയത്. കക്കാടത്ത് നിന്ന് ഖത്വറിലെ രാജകുടുംബത്തിന് വേണ്ടി പടുകൂറ്റൻ ഉല്ലാസ ഉരു ഈ അടുത്താണ് നീറ്റിലിറക്കിയത്. ഏറെ വർഷത്തിനു ശേഷം ആദ്യമായാണ് 200 അടി നീളവും 42 അടി വീതിയുമുള്ള കൂറ്റൻ ഉല്ലാസ ഉരു ബേപ്പൂരിൽ നിർമിച്ചത്. ഖത്വർ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ല അസീസ് അൽ താനിക്ക് വേണ്ടി മറ്റൊരു ഉല്ലാസ ഉരുവും കക്കാടത്ത് നിന്ന് നീറ്റിലിറക്കിയിരുന്നു. എൺപതുകളിൽ ബേപ്പൂരിൽ നിന്ന് ഹുസൈൻ മറഫി ഓർഡർ ചെയ്ത ഉരു ഇന്ന് കുവൈത്തിലെ അത്യാധുനിക റസ്റ്റോറന്റാണ്.
ഉരു നിർമാണത്തിന്റെ തച്ചുശാസ്ത്ര വൈദഗ്ധ്യം എന്നും അത്ഭുതമുളവാക്കുന്നതാണ്. ഒരു കടലാസും, രേഖാചിത്രവുമില്ല. എല്ലാം മനക്കണക്കു മാത്രം. ഏകദേശം 70,010,00 ടൺ ഭാരം ഉണ്ടാകും ശരാശരി ഉരുവിന്. നാല് മുതൽ 10 കോടി വരെ രൂപ ചെലവാക്കിയാണ് നിർമാണം. ഉരുനിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും കഠിനമായ കായികാധ്വാനം അനിവാര്യമാണ്. നാടൻ, മലേഷ്യൻ ഇനങ്ങളിൽപ്പെട്ട തേക്ക്, കൊയ്‌ല മരങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കരിമരിത്, നിലമ്പൂർ വാക തുടങ്ങിയ മരങ്ങളാണ് പ്രധാന ഫ്രെയിമുകൾക്ക് ഉപയോഗിക്കുക. പുറം ഭാഗത്ത് തേക്ക്, അകത്ത് വാക, മെഴുക്, പ്ലാവ് എന്നിങ്ങനെയാണ് നിർമാണ രീതി. പലപ്പോഴും ഇവക്കെല്ലാം തേക്കിനേക്കാളും വിലയാകുന്നു. മരങ്ങൾ കൂട്ടിയോജിപ്പിക്കാനായി കാൽവനൈസ്ഡ്, സ്റ്റീൽ നിർമിത ആണികൾ വേണം. ചുണ്ണാമ്പും മൃഗക്കൊഴുപ്പും ചൂടാക്കിയാണ് വാട്ടർ ലെവൽ വരെ കീൽ ചെയ്യുന്നത്. രണ്ട് നെടുനീളൻ തടികൾ യോജിപ്പിച്ചുണ്ടാക്കിയ അടിമരത്തിൽ നിന്നാണ് നിർമാണം തുടങ്ങുക. അടിമരത്തിന് കുറുകെ കൃത്യ അനുപാതത്തിൽ വളഞ്ഞ കഷണങ്ങൾ സ്ഥാപിച്ച് ഉരുവിന്റെ ചട്ടക്കൂട് തയ്യാറാക്കും .
വീതിയുടെ പകുതിയെടുത്താൽ പൊക്കമായി. അളവുകളുടെ ലളിത ഒരനുപാതം ഇതാണെങ്കിലും സങ്കീർണമായ വളരെയധികം മനക്കണക്കുകൾ ചെയ്താലേ പൂർണ രൂപരേഖ തയ്യാറാകൂ. അടിമരത്തിനു നടുക്ക് കുറുകെ വെക്കുന്ന ചട്ടപ്പലകയുടെ അളവിൽ പ്ലൈവുഡിൽ ഒരു മട്ടമുണ്ടാക്കുന്നു. അതിന്റെ അനുപാതത്തിൽ കൃത്യ ആകൃതിയിലുള്ള പലകകൾ നിരത്തി ചട്ടക്കൂട് തയ്യാറാക്കുന്നു. പുറമെ പലക നിരത്തി അവക്കിടയിൽ പഞ്ഞി തിരുകി വെള്ളം കയറാത്ത പുറംചട്ട തയ്യാറാക്കുന്നു. ഉരുവിന്റെ ഉൾഭാഗത്ത് എൻജിനും മറ്റും സ്ഥാപിക്കുന്നതും മനക്കണക്കുകളെ അടിസ്ഥാനമാക്കിയാണ്. ഉരുവിന്റെ പ്രധാന വാണിജ്യഘടകം സൗന്ദര്യമാണ്. അതിനുള്ള കൊത്തുപണികൾ ചെയ്യുന്നത് അതിവിദഗ്ധരായ തദ്ദേശവാസികളായ തച്ചൻമാരാണ്.

പട്ടർമാട് നിന്ന് ദോഹ കോർണിഷിലേക്ക്
ഉരുനിർമാണ കയറ്റുമതിയിൽ പേരുകേട്ട പി ഐ അഹമ്മദ്‌കോയ ഹാജി എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണറും മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റുമായ കെ വി കുഞ്ഞഹമ്മദ് അറബികളുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് ബേപ്പൂരിൽ ഒന്നര പതിറ്റാണ്ടിന് ശേഷം ഉരുനിർമാണം തിരിച്ചെത്തിയതും ഖത്വറിലെ രാജകുടുംബങ്ങൾക്ക് വീണ്ടും ഉല്ലാസ ഉരുക്കൾ ഉണ്ടാക്കിക്കൊടുക്കാൻ തുടങ്ങിയതും. ചാലിയം പട്ടർമാട് ദ്വീപിലെ പണിശാലകളിൽ നിന്ന് ഖത്വറിലെ രാജകുടുംബങ്ങൾക്കും മൊറോക്കോയിലേക്കും കമനീയമായ ഉരുക്കൾ നിർമിച്ചു നൽകിയിട്ടുണ്ട്. വി കെ നാരായണൻ, എടത്തൊടി സത്യൻ, നല്ലൂർ രാജു, രാമദാസ്, ശ്രീധരൻ എന്നിവരുടെ മാർഗനിർദേശത്തിൽ ഉരുക്കൾ പണിയാൻ തച്ചന്മാർ കക്കാടത്ത് നദീമുഖത്തും പട്ടർമാട്ടിലുമുള്ള പണിശാലകളിൽ എത്തിത്തുടങ്ങിയതോടെ ആരവങ്ങൾ വീണ്ടും മുഴങ്ങി. ബേപ്പൂർ ഉരുക്കളുടെ രാജശില്പികളായിരുന്നു പരേതരായ താമുട്ടി, ഇമ്പിച്ചുട്ടി, ആണ്ടിക്കുട്ടി തുടങ്ങിയവർ. ഉരു കയറ്റുമതി കമ്പനികളായ പി ഐ അഹമ്മദ്‌കോയ ഹാജി, ബിച്ചു ആൻഡ് കമ്പനി, ബിനാഫ എന്റർപ്രൈസസ് എന്നിവയുടെ ശ്രമഫലമായി അറബികൾ ഉരുക്കൾക്ക് ഓർഡറുകൾ നൽകാൻ തുടങ്ങി. ബിനാഫ എന്റർപ്രൈസസിന്റെ മജീദും ഗഫൂറും ബിച്ചു ആൻഡ് കമ്പനിയുടെ യഹിയയും ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തിന്റെ പ്രതീകമായ “സംബൂക്ക്” ഉരുക്കൾ ഖത്വറിലേക്കും ദുബൈയിലേക്കും കയറ്റിയയച്ചു. ഒരു കാലത്ത് 60 ഉരുക്കൾ വരെ ബേപ്പൂരിൽ നിർമിച്ചിരുന്നു. ബേപ്പൂരിന്റെ നിർമാണ വൈദഗ്ധ്യം നാലാം തലമുറയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്.

“ഖലാസി” എന്‍ജിനീയറിംഗ്‌

ബേപ്പൂരിലെ ഉരുനിർമാണത്തോളം തന്നെ പഴക്കമുണ്ട് ഖലാസികളുടെ മെയ്ക്കരുത്തിന്റെ ചരിത്രത്തിനും. ഉരു നിർമാണത്തിന് ആവശ്യമായ പടുകൂറ്റൻ മരങ്ങൾ നിർമാണ ശാലയിൽ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. മരങ്ങൾ അറക്കവാളിന്റെ സഹായത്താൽ ഈർന്ന് കഷണങ്ങളാക്കാൻ നിർമിച്ച പ്ലാറ്റ്‌ഫോമുകളിൽ തടി കഷ്ണങ്ങൾ എത്തിക്കുന്നു. ഉരുവിന്റെ വിവിധ ഭാഗങ്ങളിൽ പടുകൂറ്റൻ മരക്കഷണങ്ങൾ ഉറപ്പിക്കുന്നതിന് സഹായിക്കുന്നതും ഇവർ തന്നെ. നിർമാണം പൂർത്തിയായ ഉരുവിൽ വെള്ളം കയറാതിരിക്കാൻ ജോയിന്റുകളിൽ പഞ്ഞി വേപ്പെണ്ണയിൽ മുക്കി അടിച്ചു കയറ്റുന്ന “കൽപ്പാത്ത് പണി”യും ഖലാസികൾ ആണ് ചെയ്തുവരുന്നത്. പരമ്പരാഗത അറിവുകളും കഴിവും കയറും തടിയും അളവറ്റ ആർജവവും ഒത്തൊരുമയും ദൈവവിശ്വാസവുമാണ് ഖലാസികളുടെ രഹസ്യ ഫോർമുല. ഉരുവിനെ ഏതാണ്ട് ഒരു ഉരലിന്റെ ആകൃതിയിൽ നിർമിച്ച “ദവ്വർ” എന്ന തടിയിൽ ചുറ്റിയ കയറിന്റെ ഒരറ്റത്ത് പ്രത്യേകരീതിയിൽ ക്രമീകരിച്ച കപ്പികൾ കൊണ്ടു ബന്ധിക്കുന്നു. “ലാ ഇലാഹ ഇല്ലല്ലാഹു”വിന്റെ ഈണത്തിൽ ഒരുമിച്ച് ദവ്വർ തിരിക്കുമ്പോൾ ഉരു ചലിച്ചു തുടങ്ങുന്നു. ദൈവനാമം ഉരുവിട്ട് അധ്വാനിക്കുന്ന ഖലാസികളെല്ലാം തന്നെ വൃദ്ധൻമാരാണ്. വൻഭാരമുള്ള ഉരുക്കൾ കരയിൽ നിന്ന് നീറ്റിലിറക്കുക എന്നത് ആധുനിക എൻജിനീയറിംഗിനെ വെല്ലുന്ന യത്‌നമാണ്. മൂന്നര വർഷമെടുത്ത് ബേപ്പൂരിന്റെ നദീമുഖത്ത് പണിത കമനീയ യാനമായ “സംബൂക്ക്” ഖലാസി അബ്ദുർറഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് നീറ്റിലിറക്കിയത്. ബേപ്പൂർ കൈതയിൽ കോയ മൂപ്പന്റെ നേതൃത്വത്തിലുള്ള ഖലാസി സംഘവും ഉരുനീറ്റിലിറക്കുന്ന യത്‌നത്തിൽ പങ്കാളികളായിട്ടുണ്ട്. ഇവരുടെ ചരിത്രവും നാൾക്കുനാൾ അസ്തമിക്കുകയാണ്.

അസ്തമിക്കുന്നുവോ ഉരു പ്രതാപം?
ഗൾഫിലെ രാജകുടുംബങ്ങൾക്ക് വേണ്ടി ഉരുക്കൾ നിർമിക്കുന്നുണ്ടെങ്കിലും ബേപ്പൂർ ഉരു നിർമാണം തകർച്ചയിലേക്കാണ് നീങ്ങുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് ഗൾഫ് അടക്കമുള്ള മേഖലകളിലേക്ക് വ്യാപാരസഞ്ചാര ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഉരു ഇന്ന് വിനോദസഞ്ചാര, സ്വകാര്യ ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. യോജിച്ച മരം അടക്കമുള്ള സാമഗ്രികൾ കിട്ടാനില്ലാത്തതും വലിയ വില നൽകേണ്ടി വരുന്നതും മറ്റ് പ്രതിസന്ധികളാണ്. ഉരു നിർമാണം ബേപ്പൂരിലെ ചില പ്രദേശങ്ങളിലും അഴീക്കലും മാത്രമായി ഒതുങ്ങി. ഈ മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണവും കുറഞ്ഞു വരുന്നു. പുതിയ ഓർഡറുകൾ ലഭിക്കുന്നത് കുറവാണ്. അതിനാൽ ഫർണിച്ചർ നിർമാണം അടക്കമുള്ള മറ്റ് തൊഴിലിലേക്ക് തിരിഞ്ഞിരിക്കുകയാണ് തച്ചന്മാർ. തൊഴിൽ മേഖലയിലെ അസ്ഥിരത വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നത് കൊണ്ട് അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ഈ മേഖലയിലേക്ക് പുതുതായി കടന്നുവരുന്നത്. ചെറിയ കപ്പൽ, വലിയ ബോട്ട് നിർമാണത്തിനായി വർഷം ചെലവഴിക്കേണ്ട സമയത്ത് അതേ വലുപ്പമുള്ള ഉരു നിർമിക്കാൻ മൂന്ന് വർഷത്തോളം സമയവും മൂന്ന് മടങ്ങ് മുടക്കുമുതലും ആവശ്യമാണ്.
ഉരു നിർമാണ പഠനകേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ബേപ്പൂരിന്റെ ഉരു നിർമാണപ്പെരുമ നിലനിർത്തുന്നതിന്റെ ഭാഗമായി ഉരു നിർമാണത്തിൽ പരിശീലനം നൽകുന്നതിനായി 2010 ലെ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. തുടർന്ന് പ്രവർത്തനമാരംഭിച്ച കേന്ദ്രം ഇപ്പോൾ പേരിലൊതുങ്ങിയിരിക്കുകയാണ്. പഠനത്തിന്റെ ഭാഗമായി നിർമാണം ആരംഭിച്ച ഉരു, സംരക്ഷണമില്ലാതെ മഴയും വെയിലും കൊണ്ട് നശിക്കുന്നു. പൗരാണിക കപ്പൽ നിർമാണത്തെ സംബന്ധിച്ച് അറിവ് നൽകുന്നതിനും മറ്റുമായി ആരംഭിച്ച ഡിപ്ലോമ കോഴ്‌സിൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനായി നിർമിക്കുന്ന ഉരുവിന്റെ നിർമാണം നിലച്ചിരിക്കുകയാണ്. പ്രായോഗിക പരിശീലനത്തിനായാണ് 45 നീളവും 15 അടി വീതിയും 2.5 മീറ്റർ ഉയരവുമുള്ള ഉരു നിർമാണം തുടങ്ങിയത്. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പാണ് കോഴ്‌സിന്റെ ചുമതലക്കാരൻ. അതേസമയം, ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ ബേപ്പൂർ സമഗ്ര ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് പത്ത് കോടി അനുവദിച്ചത് പ്രതീക്ഷ പകരുന്നതാണ്. ഇനി എത്രനാൾ എന്നറിയില്ലെങ്കിലും കോഴിക്കോടിന്റെ ചരിത്രത്താളുകളിൽ ബേപ്പൂരും ഉരു നിർമാണവും ഖലാസിപ്പെരുമയുമെല്ലാം തല ഉയർത്തി നിൽക്കുമെന്ന് ഉറപ്പ്.